പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി

പരീക്ഷ എന്നത് ഏവര്‍ക്കും വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ കൂടിയാകുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ടെന്‍ഷന്‍ ചില്ലറയല്ല. അതിനാല്‍ തന്നെ കഷ്ടപ്പെട്ട് പഠിച്ചും ഉറക്കമുളച്ചുമൊക്കെയാണ് കുട്ടികള്‍ പരീക്ഷയ്‌ക്കെത്തുന്നത്. എന്നാല്‍ അവരുടെ കഷ്ടപ്പാടുകള്‍ക്ക് എന്ത് വിലയാണ് തുടര്‍ന്ന് ലഭിക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നതിവിടെയാണ്. പരീക്ഷ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ നടത്തുന്ന ചിട്ടവട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും എല്ലാം പിന്നീടും പാലിക്കപ്പെടുന്നുണ്ടൊ എന്ന് ആരും ചോദിക്കാറില്ല. എന്നാല്‍ പരീക്ഷാ ഹാള്‍ വിട്ടാല്‍ ഉത്തരകടലാസുകള്‍ വെറും തുണ്ട് പേപ്പറുകളാണെന്ന വിവരമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബുധനാഴ്ച ആരംഭിച്ച പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണ് ഇന്നലെ രാവിലെ ഉത്തരക്കടലാസുകള്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ കൂട്ടിയിട്ട നിലയില്‍ കണ്ടത്. തപാല്‍ വകുപ്പിന്റെ ചാക്കുകളില്‍ കെട്ടിയിട്ട നിലയിലായിരുന്നു ഉത്തരക്കടലാസുകള്‍. വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നു തപാല്‍ മുഖേന മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് അയച്ച ഉത്തരക്കടലാസുകളാണിവ. തപാല്‍ ഓഫിസുകളില്‍ നിന്നു റെയില്‍വേ മെയില്‍ സര്‍വീസ് വഴിയാണ് ഉത്തരക്കടലാസുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന ഉത്തരക്കടലാസുകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാതെയാണു കൊണ്ടുപോകുന്നത്. അതേസമയം തപാല്‍ മുഖേന അയയ്ക്കുന്ന ഉത്തരക്കടലാസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനു മറ്റൊന്നും ചെയ്യാനില്ലെന്നാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മറുപടി. തപാല്‍ വകുപ്പിന്റെ തന്നെ ചാക്കുകളിലായതിനാല്‍ ഭയക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സാധാരണഗതിയില്‍ സര്‍വകലാശാലകള്‍ അവരുടെ ഉത്തരക്കടലാസുകളും ചോദ്യപേപ്പറുകളും കൊണ്ടുപോകാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാടു ചെയ്യാറാണു പതിവ്. അതുപോലെ വിദ്യാഭ്യാസ വകുപ്പും ഉത്തരക്കടലാസുകള്‍ കൊണ്ടുപോകാന്‍ പോസ്റ്റല്‍ വകുപ്പിനു പകരം സ്വന്തം സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാണ്.

Top