തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു രണ്ടു ദിവസങ്ങളിലായി നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം നവംബര്‍ ഏഴിനു നടക്കും. ഇന്നു മുതല്‍ മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.
നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍കോട് ജില്ലകളിലാണ് ആദ്യം നടക്കുക. നവംബര്‍ 5ന് കോട്ടയം പത്തനംതിട്ട, ആലുപ്പുഴ, എറാണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ രണ്ടാം ഘട്ടമായും നടക്കും.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടു ചെയ്യാനുള്ള സമയം. ഇന്നുമുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ത്രിതല പഞ്ചായത്തുകളിലെ സംവരണപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്കാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലാ പഞ്ചായത്തുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67 എണ്ണവും സ്ത്രീകള്‍ക്കു സംവരണം ചെയ്തു. 941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ദിവസങ്ങളിലായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. തിരഞ്ഞെടുപ്പു തീയതി ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ശബരിമല തീര്‍ഥാടനകാലത്തിനു മുന്‍പു തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അന്ന് കെ.ശശിധരന്‍ നായര്‍ അറിയിച്ചത്.
ആദ്യ ഘട്ടത്തില്‍ നാല് വടക്കന്‍ ജില്ലകളിലും മൂന്ന് തെക്കന്‍ ജില്ലകളിലും വോട്ടെടുപ്പു നടക്കും. അതിനുശേഷം രണ്ടു ദിവസത്തെ ഇടവേള ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ മധ്യകേരളത്തിലെ ഏഴു ജില്ലകളിലും വോട്ടെടുപ്പു നടക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.