കണ്ണൂര്‍: കണ്ണൂരില്‍ പി.കെ രാഗേഷ് കെ.സുധാകരനെതിരെ അതിശക്തമായി രംഗത്ത് .മല്‍സരത്തില്‍ ആരു ജയിക്കും എന്ന ചൊദ്യമാണിപ്പോല്‍ ഉയരുന്നത് .കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പി.കെ. രാഗേഷിന്റെ സഹകരണത്തോടെ ഭരണം നേടുന്നതിന് കെ.പി.സി.സി തീരുമാനിച്ചതോടെ പ്രശ്നം അവസാനിച്ചുവെന്ന് കരുതിയ നേതാക്കള്‍ അമ്പരപ്പിലാണ് .അഞ്ചു തവണ തുടര്‍ച്ചയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ച കണ്ണൂര്‍ പാര്‍ലമെന്റ് സീറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് അടിയറവയ്ക്കുകയായിരുന്നു എന്നാണ് ആരോപണം . കണ്ണൂരിന്റെ ചരിത്രത്തില്‍ യു.ഡി.എഫ് മാത്രം ഭരണം നടത്തിയിരുന്ന നഗരസഭ കോര്‍പ്പറേഷനായപ്പോള്‍ സി.പി.എമ്മിനൊടൊപ്പം തുല്യത പാലിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വന്നെത്തി. . കോര്‍പ്പറേഷനില്‍ ചേര്‍ത്ത പഴയ പള്ളിക്കുന്ന് പഞ്ചായത്തും പുഴാതി പഞ്ചായത്തും കോണ്‍ഗ്രസിന്റെ ജില്ലയിലെ അപൂര്‍വം ശക്തികേന്ദ്രങ്ങളാണ്. ഈ പ്രദേശങ്ങളിലെ ഡിവിഷനുകളുടെ സഹായത്തോടെ ആകെയുള്ള 55 സീറ്റുകളില്‍ 45ഉം നേടുമെന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കംതൊട്ട് യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ യു.ഡി.എഫ് 27ല്‍ ഒതുങ്ങി.
കോര്‍പ്പറേഷന്‍ ഭരണത്തെ പിന്തുണക്കാന്‍ രാഗേഷിന്റെ ഉപാധികള്‍ കേട്ട് നേതാക്കള്‍ അന്തംവിട്ടുപോയിരിക്കയാണ്. രാഗേഷ് ഉന്നയിച്ച ഉപാധികളില്‍ മുഖ്യം ഡി.സി.സി നേതൃമാറ്റമാണ്. രണ്ടാമത് ചിറക്കല്‍ ബ്ളോക്ക് കമ്മിറ്റിയും പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും പുന:സംഘടിപ്പിക്കുകയെന്നതും. രണ്ടാമത്തെ ഉപാധി അംഗീകരിച്ചാല്‍ ഡി.സി.സി നേതൃമാറ്റമെന്ന ആവശ്യത്തില്‍നിന്ന് രാഗേഷ് പിറകോട്ടുപോകുമെന്നാണ് നേതാക്കള്‍ കരുതിയത്. മാത്രമല്ല, ഡി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം ഗ്രൂപ്പു വിത്യാസമില്ലാതെ രാഗേഷിന് വാഗ്ദാനം ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറുമാണ്. കൂടാതെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെക്കുറിച്ചും ചര്‍ച്ചയാവാമെന്ന് ഡി.സി.സി നേതൃത്വം രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. എന്നാല്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനമോ ഡി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനമോ ആരോടും ആവശ്യപ്പെട്ടില്ലെന്നാണ് രാഗേഷിന്റെ പക്ഷം. എനിക്ക് ആരോടും വാശിയില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ പഴയ പ്രതാപം ജില്ലയില്‍ വീണ്ടെടുക്കണമെന്ന നിര്‍ബന്ധമുണ്ടെന്നാണ് ‘രാഗേഷ് പറയുന്നത്.
സ്വന്തം സ്വാധീനമേഖലയായ പള്ളിക്കുന്നിലെ ഏഴു ഡിവിഷനുകളില്‍ ആരോടും ചര്‍ച്ചചെയ്യാതെയാണ് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വാര്‍ഡ് കമ്മിറ്റി ഏകകണ്ഠമായി ശുപാര്‍ശചെയ്ത സ്ഥാനാര്‍ത്ഥികളെ മാറ്റിനിര്‍ത്തി കെ. സുധാകരനും ഡി.സി.സി പ്രസിഡന്റും ഏകപക്ഷീയമായാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നാണ് ആക്ഷേപം. ഡി.സി.സി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ കമ്മിറ്റി അംഗങ്ങള്‍ ഗസ്റ്റ് ഹൗസില്‍ ഡി.സി.സി പ്രസിഡന്റിന്റെയും സുധാകരന്റെയും വരവും കാത്തിരിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അറിഞ്ഞതോടെ ക്ഷുഭിതരായ എ വിഭാഗം പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ മുന്‍മന്ത്രി കെ.പി നൂറുദ്ദീനും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണനും ഏറെ സാഹസപ്പെടേണ്ടിവന്നു. 36 ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ എ ഗ്രൂപ്പിന് ലഭിച്ചത് മൂന്നു പേരെ മാത്രം. പള്ളിക്കുന്നില്‍ നിര്‍ണായക സ്വാധീനമുള്ള എ ഗ്രൂപ്പ്കാരെയെല്ലാം വെട്ടിവീഴ്ത്തി.
