ഓല ടാക്സിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും ഓലയുടെ സമ്മാനം അഞ്ചു വർഷത്തെ സൗജന്യ യാത്ര. പുനെയിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. 21 വയസുകാരിയായ ഈശ്വരി സിംഗ് വിശ്രകർമയാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ടാക്സി കാറിൽ പ്രസവിച്ചത്. മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു ഈശ്വരിയുടെ പ്രസവ ദിവസം ഡോക്ടർമാർ കണക്കുകൂട്ടിയിരുന്നത്. എന്നാൽ തിങ്കളാഴ്ച രാവിലെ ഈശ്വരിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇതോടെ കമലാ നെഹ്റു ആശുപത്രിയിലേക്കുപോകാൻ ഭർത്താവ് രമേശ് സിംഗ് ടാക്സി വിളിച്ചു. ഖണ്ടവയിൽനിന്നും ടാക്സിയിൽ ഈശ്വരിയേയും തന്റെ സഹോദരനെയും അമ്മയേയും കയറ്റി രമേശ് യാത്രയാക്കി. ഇദ്ദേഹം പിന്നാലെ ബൈക്കിൽ ഇവരെ പിന്തുടർന്നു. വീട്ടിൽനിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ പിന്നിട്ടപ്പോൾ ഈശ്വരി പ്രസവിച്ചതായി തന്റെ സഹോദരൻ മൊബൈൽ ഫോണിൽ അറിയിച്ചതായി രമേശ് പറഞ്ഞു. ഇതോടെ സംഭവം ആശുപത്രിയിലും രമേശ് അറിയിച്ചു. വിവരം ലഭിച്ചതോടെ ആശുപത്രി അധികൃതർ കുട്ടിക്കും അമ്മയ്ക്കുമായി ആശുപത്രിക്കുമുന്നിൽ കാത്തുനിന്നു. ടാക്സി എത്തിയയുടൻ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും കഴിഞ്ഞ ദിവസം ആശുപത്രിവിട്ടു. വലിയൊരു അനുഭവമായിരുന്നു ഈ യാത്രയെന്ന് ടാക്സി ഡ്രൈവർ യെശ്വന്ത് പറയുന്നു. ഏകദേശം 30 മിനിറ്റിനുള്ളിൽ കാർ ആശുപത്രിയിൽ എത്തിക്കാനായാതായും അദ്ദേഹം പറഞ്ഞു. വിവാഹത്തിനു ശേഷമുള്ള ഈശ്വരിയുടെ ആദ്യത്തെ കാർ യാത്രയായിരുന്നു ഇത്.


