വൈറല്‍ പനി മൂലം മരിച്ചവരെ ചികിത്സിച്ചിരുന്ന നഴ്‌സും പനി ബാധിച്ചു മരിച്ചു;മരണം ഒമ്പതായി.എന്താണ് നിപ്പാ വൈറസ്? നിപ്പാ വൈറസിനെതിരെ മുൻ കരുതലെടുക്കാം.

കോഴിക്കോട്: കേരളം ഭീതിയിലാണ് .നിപ്പ വൈറസ് കൊണ്ട് ഞെട്ടി വിറച്ചു കൊണ്ടിരിക്കുന്നതിനിടെ വൈറല്‍ പനി മൂലം ഒരാള്‍ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഒമ്പതായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനി ആണ് മരിച്ചത്. നേരത്തേ മരിച്ചവരെ പരിചരിച്ചത് ലിനിയായിരുന്നു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയാണ് ലിനി. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ മൂന്നുപേരും െവെറസ് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ രക്ത സാമ്പിളുകള്‍ പുനെയിലെ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ച് മാരകമായ നിപോ െവെറസ് ബാധയാണു മരണകാരണമെന്നു സ്ഥിരീകരിച്ചിരുന്നു.

മൃഗങ്ങളില്‍നിന്ന്, പ്രധാനമായും വവ്വാലുകളില്‍നിന്ന്, മനുഷ്യരിലേക്കു പകരുന്നതാണു നിപോ െവെറസ്. കേരളത്തില്‍ ആദ്യമായാണിതു സ്ഥിരീകരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്നു കോഴിക്കോട്ടെത്തും. മൃഗങ്ങളിലൂടെ പടരുന്ന െവെറസ് ആയതിനാല്‍ വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. 1999-ല്‍ കണ്ടെത്തിയ നിപോ െവെറസ് സിംഗപ്പൂരിലും മലേഷ്യയിലും ഒട്ടേറെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. മരണ കാരണം ഏതു വൈറസ് മൂലമാണ് എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വൈറോളജി പരിശോധനയുടെ ഫലം പുറത്തുവന്നാൽ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാവുകയുള്ളൂ. എങ്കിലും ഏറ്റവും കൂടുതൽ സംശയങ്ങൾ ഉണ്ടാകുന്നത് നിപ്പാ വൈറസ് സംബന്ധിച്ചാണ്.nipah

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരും മലപ്പുറം ജില്ലയില്‍ മൂന്നിയൂര്‍ സ്വദേശികളായ യുവാക്കളും ചട്ടിപ്പറമ്പ് സ്വദേശിയായ പതിനൊന്നുകാരനുമാണു െവെറല്‍ പനി ബാധിച്ചു മരിച്ചത്. മലപ്പുറത്ത് മരിച്ചവരുടെ രക്തപരിശോധനാഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാക്കാന്‍ കഴിയു. സംസ്ഥാനത്തു നിപോ െവെറസ് ബാധ സ്ഥിരീകരിച്ചതോടെ, െവെറസ് പനിക്കു ചികിത്സയിലുള്ള നിരവധിപേര്‍ നിരീക്ഷണത്തിലാണ്.
കോഴിക്കോട് ജില്ലയില്‍ 25 പേരാണു നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട്ടെയും കൊച്ചിയിലെയും സ്വകാര്യാശുപത്രികളിലും ചികിത്സയിലുള്ള എട്ടുപേരുടെ നില ഗുരുതരമാണ്. മണിപ്പാലിലെ െവെറസ് ഗവേഷണകേന്ദ്രത്തില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധസംഘം ചങ്ങോരത്ത് മേഖലയില്‍ പരിശോധന നടത്തി. മൂന്നുപേര്‍ മരിച്ച വീട്ടിലല്ലാതെ മറ്റെങ്ങും െവെറസ് ബാധ കണ്ടെത്തിയില്ലെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സംഘത്തലവന്‍ പ്രഫ. ജി. അരുണ്‍കുമാര്‍ പറഞ്ഞു.
വൈറസ് ബാധ കണ്ടെത്തിയതോടെ കനത്ത ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
* പനി, തലവേദന, മയക്കം, തലകറക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധചികിത്സ തേടണം; സ്വയംചികിത്സ അരുത്.
* വവ്വാല്‍, പക്ഷികള്‍ എന്നിവ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുത്.
* മാമ്പഴം പോലുള്ള ഫലങ്ങള്‍, പുറമേ സോപ്പ് ഉപയോഗിച്ച് കഴുകിയശേഷം ഉപയോഗിക്കുക.
* വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍നിന്നു ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
* രോഗികളുടെ ശരീരസ്രവങ്ങളില്‍നിന്നാണു െവെറസ് പകരുന്നത്.
* പരിചരിക്കുന്നവര്‍ മുഖാവരണവും െകെയുറയും ധരിക്കണം.
* കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2376063.
* രോഗം ബാധിച്ച് 5-14 ദിവസങ്ങള്‍ക്കമേ ലക്ഷണങ്ങള്‍ പ്രകടമാകൂ.
* െവെറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന മസ്തിഷ്‌കജ്വരമാണു മരണകാരണമാകുന്നത്.
* രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം കഴുകിയുണക്കി സൂക്ഷിക്കണം.

എന്താണ് നിപ്പാ വൈറസ്?

1997 ന്റെ തുടക്കം‌. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്കെത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി മരണത്തിന് കീഴടങ്ങി.എന്നാൽ സത്യത്തിൽ ഈ അവസ്ഥ ഏറെ ഭീഷണമായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോഴാണ്. ഇരുന്നൂറിൽ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വർധിച്ചു.

ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടർന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.

ഈ വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിൻറെ കേന്ദ്രമായി പ്രവർത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാർഗം. മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂർണ്ണമായ തകർച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.nipha vaval

രോഗലക്ഷണങ്ങൾ

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

മുൻകരുതലുകൾ:

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.

രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം വന്നു മരണമടഞ്ഞ ആളിൽ നിന്നും രോഗം പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ:

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.
മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ detergent ഓ ഉപയോഗിച്ചു കഴുകേണ്ടതാണ്.കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു; കേരളത്തിൽ സംഭവിച്ച ഈ മരണങ്ങൾ നിപ്പാ വൈറസ് ബാധിച്ചത് മൂലമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും നിപ്പാ വൈറസ് ബാധയുടെ ചില പൊതുവായ വിവരങ്ങളും പ്രതിരോധമാർഗങ്ങളും വിവരിച്ചു എന്ന് മാത്രം.ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ നമുക്ക് കരുതൽ സ്വീകരിക്കാം. വാലും തലയുമില്ലാത്ത വാട്സാപ്പ് സന്ദേശങ്ങൾ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങൾ അറിഞ്ഞു വയ്ക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം

Top