കൊല്ലം: ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളുമായി രംഗത്തിറങ്ങുമ്പോള്‍ ഒരു മണ്ഡലത്തില്‍ സിനിമാ താരങ്ങല്‍ മാത്രമേറ്റുമുട്ടുന്ന അപൂര്‍വ്വതക്കും കേരളം സാക്ഷ്യം വഹിക്കും.കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണിയില്‍ നിന്ന് മത്സരിക്കുന്ന പത്താനാപുരത്താണ് ഇത്തവണം താരപോര് നടക്കുക. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഗണേഷ്‌കുമാര്‍ എംഎല്‍എയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ ജഗദീഷും ബിജെപി സ്ഥാനാര്‍ത്ഥിയായി ഭിമന്‍ രഘുവുമാണ് അങ്കത്തിനിറങ്ങുന്നത്.
ബിജെപി ആവശ്യപ്പെട്ടാല്‍ പത്തനാപുരത്ത് ജഗദീഷിനും ഗണേശിനും എതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് നടന്‍ ഭീമന്‍ രഘു പ്രഖ്യാപിച്ചുകഴിഞ്ഞു. സ്ഥാനാര്‍ത്ഥി ആയാല്‍ പത്തനാപുരം മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടു വരുമെന്നും ഭീമന്‍ രഘു പറഞ്ഞു. താന്‍ കൂടി പത്തനാപുരത്ത് സ്ഥാനാര്‍ത്ഥി ആയാല്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പത്തനാപുരം മാറുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ജഗദീഷ്, ഗണേശ് എന്നിവരോട് തനിക്ക് അടുത്ത സൗഹൃദമുണ്ട്. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.
നേരത്തെ കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയാക്കി പത്തനാപുരം കൊഴുപ്പിക്കാന്‍ ബിജെപി നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് ഭീമന്‍ രഘുവെത്തിയത്. നേമത്ത് രാജഗോപാലിന്റെ പ്രചരണ യോഗത്തിനെത്തി താന്‍ ബിജെപിക്കാരനാണെന്ന് രഘും പ്രഖ്യാപിച്ചു. ബിജെപി ആവശ്യപ്പെട്ടാല്‍ അനുസരിക്കും ജനങ്ങള്‍ക്ക് തന്നെക്കൊണ്ട് ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യുമെന്നും ഭീമന്‍ രഘു പറഞ്ഞു. സമീപകാലത്താണ് ഭീമന്‍ രഘു ബിജെപി വേദിയില്‍ എത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ തീര്‍ച്ചയായും വിജയിക്കുമെന്നും ബിജെപിക്ക് 80 സീറ്റ് ലഭിക്കുമെന്നും അടുത്തിടെ ബിജെപി വേദിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം. അതിനിടെ ഗണേശ് കുമാറാണ് ഈ നീക്കത്തിന് പിന്നിലെന്നും സൂചനയുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍ ഗണേശിന് നല്ല പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ രഘുവിലൂടെ ബിജെപി കുറച്ച് ഭൂരിപക്ഷ വോട്ടുകള്‍ നേടിയാല്‍ അത് ജഗദീഷിന് ദോഷം ചെയ്യുമെന്നും തനിക്ക് അനായാസം ജയിക്കാമെന്നുമാണ് ഗണേശിന്റെ വിലയിരുത്തല്‍. മുസ്ലിം സമുദായ സംഘടനകളുടെ പിന്തുണയുള്ളതിനാല്‍ ഈ നീക്കത്തിലൂടെ പത്തനാപുരത്ത് വിജയം തുടരാമെന്ന് തന്നെയാണ് ഗണേശിന്റെ നിലപാട്.
എന്നാല്‍ ഈ വാദങ്ങള്‍ ബിജെപി തള്ളുകയാണ്. പത്തനാപുരം പോലുള്ള മണ്ഡലത്തില്‍ നിന്ന് പരമാവധി വോട്ടുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. അതുമൂലം ആരുടേയും തോല്‍വിയും വിജയവുമൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. പത്തനാപുരത്ത് നല്ല സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ബിജെപി ജയിക്കുകയും ചെയ്യും. ശക്തമായ ത്രികോണത്തിന്റെ ഗുണം ബിജെപിക്കുണ്ടാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഏതായാലും സീറ്റ് ഉറപ്പിച്ചത് പോലെയാണ് ഭീമന്‍ രഘുവിന്റെ പ്രതികരണം.
പത്തനാപുരത്ത് ജയിക്കുകയാണെങ്കില്‍ അഴിമതിയില്ലാത്ത ഒരു ഭരണം തന്നെയാണ് ഞാന്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അത്രയേറെ അഴിമതിയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. അതില്‍ നിന്നൊക്കെ ഒരു മോചനത്തിനായി ബിജെപി അധികാരത്തില്‍ വരണം. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ വിജയിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷയെന്നും ഭീമന്‍ രഘു പറയുന്നു.


