കോട്ടയം: സീറ്റ് നിഷേധിച്ച സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്ത. ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണനുമാണ് ഇടതുമുന്നണിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന് പിസി ജോര്‍ജ് പറഞ്ഞു.
സീറ്റു നല്‍കാതെ ഇടതുപക്ഷം തന്നോട് കാണിച്ചത് നെറികേടും ചതിയുമാണെന്ന് പി.സി ജോര്‍ജ്. ഫാരിസ് അബുബക്കര്‍മാരും ചാക്ക് രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്ന പേയ്‌മെന്റ് ഡിസിഷന്‍ എന്ന സ്ഥിതിയുണ്ടായെന്നും പി.സി പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിച്ചെങ്കിലും തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായുണ്ടാക്കിയ സഹകരണത്തില്‍ നിന്നും താന്‍ പിന്നോട്ട്‌പോകില്ലെന്നും അത് അത്‌പോലെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം തനിക്ക് സീറ്റ് നല്‍കുമെന്ന് തന്നെയാണ് കരുതിയതെന്നും കഴിഞ്ഞ മാസം ഏകെജി സെന്ററില്‍ ഇ.പി. ജയരാജനും താനും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും തുടര്‍ന്ന് പിണറായി വിജയനുമായും ചര്‍ച്ച നടത്തിയപ്പോള്‍ 2 സീറ്റുകളാണ് താന്‍ ചോദിച്ചത്. പൂഞ്ഞാര്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ അത് ജോര്‍ജിനുള്ളതാണല്ലോ എന്നാണ് പിണറായി പറഞ്ഞത്. രണ്ടാമത്തെ സീറ്റായി പാലാ, തൊടുപുഴ, കാഞ്ഞിരപ്പള്ളി എന്നിവയില്‍ ഏതെങ്കിലും ഒന്നൊ അല്ലെങ്കില്‍ ആറന്മുളയോ ചെങ്ങന്നൂരോ ആണ് ആവശ്യപ്പെട്ടതെന്നും പി.സി ജോര്‍ജ് പറയുന്നു.
ഹൃദയം നുറുങ്ങിയവര്‍ക്ക് ദൈവം സമീപസ്ഥന്‍. മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കും ബൈബിളിലെ വാക്കുകളെ ഉദ്ധരിച്ച് ജോര്‍ജ് തന്റെ അവസ്ഥയെ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ്. എന്തായാലും പൂഞ്ഞാറിലെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്നും താന്‍ സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രീയ യജമാനന്മാര്‍ക്കും കീഴടങ്ങില്ലെന്നും തന്റെ യജമാനന്മാര്‍ പൂഞ്ഞാറിലെ ജനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുമുന്നണി കാശുവാങ്ങിയാണ് പൂഞ്ഞാറില്‍ സീറ്റു തീരുമാനിച്ചത്. പൂഞ്ഞാറിലെ സീറ്റില്‍ ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണന്മാരും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന ഗതികേടാണ് ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് ഉണ്ടായത്. തന്നോട് ചതിയും നെറിവുകേടും കാണിച്ചു.
കോട്ടയം ജില്ലയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 200 വോട്ടുള്ള ഒരു നിയോജക മണ്ഡലം പോലുമില്ല. പി.സി. ജോര്‍ജിനുള്ള വോട്ട് എത്രയെന്നു ഈ തെരഞ്ഞെടുപ്പില്‍ കാണിച്ചു കൊടുക്കും. അഴിമതിക്കെതിരെ ഇനിയും ശബ്ദിക്കും. രാഷ്ട്രീയ യജമാന്മാര്‍ പറയുന്നതനുസരിച്ച് നില്‍ക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പ്രസംഗിച്ചു. അന്നും പിണറായി കേരളത്തില്‍ ഉണ്ടായിരുന്നു. പി.ജയരാജന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് കണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രസംഗിക്കാന്‍ പോയത്. അഞ്ചു യോഗത്തില്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജയരാജന്‍ ഫോണില്‍ വിളിച്ച് നന്ദിയുണ്ടെന്നു പറഞ്ഞു. നന്ദിയുള്ളവരും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. ഗൗരിയമ്മയെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി കഞ്ഞിയില്ലെന്നു പറയുന്നതുപോലെയായെന്നും ജോര്‍ജ് പറഞ്ഞു.
ഏപ്രില്‍ 22ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചെങ്കിലും പൂഞ്ഞാറില്‍ ഇടതു പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി തന്നെ കാണുന്നതിനാലാണ് മത്സരിക്കുന്നത്. സിപിഐ(എം), സിപിഐ ലോക്കല്‍ ബ്രാഞ്ച് ഏരിയ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും തനിക്കൊപ്പമാണെന്ന് കഴിഞ്ഞ ദിവസം അവര്‍ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. സിപിഐ(എം) ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ ഉറപ്പു നല്കിയതുകൊണ്ടാണ് പ്രചാരണ രംഗത്തിറങ്ങിയത് .ആ നിലയ്ക്ക് ഇനി മാറാന്‍ പറ്റില്ല. മത്സരിച്ചേ പറ്റൂ. 365 ദിവസവും പൂഞ്ഞാറിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നതിനാല്‍ പ്രത്യേക പ്രചാരണത്തിന്റെ ആവശ്യമില്ല. തന്നെ അവര്‍ കൈവെടിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.
ജനാധിപത്യ കേരള കോണ്‍ഗ്രസിന് പൂഞ്ഞാറില്‍ ഒരു പഞ്ചായത്തംഗം പോലുമില്ല. തങ്ങള്‍ക്ക് നിരവധി പഞ്ചായത്തംഗങ്ങളുണ്ട് . തന്റെ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ചാണ് ഇടതുമുന്നണിക്ക് ജില്ലാ പഞ്ചായത്തംഗം അടക്കം ഉണ്ടായത്. ജനാധിപത്യ കേരളകോണ്‍ഗ്രസ് നേതാക്കളാരും ഇതുവരെ ഉമ്മന്‍ ചാണ്ടിക്കോ പി.ജെ.ജോസഫിനോ എതിരെ ഒരക്ഷരം പോലും മിണ്ടാത്തവരാണ് . ഉമ്മന്‍ ചാണ്ടിയുടെ അഴിമതി സര്‍ക്കാരിനെ സംരക്ഷിക്കാന്‍ അഞ്ചു വര്‍ഷവും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ് .തനിക്കെതിരെ മത്സരിക്കുന്ന ജനാധിപത്യ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരോ സ്‌പോന്‍സര്‍ ചെയ്ത സ്ഥാനാര്‍ത്ഥിയാണ്. അതാരാണെന്ന് അറിയില്ല.അതേക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്.
ഇടതു മുന്നണി ചതിക്കില്ലെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു.ചതിച്ചില്ലെന്നാണ് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇപ്പോള്‍ പറയുന്നത്. ഇതിന് മറുപടി പറയുന്നില്ല. എന്നാല്‍ എന്നും വിറകുവെട്ടിയും വെള്ളം കോരിയുമാകാന്‍ തന്നെ കിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.


