‘ഹനാന്‍ ജീവിതങ്ങള്‍’ വേറെയുമുണ്ടെന്ന് വെളിപ്പെടുത്തുന്ന കുറിപ്പുമായി അധ്യാപകന്‍

ഹനാന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍, ഹനാന്റെ ജീവിതത്തോട് ചേര്‍ന്നു പോവുന്ന അവളുടേതിന് സമാനമായ ജീവിതം നയിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി മാര്‍ട്ടിന്‍ ജോസഫ് എന്ന അധ്യാപകന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ സ്വന്തം വിദ്യാര്‍ത്ഥിയെ പരിചയപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

സ്ഥിരമായി താമസിച്ചു വരുന്ന ബിരുദ വിദ്യാര്‍ത്ഥിയോട്, നാളെമുതല്‍ നേരത്തെ വരാമെങ്കില്‍ ഇങ്ങോട്ട് വന്നാല്‍ മതി ക്ലാസ്സില്‍ എല്ലാവരുടെയും മുന്‍പില്‍ വച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി പറഞ്ഞപ്പോള്‍ ശരി സര്‍ എന്ന് കുനിഞ്ഞ ശിരസ്സോടെ അവന്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു
പിന്നീട് ഒഴിവു സമയത്ത് അവനെന്നെ തേടി വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സാറെ ഒരുകാര്യം പറയാന്‍ ഉണ്ട്’

‘എന്തുവാടാ’

ആരോടും പറയരുതെന്ന ഉറപ്പില്‍ അവന്‍ പറഞ്ഞു. സാറെ ഞങ്ങള്‍ പശുവിനെ വളര്‍ത്തിയാണ് ജീവിക്കുന്നത് പാല്‍ എല്ലാ വീട്ടിലും കൊടുത്തിട്ട് വരുമ്പോള്‍ താമസിക്കും

നീയൊരു കാര്യം ചെയ്യ് നാളെമുതല്‍ കുറച്ച് നേരത്തെ പശുവിനെ കറക്കാന്‍ പറ എന്നിട്ട് സമയത്ത് ക്ലാസ്സില്‍ വാ ഞാന്‍ പോംവഴി പറഞ്ഞുകൊടുത്തു

‘ആരോട് പറയാനാ സാറെ അമ്മയ്ക്ക് തീരെ വയ്യ ഞാന്‍ 5മണിക്ക് എഴുന്നേറ്റു പശുവിനെ കറക്കും, വീട്ടിലെ പണി ചെയ്യും പിന്നെ പാലും കൊടുത്ത് പുല്ലും പറിച്ചിട്ടാണ് ഇവിടെ വരുന്നത് വൈകിട്ട് ഒരു പണിയും നടക്കത്തില്ല സാറെ എന്നാ മഴയാ’

അവന്‍ പറയുന്നത് ശരിയാണെന്ന് അധ്വാനത്തിന്റെ അടയാളങ്ങള്‍ പേറുന്ന അവന്റെ ശരീരം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കണ്‍തടങ്ങളില്‍ ഇരുണ്ടു കിടക്കുന്ന സങ്കടം അപ്പന്‍ എന്തെടുക്കുവാ എന്ന എന്റെ ചോദ്യത്തെ പിന്നോട്ട് വലിച്ചു. വൈകുന്നേരം ക്ലാസ്സ് വിട്ടപ്പോള്‍ എല്ലാവര്‍ക്കും മുന്‍പേ അവന്‍ ഓടിപ്പോകുന്നത് കണ്ടു സുഖമില്ലാതിരിക്കുന്ന അമ്മയുടെ അടുത്തേക്ക് കരുതലോടെ ഓടി ചെല്ലുകയാണവന്‍.

വൈകിയെത്തുമ്പോള്‍ നഷ്ടമാകുന്ന ക്ലാസ്സ്മുറി പാഠങ്ങളെക്കാള്‍ എത്രയോ വലുതാണീ കുഞ്ഞ് പഠിക്കുന്ന ജീവിത പാഠങ്ങള്‍ എന്ന് ഞാനോര്‍ത്തു.
(ഇങ്ങനെയൊരു കുറിപ്പെഴുതുവാന്‍ കാരണം യൂണിഫോം ഇട്ട മീന്‍കാരി കുട്ടിയുടെ കഥ വായിച്ചതും ഈ കാര്യം സംഭവിച്ചതും ഒരേ ദിവസം ആയതിനാലാണ്)

സ്‌നേഹപൂര്‍വ്വം
ആന്റണി മാര്‍ട്ടിന്‍
സാന്തോം കോളേജ് പ്രിന്‍സിപ്പല്‍

Top