ആശങ്കയേറ്റി വീണ്ടും നിപ!!..കൊവിഡിനേക്കാൾ ഭയക്കേണ്ടതുണ്ടോ? രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ; കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശം.പ്രതിരോധിക്കാൻ പഴുതടച്ച നടപടികളുമായി ആരോഗ്യവകുപ്പ്.

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.രണ്ട് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്ക ഉയർന്നിരിക്കുകയാണ്, അതും കൊവിഡ് കാലത്ത്. രാജ്യത്ത് തന്നെ ഏറ്റവു കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. അതിനാൽ തന്നെ കൊവിഡിനിടയിലെ ‘നിപ’ യിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം നിപയുടെ പേരിൽ അനാവശ്യ ഭീതി പരത്തേണ്ട കാര്യമില്ലെന്നും ഇവർ വ്യക്തമാക്കുന്നു. രണ്ടാം വരവിനെ തുടക്കത്തിലെ തന്നെ പ്രതിരോധിക്കാൻ പഴുതടച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് നടത്തുന്നത്.

കണ്ടെയ്ൻമെന്റ് സോണായ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപ്പന രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം അനുവദിക്കും. മരുന്ന് ഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന രോഗികളെ മറ്റുവാര്‍ഡുകളിലേക്ക് മാറ്റി. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ ഇവിടെ പ്രവേശിപ്പിച്ചു. പേ വാര്‍ഡ് ബ്ലോക്കില്‍ താഴെ നിലയില്‍ രോഗം സ്ഥിരീകരിക്കുന്നവരേയും മറ്റു രണ്ട് നിലകളില്‍ നിരീക്ഷണത്തിലുള്ളവരേയുമാണ് പ്രവേശിപ്പിക്കുക.

കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ച ഉടന്‍തന്നെ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. വിവിധ കമ്മിറ്റികള്‍ ഈ അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുണ്ട്. വൈറസ് സ്ഥിരീകരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കത്തില്‍പെട്ടവര്‍, ചികിത്സതേടിയ സ്വകാര്യ ക്ലിനിക്ക്, സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ സമ്പര്‍ക്ക പട്ടിക തയ്യാറായിട്ടുണ്ട്. 188 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 18 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ത്തിലുള്ളവരാണ്. ആരോഗ്യപ്രവര്‍ത്തകരായ രണ്ട് പേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. ഒരാള്‍ മെഡിക്കല്‍ കോളജിലേയും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലേയും ജീവനക്കാരനാണ്.

കുട്ടിയുടെ റൂട്ട് മാപ്പുമായി ബന്ധപ്പെട്ട് ആരും വിട്ടുപോകാത്ത തരത്തിലുള്ള സമ്പര്‍ക്ക പട്ടികയാണ് ശേഖരിക്കുന്നത്. നിപ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരേയും ഉപയോഗപ്പെടുത്തും. ആശങ്ക വേണ്ട, അതീവജാഗ്രത കര്‍ശനമായും പാലിക്കണം. കേന്ദ്രസംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അതോടൊപ്പം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. ന്യൂ ഡല്‍ഹി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അധികൃതരോട് പുതിയ മോണോക്ലോണല്‍ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് മറുപടി ലഭിച്ചതായും മന്ത്രി അറിയിച്ചു.

എന്താണ് നിപ വൈറസ്?

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്.മലേഷ്യ (1998), സിംഗപ്പൂർ (1999) എന്നിവിടങ്ങളിലായിരുന്നു ആദ്യമായി നിപ വൈറസ് മനുഷ്യരിൽ റിപ്പോർട്ട് ചെയ്തത്.വൈറസ് ആദ്യം സ്ഥിരീകരിച്ച വ്യക്തി മരിച്ച മലേഷ്യയിലെ ഗ്രാമത്തിന്റെ പേരിൽ നിന്നാണ് രോഗത്തിന് പേര് നൽകിയത്. സിംഗപ്പൂരിനും മലേഷ്യയ്ക്കും പിന്നാലെ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പിന്നീട് പലകാലത്തായി രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ബംഗ്ലാദേശിൽ 10 തവണയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 2001 ലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്, ബംഗ്ലാദേശിൽ. പിന്നീട് 2007 ലും രോഗം സ്ഥിരീകരിച്ചു. അതേസമയം 2018 ലാണ് കേരളത്തിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. അന്ന് 18 പേരിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതിൽ 17 മരണവും റിപ്പോർട്ട് ചെയ്തു. പിന്നീട് 2019 ലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എങ്ങനെ പകരും?

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. പഴംതീനി വവ്വാലുകൾ നിന്ന് പന്നി, നായ, പൂച്ച, ആടുകൾ, കുതിരകൾ എന്നിവയിലേക്ക് രോഗം പകർന്നേക്കാം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യത ഉണ്ട്. ഈ മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയോ അല്ലെങ്കിൽ ഈ രോഗബാധയുള്ള മൃഗങ്ങളുടെ ഉമിനീര്, മൂത്രം എന്നിവ ഏറ്റ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് മനുഷ്യരിൽ രോഗം സ്ഥിരീകരിക്കുന്നത്. ന്നു.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം.

Top