കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍; ജനാധിപത്യത്തെ പരിപോഷിപ്പിക്കുമെന്ന് വിലയിരുത്തല്‍

കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തുകയാണ്. ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പലതും പ്രകടന പത്രികയില്‍ വാഗ്ദാനങ്ങളായി ഉള്‍്പപെടുത്താന്‍ കോണ്‍്ഗ്രസിന് കഴിഞ്ഞു. ജനാധിപത്യരാജ്യത്തിന് ചേരാത്ത രാജ്യദ്രോഹക്കുറ്റം അടക്കം പല കുപ്രസിദ്ധ നിയമങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്.

തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുടെ ഭാഗമായി ആര്‍ക്കും സംഭാവനകള്‍ നല്‍കാവുന്ന ദേശീയ തിരഞ്ഞെടുപ്പ് ഫണ്ട് രൂപീകരിക്കുമെന്ന വാഗ്ദാനം ശ്രദ്ധേയമാണ്. ഐ.പി.സിയിലെ രാജദ്രോഹക്കുറ്റം എടുത്തുകളയും. കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം ഭേദഗതി ചെയ്യും. സൈനീക സാന്നിധ്യം കുറയ്ക്കുമെന്നും വാഗ്ദാനം.

അഞ്ചുകോടി ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയും കര്‍ഷകര്‍ക്കായി കിസാന്‍ ബഡ്ജറ്റും വനിതാ സൗഹൃദ പദ്ധതികളും അടക്കം നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

ഒരു കൊല്ലത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിലെയും കേന്ദ്ര സ്ഥാപനങ്ങളിലെയും നാല് ലക്ഷം ഒഴിവുകള്‍ നികത്തും, തൊഴിലുറപ്പ് പദ്ധതിയില്‍ 150 തൊഴില്‍ ദിനങ്ങള്‍, നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍, പാര്‍ലമെന്റിലും നിയമസഭകളിലും 33% വനിതാ സംവരണം തുടങ്ങിയ വാഗ്ദാനങ്ങളും ഉണ്ട്.

സ്ത്രീകള്‍ക്ക് 33 ശതമാനം തൊഴില്‍ സംവരണം നല്‍കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരും. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ രാജ്യത്ത് 75 ശതമാനത്തിനല്പം മുകളില്‍ വരും. ഇവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഈക്വല്‍ ഓപ്പര്‍ച്യുനിറ്റി (തുല്യ അവസര) കമ്മിഷന്‍ തുടങ്ങും എന്നിവയും വാഗാദാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇവ ജനാധിപത്യത്തെ പരിപോഷിപ്പിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Top