‘സാറെ ഇന്ന് സ്‌കൂളുണ്ടാകുമോ?; സ്‌കൂളുണ്ടല്ലോ സ്‌കൂളെവിടെപ്പോകാനാ’; കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച രക്ഷകര്‍ത്താവിനെ പരിഹസിച്ച് ഉദ്യോഗസ്ഥന്‍; വകുപ്പുതല അന്വേഷണം തുടങ്ങി

വയനാട്: സ്‌കൂളിന് അവധിയുണ്ടോ എന്ന് അറിയാന്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച രക്ഷിതാവിനെ പരിഹസിച്ച് ഉദ്യോഗസ്ഥന്‍. ‘സര്‍, ഇന്ന് സ്‌കൂളുണ്ടോ?’ എന്നായിരുന്നു മാനന്തവാടി വാളാട് സ്വദേശി കട്ടിയാടന്‍ മുഹമ്മദാലി കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ചോദിച്ചത്. ഉടനെ ഉദ്യോഗസ്ഥന്റെ പരിഹാസം നിറഞ്ഞ മറുപടിയെത്തി, ‘സ്‌കൂളുണ്ടല്ലോ സ്‌കൂളെവിടെപ്പോകാനാ?’ എന്ന്. രക്ഷകര്‍ത്താവിനെ പരിഹസിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പു തല അന്വേഷണം തുടങ്ങി.

മഴ കനത്തതോടെ പല ജില്ലകളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കൂള്‍ അവധിയാണോ എന്നറിയാത്ത ആശങ്കയിലാകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മൂന്ന് വിദ്യാര്‍ഥികളുടെ പിതാവ് കൂടിയായ മുഹമ്മദലി ഇന്നലെ രാവിലെ ആറരയ്ക്ക് വയനാട് കലക്ടറേറ്റിലേക്കു വിളിച്ചത്. സാറേ ഇന്നു സ്‌കൂള്‍ ഉണ്ടോ എന്നറിയാനാ വിളിച്ചത് എന്നു പറഞ്ഞപ്പോള്‍, സ്‌കൂള്‍ അവിടെത്തന്നെയുണ്ടല്ലോയെന്ന് ഉദ്യോഗസ്ഥന്‍ പരിഹസിച്ച് മറുപടി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രകൃതിദുരന്തങ്ങള്‍ മൂലം സ്‌കൂളിന് അവധിയുണ്ടെങ്കില്‍ 9207985027 എന്ന നമ്പറിലും വിവരം ലഭിക്കുമെന്നുള്ള വയനാട് കലക്ടറുടെ അറിയിപ്പ് ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടതിനെത്തുടര്‍ന്നാണ് മുഹമ്മദലി ഫോണ്‍ വിളിച്ചത്. സംഭാഷണത്തിനൊടുവില്‍ ഉദ്യോഗസ്ഥന്റെ പേര് ചോദിച്ചപ്പോള്‍ ഫോണ്‍ കട്ടാക്കുകയായിരുന്നു ചെയ്തത്. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത മുഹമ്മദലി ഇതു പിന്നീട് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു.

സംഭവത്തില്‍ ഫോണെടുത്ത ഉദ്യോഗസ്ഥനെ കണ്ടെത്തി ഉടന്‍ തന്നെ നടപടിയെടുക്കുമെന്ന് കലക്ടറുടെ ഓഫീസ് അറിയിച്ചു. റവന്യു, പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഡ്യൂട്ടിക്കെത്തുന്നത്.

സംഭാഷണം ഇങ്ങനെ :

മുഹമ്മദലി: സാറെ വാളാട്ന്നാ വിളിക്കുന്നെ, ഇന്ന് സ്‌കൂളുണ്ടാകുമോ എന്താ സ്ഥിതി അറിയാന്‍ വേണ്ടി വിളിച്ചതാ

ഉദ്യോഗസ്ഥന്‍: സ്‌കൂളുണ്ടല്ലോ സ്‌കൂളെവിടെപ്പോകാനാ!

