രാഹുലെത്തി: ആവേശത്തില്‍ അണികള്‍, ഗംഭീര വരവേല്‍പ്പ്

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും ആവേശമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.
ഉച്ചയ്ക്ക് 1.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കോണ്‍ഗ്രസ് പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരും മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നല്‍കിയ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും.

തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ പോകുന്ന അദ്ദേഹം വൈകിട്ട് മൂന്നിന് മറൈന്‍ ഡ്രൈവില്‍ ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കും. 24970 വനിതാ ഭാരവാഹികള്‍ ഉള്‍പ്പെടെ അന്‍പതിനായിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതാദ്യമായാണ് ഇത്രയുമധികം ബൂത്തുകളില്‍ വൈസ് പ്രസിഡന്റ് പദവികളിലേക്ക് വനിതകളെ പാര്‍ട്ടി നിയോഗിക്കുന്നത്. ബൂത്തുതല ഭാരവാഹിത്വത്തില്‍ വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കിയ കെപിസിസി നടപടിയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച രാഹുല്‍ അവരെ അഭിസംബോധന ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. വൈകിട്ട് അദ്ദേഹം യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top