അനാഥത്വം മാറ്റാനും പ്രണയം നിലനിര്‍ത്താനും പീഡനം; വിചിത്രമായ ഒരു പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ആനിക്കാട് മാരിക്കല്‍ മാരിക്കല്‍വീട്ടില്‍ ശരത് ബാബുവിനെ (20) കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ശരത് ബന്ധുവീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വീട്ടമ്മയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്വയം കുറ്റസമ്മതം നടത്ത. വീട്ടമ്മയുടെ മകളെ താന്‍ മൂന്നു തവണ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു യുവാവിന്റെ കുറ്റസമ്മതം. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞതോടെ യുവാവിനെ റിമാന്‍ഡ് ചെയ്തു.

വിശദമായ ചോദ്യം ചെയ്യലില്‍ അനാഥത്വത്തിന്റെ വിഷമം പേറുന്ന യുവാവ് ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്നും കണ്ടെത്തി. 16 വയസുള്ള പെണ്‍കുട്ടിയുമായി ശരത് പ്രണയത്തിലായിരുന്നു. ബന്ധുവിന്റെ വീട്ടില്‍ കൊണ്ടു പോയാണ് മൂന്നു വട്ടം പീഡിപ്പിച്ചത്. ശരത് ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്നും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്ളയാളാണെന്നും മനസിലാക്കിയ പെണ്‍കുട്ടിയുടെ അമ്മ പ്രണയ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മാതാവും ശരത്തുമായി വഴക്കുണ്ടായി. ഇതിനിടെയാണ് വീടു കയറി ആക്രമിക്കാന്‍ ശരത് ശ്രമിച്ചുവെന്ന് കാട്ടി മാതാവ് പരാതി നല്‍കിയത്. സംഭവം എന്താണെന്ന് പൊലീസ് അന്വേഷിച്ചപ്പോഴാണ് പ്രണയകഥ പുറത്തു വന്നത്.

പൊലീസിന് മൊഴി നല്‍കുന്നതിനിടെയാണ് താന്‍ മൂന്നു വട്ടം പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കഥ ശരത് പറഞ്ഞത്. എനിക്കവളെ ഭയങ്കര ഇഷ്ടമാണ്. അമ്മയുടെ വാക്കു കേട്ട് അവള്‍ എന്നെ തേച്ചിട്ട് പോകുമെന്ന് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇനി ആരും അവളെ കെട്ടരുത്. ഇതിന്റെ പേരില്‍ എത്രവര്‍ഷം വേണമെങ്കിലും ഞാന്‍ ജയിലില്‍ കിടക്കാന്‍ തയാറാണ്. പുറത്തിറങ്ങി അവള്‍ക്കൊപ്പം ജീവിക്കാമല്ലോ? ശരതിന്റെ മൊഴി കേട്ട് ഞെട്ടിയ പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയാള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി. ഒപ്പം മറ്റൊരു കഥയും.

മാരിക്കല്‍ ബാബുവിന്റെ മകനാണ് ശരത് എന്നാണ് രേഖകളിലുള്ളത്. യഥാര്‍ഥത്തില്‍ യുവാവ് ബാബുവിന്റെ മകന്‍ അല്ല. അഞ്ചു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബാബുവിന്റെ പിതാവിന് 20 വര്‍ഷം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കിട്ടിയതാണ്. അയാള്‍ ഈ കുഞ്ഞിനെ ബാബുവിന് വളര്‍ത്താന്‍ നല്‍കി. ബാബുവിന് മറ്റു മക്കള്‍ ഉണ്ടായിരുന്നു. അതു കാരണം ശരത് അവഗണനയേറ്റാണ് വളര്‍ന്നത്. ഇത് അവനെ തെറ്റായ കൂട്ടുകെട്ടില്‍ എത്തിച്ചു. കഞ്ചാവിനും ലഹരി മരുന്നിനും അടിമയായി. തന്നെ ആരും സ്‌നേഹിക്കുന്നില്ല എന്നതായിരുന്നു ശരതിന്റെ പ്രശ്‌നം.

അതിനിടെയാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഈ സ്‌നേഹം അമൂല്യമായി കണ്ട ശരത് അത് നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് ശ്രമിച്ചത്. അതാണ് ഒടുവില്‍ പോക്‌സോ കേസില്‍ കലാശിച്ചിരിക്കുന്നത്. എസ്‌ഐമാരായ ബിഎസ് ആദര്‍ശ്, സോമനാഥന്‍ നായര്‍, എംകെ ഷിബു, എഎസ്‌ഐമാരായ സുരേഷ് കുമാര്‍, പിഎ മധു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പിഎച്ച് അന്‍സിം എന്നിവരാണ് കേസ് അന്വേഷിച്ചത്.

Top