മുഹമ്മദലി: അതല്ല, പഠനമുണ്ടാകുമോന്നുള്ളതാ

ഉ: ഏ?

മുഹമ്മദ്: ഇന്നു പഠിപ്പുണ്ടാകുമോ എന്നറിയാനാ..

ഉ: പഠിപ്പുണ്ടാകും പഠിപ്പുണ്ടാകും… എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കും.

മുഹമ്മദ്: അതെന്താ നിങ്ങള്‍ നിങ്ങളെ വിളിച്ചുചോദിക്കുമ്പോള്‍ സ്‌കൂള്‍ എവിടെപ്പോകാനാ എന്നുള്ള ചോദ്യം ചോദിക്കുന്നെ?

ഉ: അല്ല, സ്‌കൂളുണ്ടോ എന്നു പറയുമ്പോള്‍ പഠിത്തം ഉണ്ടോ എന്ന് ചോദിക്കണ്ടേ നിങ്ങള്‍ വിദ്യാഭ്യാസമുള്ളയാളല്ലേ, പഠിത്തമുണ്ടോ എന്നു ചോദിക്കലല്ലേ… സ്‌കൂള്‍ എവിടെപ്പോകാനാ…

മുഹമ്മദ്: ഞാനൊരു പഠിപ്പിക്കുന്ന ആളൊന്നുമല്ല, !ഞാനൊരു രക്ഷിതാവ് എന്ന നിലയ്ക്കാണു വിളിച്ചത്

ഉ: അല്ല അതുതന്നെയാണു ചോദിച്ചത്. സ്‌കൂള്‍ അവിടെയുണ്ട്. സ്‌കൂള്‍ ഉണ്ടല്ലോ. സ്‌കൂള്‍ എവിടെപ്പോകാനാ? സ്‌കൂള്‍.. പഠിത്തമില്ല, പഠിത്തമുണ്ട്. പഠിത്തമുണ്ടെങ്കില്‍ ടിവിയിലൊക്കെ അറിയിക്കും.

മുഹമ്മദ്: അല്ല , ഇങ്ങനെയുള്ള മറുപടി തരാനാണോ ഈ നമ്പര്‍ ഞങ്ങള്‍ക്കു വിട്ടുതന്നിട്ടുള്ളത്?

ഉ: അതല്ലേ പറഞ്ഞത്, പിന്നെ ഉണ്ടെങ്കില്‍ അറിയിക്കുമെന്നു പറഞ്ഞില്ലേ?

മുഹമ്മദ്: അല്ല, അതല്ലല്ലോ കലക്ടറേറ്റിലാണ് ഞാന്‍ വിളിച്ചത്. ഒരു ജില്ലയുടെ സിരാകേന്ദ്രത്തിലേക്കാണു ഞാന്‍ വിളിച്ചത്

ഉ: അതല്ലേ ഞാന്‍ പറഞ്ഞത്, സ്‌കൂളുണ്ടെന്നല്ലേ പറഞ്ഞത്, സ്‌കൂളില്ലാന്നല്ലല്ലോ പറഞ്ഞത്. സ്‌കൂളുണ്ട് എന്നല്ലേ പറഞ്ഞത്.

മുഹമ്മദ്: സ്‌കൂള്‍ അവിടെയുണ്ടല്ലേ, എവിടെപ്പോകാനാണ് എന്നാണു നിങ്ങള്‍ മറുപടി തന്നിട്ടുള്ളത്.

ഉ: അതാ പറഞ്ഞത് ഞാന്‍ പറഞ്ഞത് ടിവിയില്‍ അറിയിക്കും. എന്തെങ്കിലുമുണ്ടെങ്കില്‍ വാര്‍ത്തയില്‍ അറിയിക്കും

മുഹമ്മദ്: നിങ്ങളുടെ പേരൊന്ന്….

(ഫോണ്‍ കട്ട് ചെയ്യുന്നു)

Top