മരുന്നുകളെത്തി !നിപ്പയിൽ ഭയം വേണ്ട .കരുതലോടെ സർക്കാർ

കൊച്ചി :നിപയെ പ്രതിരോധിക്കാൻ സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തു.മരുന്നുകളെത്തി. അതേസമയം  കൊച്ചിയിലെ
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പറവൂർ വടക്കേക്കര സ്വദേശിയായ വിദ്യാർഥിക്ക‌് നിപാ വൈറസ‌് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 30ന‌് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ വിദ്യാർഥിയുടെ സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം പുണെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിൽനിന്ന‌് ചൊവ്വാഴ‌്ച രാവിലെ ലഭിച്ചതോടെയാണ‌് രോഗബാധ സ്ഥിരീകരിച്ചത‌്.

വിദ്യാർഥിയുമായി സമ്പർക്കം പുലർത്തിയ രണ്ട്‌  നേഴ്‌സുമാരടക്കം അഞ്ചുപേരെ ചെറിയ പനി, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന‌് എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക‌് മാറ്റി. ഇതിൽ ഒരാൾ സഹപാഠിയും രണ്ടുപേർ ബന്ധുക്കളുമാണ്‌.  ഇവരിൽനിന്ന‌് ശേഖരിച്ച സാമ്പിളുകൾ ചൊവ്വാഴ‌്ച പുണെ, ആലപ്പുഴ, മണിപ്പാൽ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടുകളിലേക്ക‌് പരിശോധനയ‌്ക്ക‌് അയച്ചു. ഇവരുടെയെല്ലാം ആരോഗ്യനില തൃപ‌്തികരമാണ‌്.

രോഗിയുമായി വിവിധ ഘട്ടത്തിൽ സമ്പർക്കം പുലർത്തിയ 311 പേരുടെ പട്ടിക തയ്യാറാക്കി. വിദ്യാർഥി പഠിക്കുന്ന ഇടുക്കി തൊടുപുഴയിലെ സ്ഥാപനത്തിലെ സഹപാഠികൾ, തൃശൂരിൽ പഠന പരിശീലനത്തിന‌് ഒപ്പമുണ്ടായിരുന്നവരും ഒന്നിച്ച‌് താമസിച്ചിരുന്നവരുമായ 16 പേർ, രോഗിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ഇതിലുൾപ്പെടും.  ഇവരോട‌് വീട്ടിൽത്തന്നെ കഴിയാനാണ‌് നിർദേശിച്ചിട്ടുള്ളത‌്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരുന്നു. തൃശൂർ, കൊല്ലം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവരാണ്‌ നിരീക്ഷണത്തിലുള്ളത്‌.
നിപാ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പനി കുറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള കഴിവ‌് ഇപ്പോഴും രോഗിക്കുണ്ട‌്. വെന്റിലേറ്റർപോലുള്ള പിന്തുണ സംവിധാനമൊന്നും ഉപയോഗിക്കുന്നില്ല. ഡോ. ടി ആർ ജോൺ, ഡോ. അനൂപ‌് ആർ വാര്യർ എന്നിവരുടെ നേതൃത്വത്തിലാണ‌് ചികിത്സ. നിപാ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കഴിഞ്ഞ മൂന്നാഴ‌്ചയുണ്ടായ പനി മരണങ്ങൾ പരിശോധിക്കും. മസ‌്തിഷ‌്കജ്വരം ബാധിച്ച കേസുകൾ പ്രത്യേകം പരിശോധിക്കും.

നിപാ അതിജീവനത്തിനും പ്രതിരോധത്തിനുമായി കേന്ദ്ര സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാ സഹായങ്ങളും ഉറപ്പാക്കിയതായി മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരുന്നുകളും ആവശ്യത്തിന‌് ലഭ്യമാക്കിയിട്ടുണ്ട‌്. ഡൽഹിയിലെ എയിംസ‌്, നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ‌് മെഡിക്കൽ റിസർച്ച‌് എന്നിവിടങ്ങളിലെ വിദഗ‌്ധരടങ്ങിയ ആറംഗ കേന്ദ്രസംഘം ചൊവ്വാഴ‌്ച എത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്ന‌് ഡോ. രുചി ജെയ‌്നിന്റെ നേതൃത്വത്തിൽ ഏഴംഗസംഘവും ചെന്നൈയിൽനിന്നുള്ള വിദഗ‌്ധ സംഘവും കൊച്ചിയിലെത്തി.

ഓസ‌്ട്രേലിയയിൽനിന്നുള്ള ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി നാഷണൽ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിൽനിന്ന‌് എത്തിച്ചു.  മരുന്ന‌് ഉപയോഗിക്കുന്നതിന‌് ഇന്ത്യൻ കൗൺസിൽ ഓഫ‌് മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ന്റെ അനുമതിയും ലഭിച്ചു. എല്ലാ മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡ‌് സജ്ജീകരിക്കാൻ നിർദേശിച്ചു. എറണാകുളം  കലക്ടറുടെ നേതൃത്വത്തിലുള്ള കൺട്രോൾ റൂമാണ‌് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത‌്. സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പൂർണ പിന്തുണ പ്രഖ്യാപിച്ചു.

Top