പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് അന്വേഷണം വഴിമുട്ടുന്നു..!! ക്രൈംബ്രാഞ്ചിന് വേണ്ടത് വിലപ്പെട്ട രേഖകള്‍

കൊച്ചി: പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം വഴിമുട്ടുന്നു. ക്രമക്കേട് അന്വേഷണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ആശങ്ക പ്രകടിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ വോട്ടിങ്ങിന്റെ അടിസ്ഥാന രഹസ്യ സ്വഭാവത്തെ ബാധിക്കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണോ വേണ്ടയോ എന്നതില്‍ കോടതിക്ക് തീരുമാനം എടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഫോറം 12, ഫോറം13 എന്നീ രേഖകളാണ് വേണ്ടത്. ഫോറം 12 എന്നത് പോസ്റ്റല്‍ ബാലറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോലീസുകാരന്റെ അപേക്ഷയാണ്. പോറ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തോടൊപ്പമാണ് ബാലറ്റ് കൈമാറേണ്ടത്. ഈ സാക്ഷ്യപത്രമാണ് ഫോറം 13. ഈ രണ്ടുരേഖകളും ലഭ്യമാക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ വരണാധികാരികള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളായതിനാല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിന്റെ അനുമതി ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ നിലപാടെടുത്തു.

ഇതേതുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിതന്നെ നേരിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഈ ആവശ്യമുന്നയിച്ച് കത്തുനല്‍കി. എന്നാല്‍ ഈ രേഖകള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയില്ല. പകരം കേസ് വിചാരണയ്ക്കെടുത്ത ഇന്ന് ഇതിന്റെ സാഹചര്യങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയാല്‍ വോട്ടിങ്ങിന്റെ അടിസ്ഥാന സ്വഭാവമായ രഹസ്യാത്മകതയെ ബാധിക്കാനിടയുണ്ട്. അതിനാല്‍ ഈ രേഖകള്‍ നല്‍കണോ വേണ്ടയോ എന്ന് കോടതിക്ക് തീരുമാനിക്കാമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.

ചട്ടമനുസരിച്ച് പോസ്റ്റല്‍ ബാലറ്റ് അതാത് സ്ഥലത്തെ ഗസറ്റഡ് ഉദ്യോഗസ്ഥനെകൊണ്ട് സാക്ഷ്യപ്പെടുത്തണമെന്നാണ്. കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിച്ച് അവ ഒരുമിച്ച് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെ കൊണ്ട് സാക്ഷ്യപ്പെടുത്തി വോട്ടെണ്ണുന്ന വേളയില്‍ കൈമാറി എന്നാണ് ആരോപണം. ആരോപണം സത്യമാണോയെന്ന് തെളിയിക്കാന്‍ മേല്‍പറഞ്ഞ രണ്ട് രേഖകള്‍ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Top