നാം നേരിടാന്‍ പോകുന്ന ദുരന്തത്തിലേയ്ക്ക് കണ്ണ് തുറക്കുന്ന കാഴ്ച; ഭക്ഷണമില്ലാതെ മെലിഞ്ഞുണങ്ങിയ ഹിമക്കരടി മുന്നറിയിപ്പാകുന്നു

കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കണക്ക് കൂട്ടലുകള്‍ക്കപ്പുറത്തെ ദുരന്തമായിരിക്കും ലോകത്തിന് സമ്മാനിക്കുക. ഉദാഹരണമായി ഈ വ്യതിയാനത്തിന്റെ ഇരയായ ഇരയായ ഒരു ധ്രുവക്കരടിയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്.

നിറയെ വെളുത്ത രോമവും കൊഴുത്തുമിനുത്ത ദേഹവുമുള്ളവയാണ് ഹിമക്കരടികള്‍. മഞ്ഞുപാളികളില്‍ കഴിയുന്ന സീലുകളെയും മീനുകളെയും മറ്റും വേട്ടയാടിയാണ് ജീവിതം. ആര്‍ട്ടിക്കിലെ മഞ്ഞുറയാന്‍ കാത്തിരിക്കുന്ന ഇവ വേനല്‍ക്കാലത്ത് ആഹാരമുപേക്ഷിക്കുക അസാധാരണമല്ല. എങ്കിലും ഇത്രയും ശോഷിച്ച അവസ്ഥയില്‍ ഹിമക്കരടിയെ മുമ്പാരും കണ്ടിട്ടില്ല.

രോമം കൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ ഒരു ധ്രുവക്കരടിയാണ് വീഡിയോയിലുള്ളത്. മരണത്തിന് വേണ്ടി ആടി ഉലഞ്ഞു നടക്കുകയാണ് കരടി ചെയ്യുന്നത്. ഭക്ഷണത്തിനായി പരതി നടക്കുന്ന കരടി, ഒരു മാലിന്യ കൂമ്പാരത്തില്‍ തലയിട്ട് വായില്‍ത്തടഞ്ഞ എന്തോ വസ്തു കടിച്ചുപറിക്കുന്നു. മാസങ്ങളോളം ഭക്ഷണം കിട്ടാതെ ഉള്ള ഒരവസ്ഥയാണ് ഈ കരടിയെ കാണുമ്പോള്‍ തോന്നുന്നത്.

നാഷണല്‍ ജ്യോഗ്രഫിക് മാഗസിനുവേണ്ടി ചിത്രങ്ങളെടുക്കുന്ന പരിസ്ഥിതി ഫോട്ടോഗ്രാഫറായ പോള്‍ നിക്ലിന്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ. കാനഡയില്‍ ഉള്‍പ്പെടുന്ന സോമര്‍സെറ്റ് ധ്രുവപ്രദേശത്തു വെച്ചാണ് നിക്ലിന്‍ ഈ ദൃശ്യം ചിത്രീകരിച്ചത്. മഞ്ഞു മൂടിക്കിടക്കേണ്ട സ്ഥലത്ത് മഞ്ഞിന്റെ കണികപോലും ഉണ്ടായിരുന്നില്ല. കരടിയുടെ അവസ്ഥ തങ്ങളുടെയെല്ലാം മനസ്സിനെ പിടിച്ചുലച്ചതായും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നെന്നും നിക്ലിന്‍ പറയുന്നു. ആ ദൃശ്യങ്ങള്‍ തന്റെ മനസ്സിനെ ഇപ്പോഴും മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നതായും വീഡിയോയ്ക്കു നല്‍കിയ അടിക്കുറിപ്പില്‍ അദ്ദേഹം പറയുന്നു.

എന്നാല്‍, താന്‍ ചിത്രീകരിച്ച കരടിയുടെ ഈ അവസ്ഥയ്ക്കു കാരണം കാലാവസ്ഥാവ്യതിയാനമോ അതുമൂലമുണ്ടായ ഭക്ഷണ ദൗര്‍ലഭ്യമോ ആണെന്ന് ഉറപ്പിച്ചു പറയാന്‍ നിക്ലിന്‍ തയ്യാറാവുന്നില്ല. പട്ടിണി മൂലം മരിച്ചുകൊണ്ടിരിക്കുന്ന കരടിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പിന്നിലുള്ള യാഥാര്‍ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കും വിട്ടുകൊടുക്കുന്നതായും അദ്ദേഹം പറയുന്നു. എന്ത് തന്നെയായാലും ഈ ദൃശ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് സോഷ്യല്‍ മീഡിയയും ഉറ്റുനോക്കുന്നത്.

Top