കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന റിപ്പോര്‍ട്ടര്‍ചാനല്‍ എം ഡിയും എഡിറ്ററുമായ മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ്‌കുമാറിനെതിരെയും പോസ്റ്റര്‍ പ്രചാരണം. സേവ് മാര്‍ക്‌സിസ്റ്റ് ഫോറത്തിന്റെ പേരിലാണ് അഴീക്കോട് മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കൂത്തുപറമ്പില്‍ അഞ്ചു സഖാക്കളെ കൊന്നയാളുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പോസ്റ്ററുകളില്‍ പറയുന്നു.
ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയായി സിപിഐ എം പരിഗണിക്കുന്ന മാദ്ധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെതിരെയും വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വ്യാപക പോസ്റ്ററുകള്‍. ആറന്മുളയില്‍ മാദ്ധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്ജിനെയും കോന്നിയില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. സനല്‍കുമാറിനെയും മത്സരിപ്പിക്കരുതെന്ന് പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. പകരം ഓമല്ലൂര്‍ ശങ്കരനെയും എം.എസ്. രാജേന്ദ്രനെയും സ്ഥാനാര്‍ത്ഥികളാക്കണമെന്നാണ് ആവശ്യം.
എസ്എഫ്‌ഐയുടേയും ഡിവൈഎഫ്‌ഐയുടേയും പേരില്‍ കോന്നി, കല്ലേലി, മൈലപ്ര, മല്ലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. അതിനിടെ വിവാദങ്ങളും പ്രതിഷേധങ്ങളും തന്നെ തളര്‍ത്തില്ലെന്ന് വീണാ ജോര്‍ജ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചു. ഒരു സ്ത്രീക്ക് ലഭിക്കുന്ന പരിഗണന കുടുംബാഗങ്ങളുടെ സ്വാധീനം കൊണ്ടാണെന്ന് പറയുന്നത് സ്ത്രീവിരുദ്ധത കൊണ്ടാണെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു. അതേ സമയം തൃപ്പൂണിത്തറയില്‍ ദിനേശ് മണി, തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോള്‍, എന്നിവര്‍ക്കെതിരെയും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.