പള്ളിക്കുന്ന് മേഖലയില്‍ രാഗേഷിന്റെ നേതൃത്വത്തില്‍ റെബല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന സ്ഥിതിവന്നപ്പോള്‍ ഐ വിഭാഗം അതിനെ പരിഹസിക്കുകയായിരുന്നു. ഇനി പള്ളിക്കുന്നിലെ ഏഴ് ഡിവിഷന്‍ തോറ്റാലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുന്ന കോര്‍പ്പറേഷനില്‍ രാഗേഷിന് ഒരു വെല്ലുവിളിയും ഉയര്‍ത്താനാവില്ലെന്നായിരുന്നു ഡി.സി.സിയുടെ വീരവാദം. ഇത്തരത്തില്‍ പാര്‍ട്ടിയെ ക്ഷീണിപ്പിച്ച ഡി.സി.സി നേതൃത്വം മാറണമെന്നാണ് രാഗേഷ് ആവശ്യപ്പെടുന്നത്. ഡി.സി.സി പ്രസിഡന്റാകട്ടെ രാഗേഷിന്റെ മണ്ഡലമായ പള്ളിക്കുന്ന് സ്വദേശിയാണ്. മണ്ഡലത്തിലെ പൊതു വികാരം എന്താണെന്ന് നന്നായി അറിയാമായിരുന്നിട്ടും സുധാകരന്റെ പിടിവാശിക്കു കീഴടങ്ങിയ ഡി.സി.സി പ്രസിഡന്റ് കോണ്‍ഗ്രസ് സംഘടനയ്ക്ക് ആവശ്യമുണ്ടോ എന്നാണ് രാഗേഷ് ചോദിക്കുന്നത്.
ചെയ്ത തെറ്റിനെക്കുറിച്ചും വീഴ്ചയെക്കുറിച്ചും ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് രാഗേഷിന്റെ ഉപാധി എന്താണെന്ന് വ്യക്തമാക്കിയപ്പോള്‍ തന്നെ രാജി സന്നദ്ധത അദ്ദേഹം അറിയിച്ചത്. തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് പോകുമ്പോള്‍ വാക്കുകൊണ്ടുപോലും വിലക്കാന്‍ കഴിയാത്ത ആള്‍ക്ക് വലിയ പദവികള്‍ ചേര്‍ന്നതല്ലെന്നാണ് രാഗേഷിന്റെ നിലപാട്. സുധാകരന്‍ സുരേന്ദ്രനെ ഒരു പാവയെപോലെയാണ് കാണുന്നതെന്നും ഇതിനൊരു മാറ്റം വേണമെന്നും രാഗേഷ് പറയുന്നു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണ സമിതി സുധാകരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹകരണ മന്ത്രി ഏറെ വേദനയോടെയാണ് പിരിച്ചുവിട്ടത്. അന്ന് ഭരണ സമിതി പിരിച്ചുവിട്ടതിനെതിരെ ഉപരോധ സമരം നടത്തിയ രാഗേഷിന്റെ അനുയായികളെ പൊലീസ് തല്ലിച്ചതച്ചു. കോണ്‍ഗ്രസ് ഡയറക്ടര്‍മാരെല്ലാവരും ഒന്നടങ്കം രാഗേഷിനെ പിന്തുണയ്ക്കുന്നുവെന്ന ഒറ്റക്കാരണത്താലായിരുന്നു പിരിച്ചുവിടല്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പോയി കാണാന്‍ ഡി.സി.സി പ്രസിഡന്റ് വൈകിയതും നേതൃത്വത്തിനെതിരെ അണികള്‍ തിരിയാന്‍ ഇടയായി.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡ് മെമ്പര്‍മാരും രാഗേഷിനെ പിന്തുണയ്ക്കുന്നവരായതിനാല്‍ അവരെയും സുധാകരന്‍ ശത്രുപക്ഷത്ത് നിറുത്തുകയായിരുന്നു. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അവരെ അവഗണിക്കാനുണ്ടായ മുഖ്യകാരണവും അതുതന്നെ. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ജനാധിപത്യത്തെ കാറ്റില്‍പറത്തിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് നടന്നത്. ഭയംകൊണ്ട് പരസ്യപ്രസ്താവനയ്ക്ക് ആരും തയ്യാറാകുന്നില്ലെന്നു മാത്രം. സുധാകരന്റെ അടുത്ത അനുയായികള്‍പോലും താന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം കോണ്‍ഗ്രസിനെ രക്ഷിക്കാനാണെന്നു പറയുമ്പോള്‍ അത് തനിക്ക് കൂടുതല്‍ ശക്തിപകരുകായാണെന്ന് രാഗേഷ് ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ പ്രതിഷേധം കടിച്ചിറക്കിയ എ വിഭാഗം ഇപ്പോള്‍ ആവേശത്തിലാണ്. രാഗേഷിന്റെ നിര്‍ണായക തീരുമാനം യു.ഡി.എഫിന് അനുകൂലമാക്കാന്‍ ഡി.സി.സി നേതൃത്വം പാടുപെടുമ്പോള്‍ അവര്‍ മാറിനിന്ന് ചിരിക്കുന്നു. കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടുന്നതിന് ഇടവന്നാല്‍ അത് ജില്ലയിലെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും. കെ. സുധാകരന്റെ നേതൃത്വവും ചോദ്യം ചെയ്യപ്പെടും.