ലഹരികളുടെ രാജാവായ പൊപ്പിസ്ട്രോയുമായി വന്നവര്‍ പിടിയില്‍; മാര്‍ക്കറ്റില്‍ 5 കോടി രൂപ വിലവരുന്നതെന്ന് പോലീസ്

പാലക്കാട്: ലഹരികളുടെ രാജാവ് എന്നറിയപ്പെടുന്ന ചെടിയാണ് പൊപ്പിസ്ട്രോ. ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, കറുപ്പ് ഉള്‍പ്പെടെ 26ല്‍ പരം വീര്യം കൂടിയ ലഹരിമരുന്നുകള്‍ ഇതുപയോഗിച്ച് നിര്‍മ്മിക്കാന്‍ കഴിയുന്ന ചെടികൂടിയാണ് പൊപ്പിസ്ട്രോ. ഇത് കേരളത്തിലും സുലഭമാകുന്നന്നൊണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചുകോടി രൂപ വിലമതിക്കുന്ന 2.75 കിലോ പൊപ്പിസ്ട്രോ കായകളുമായി രണ്ട് തമിഴ്നാട് സ്വദേശികള്‍ പിടിയിലായി.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ സൗത്ത് പൊലീസും ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സേലം പെത്തനായ്ക്കന്‍ പാളയം സ്വദേശികളായ അരുള്‍ മണി (30), അരുള്‍ മോഹനന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന നമ്പരില്ലാത്ത ബൈക്കും കസ്റ്റഡിയിലെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ ആദ്യമായാണ് ഇത്രയും അളവില്‍ പൊപ്പിസ്ട്രോ പിടിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലാണ് ഇത് മുഖ്യമായും കൃഷി ചെയ്യുന്നത്. അര്‍ബുദ രോഗികള്‍ക്ക് നല്‍കുന്ന മോര്‍ഫിന്‍ തുടങ്ങിയ വേദന സംഹാരികളും ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാം. ഇന്ത്യയില്‍ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തോട്ടങ്ങളില്‍ മരുന്ന് ആവശ്യത്തിന് ഇവ കൃഷി ചെയ്യുന്നുണ്ട്.

കാബൂളില്‍ നിന്ന് രാജസ്ഥാന്‍ വഴിയാണ് അനധികൃതമായി ഇവ എത്തുന്നത്. ലഹരികളുടെ രാജാവ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. നിശാ ക്ലബുകള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ലഹരി മരുന്ന് നിര്‍മ്മിക്കുന്നതിനാണ് പൊപ്പിസ്ട്രോ കേരളത്തിലെത്തിക്കുന്നത്. കൊച്ചി, ആലപ്പുഴ, കുമരകം, കോവളം തുടങ്ങിയ സ്ഥലങ്ങളിലെ ബീച്ച് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ ഇതിന്റെ കച്ചവടം നടത്തുന്നത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയ്ക്കിടെയാണ് പ്രതികള്‍ വലയിലായത്. കേരളത്തിലെ ആദ്യത്തെ കേസാണിത്.

ജില്ലാ പൊലീസ് മേധാവി സാബുവിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പിമാരായ ബാബു കെ.തോമസ്, ജി.ഡി.വിജയകുമാര്‍, സി.ഐ പി.കെ.മനോജ് കുമാര്‍, എസ്.ഐമാരായ കെ.സതീഷ് കുമാര്‍, എസ്.ജലീല്‍, ലഹരി വിരുദ്ധ സ്‌ക്വാഡിലെ ആര്‍.കിഷോര്‍, റഹിം മുത്തു, കെ.അഹമ്മദ് കബീര്‍, ആര്‍.വിനീഷ്, ആര്‍.രാജീദ്, എസ്.എന്‍.ഷനോസ്, സി.സജീഷ്, എസ്.ഷമീര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് ലഹരി കടത്ത് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.

Top