സോഷ്യല്‍ മീഡിയ കീഴടക്കിയ ഈ ചിത്രത്തിന് പിന്നില്‍….

ന്യൂസീലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഒരേ മനസോടെ ഒന്നിച്ച് നില്‍ക്കുകയാണ് ഓഷ്യാന്യയന്‍ രാജ്യം. ഇരകളുടെ കുടുംബത്തിന് ആശ്വസവുമായി ഹിജാബ് ധരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ മുതല്‍ ന്യുസീലാന്‍റിലെ സാധാരണ ജനങ്ങള്‍ വരെ ഒന്നിച്ച് നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് ഒരു ചിത്രം വൈറലാകുന്നത്. നിസ്‌കാര നിര കൊണ്ട് ന്യൂസിലന്‍ഡ് എംബ്ലം വരച്ച് കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ് ചിത്രം. ലോകമെങ്ങും വൈറലാകുകയാണ് ഈ ചിത്രം.  നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ അൗദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്‌ലാഗില്‍ (വെള്ളി പുല്‍ച്ചെടി) ചിത്രീകരിക്കുന്നതാണ് ചിത്രം. ന്യൂസീലാന്‍റ് ക്രിക്കറ്റ് താരം കെയിന്‍ വില്ല്യംസിന്‍റെ ഒരു ഫാന്‍ പേജില്‍ ഇത് വൈറലായതോടെ ചിത്രം ആഗോള വ്യാപകമായി എത്തിയത്. എന്നാല്‍ കെയിന്‍ വില്ല്യംസിന്‍റെ ഔദ്യോഗിക അക്കൌണ്ടാണ് ഇതെന്ന് കരുതിയാണ് പലരും ചിത്രം പങ്കുവച്ചത്. എന്നാല്‍ തനിക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടില്ലെന്ന് കെയിന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം ആക്കൌണ്ടില്‍ പറയുന്നു. എങ്കിലും ചിത്രത്തിന്‍റെ ആശയം വളരെ വലുതാണ് എന്നാണ് സോഷ്യല്‍ മീഡിയ ഒന്നാകെ പറയുന്നത്. എന്നാല്‍ ഇത് വരച്ചത് ഒരു ന്യൂസിലാന്‍റുകാരന്‍ അല്ലെന്നതാണ് രസകരം. സിംഗപ്പൂരില്‍ ജീവിക്കുന്ന കെയ്ത്ത് ലീ എന്ന ഡിസൈനറാണ് ഈ ഡിസൈന്‍ ഉണ്ടാക്കിയത്. കഴിഞ്ഞ മാര്‍ച്ച് 16ന് അദ്ദേഹം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ന്യൂസീലാന്‍റില്‍ വീണുപോയ നിരപരാധികള്‍ക്ക് വേണ്ടി, നീചമായ രീതികള്‍ക്കെതിരെ ഒന്നിക്കൂ എന്ന ആഹ്വാനത്തോടെയാണ് ഇദ്ദേഹം ഇത് പോസ്റ്റ് ചെയ്തത് പിന്നീട് ഇത് വൈറലാകുകയായിരുന്നു.

Top