ദില്ലി:ഇടുക്കി പിടിക്കാൻ ഉമ്മൻ ചാണ്ടി വരുന്നു !! വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കുമോ എന്നാണ് ഇപ്പോൾ കോൺഗ്രസിന് അകത്തും പുറത്തും ചൂടുള്ള ചർച്ച. എന്നാൽ ഉമ്മൻ ചാണ്ടിക്ക് മത്സരിക്കാതെ മാറി നിൽക്കാൻ ആവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നത്. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനയും അതുതന്നെ ആണ്.
നിലവിൽ, കോണ്ഗ്രസിനും രാഹുൽ ഗാന്ധിക്കും അനുകൂലമായ തരംഗമാണ് രാജ്യത്ത് അലയടിക്കുന്നത്. ഈ സ്ഥിതിയിൽ കേരളത്തിൽ 16 മുതൽ 18 വരെ സീറ്റുകൾ കോൺഗ്രസ് അനായാസം നേടും എന്ന് വിവിധ സർവേകളും പ്രവചിക്കുന്നു. അത്തരം ഒരു സാഹചര്യത്തിൽ ഉമ്മൻചാണ്ടി കേരളത്തിൽ മത്സരത്തിന് ഇല്ലെന്ന് തീരുമാനിച്ചാൽ അദ്ദേഹത്തിന് സംഘടനാ ചുമതലയുള്ള “ആന്ധ്ര” യിലേക്ക് മടങ്ങേണ്ടതായി വരും. മാത്രവുമല്ല, കേരളത്തിലെ മിന്നുന്ന വിജയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിജയമായി പൊതുവിൽ വിലയിരുത്തപ്പെടുകയും ചെയ്യും.
നിലനിൽപ്പിനായി ഉമ്മൻ ചാണ്ടിക്ക് മത്സരിച്ചേ മതിയാവൂ…
ചുരുക്കത്തിൽ, ഉമ്മൻ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നൽകി നാട് കടത്തിയതോടു കൂടി സംഘടനാപരമായി ദുർബലമായ എ – ഗ്രൂപ്പ് കൂടുതൽ പ്രതിസന്ധിയിൽ ആവുകയും ചെയ്യും.
രാഹുൽ ടീമിൽ രണ്ടാമൻ ആയിമാറിയ കെ.സി വേണുഗോപാൽ തത്ത്വത്തിൽ ഐ- ഗ്രൂപ്പാണ്. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ, കെ.സി വേണുഗോപാലിൻറെയുടെയും രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തിൽ ഐ- ഗ്രൂപ്പ് പാർട്ടി പിടിക്കാനും മതി. അതായത്, ഉമ്മൻ ചാണ്ടി പിന്മാറിയാൽ അത് എ- ഗ്രൂപ്പിനെ സംബന്ധിച്ച് നിർണ്ണായക ഘട്ടത്തിൽ ആത്മഹത്യാപരമായ തീരുമാനം ആവും.
ഇനി ഉമ്മൻചാണ്ടി മത്സരിക്കാൻ തീരുമാനിച്ചാൽ ഒന്നാമത്തെ പരിഗണന “ഇടുക്കി” സീറ്റിനാവും. സ്വന്തം തട്ടകമായ കോട്ടയത്തിനൊപ്പം സംസ്ഥാന – ദേശീയ രാഷ്ട്രീയത്തിൽ അധികം പ്രാധിനിത്യം ഇല്ലാത്ത ഇടുക്കി ജില്ലയും കൂടെ നിർത്താനാവും എന്ന് ഉമ്മൻ ചാണ്ടി പക്ഷം കണക്ക് കൂട്ടുന്നു. എന്തായാലും രാഷ്ട്രീയ വിജയത്തിനൊപ്പം ഗ്രൂപ്പ് യുദ്ധം കൂടി ജയിക്കാനുള്ള അണിയറ നീക്കങ്ങളിലാണ് വിവിധ കോൺഗ്രസ് ക്യാമ്പുകൾ.