മുസ്ലിമിനെ വിവാഹം കഴിച്ചെന്ന് വെച്ച് താൻ മതം മാറണോ?സ്പെഷ്യൽ മാര്യേജ് ആക്ട് പിന്നെന്തിനാ?പ്രിയാമണി പറയുന്നു  

സ്വകാര്യ ജീവിതത്തിലെ ചില തീരുമാനങ്ങളെക്കുറിച്ച് മനസ് തുറന്ന് പ്രിയാമണി. കഴിഞ്ഞ വർഷമാണ് തന്റെ സുഹൃത്തായ മുസ്തഫാ രാജിനെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. രണ്ടു സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹം കഴിച്ചു എന്നതിന്‍റെ പേരില്‍ ധാരാളം ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട് പ്രിയ. അത്തരം പ്രവണതകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനോടാണ് പ്രിയ മനസ്സ് തുറന്നത്. “ഞാന്‍ ജനിച്ചത്‌ ഹിന്ദുവായിട്ടാണ്; മുസ്തഫ മുസ്‌ലിമും. വിവാഹ ശേഷം ഞാന്‍ മതപരിവര്‍ത്തനം നടത്തും എന്നാണ് എല്ലാവരും കരുതിയത്‌. പക്ഷേ അതിന്‍റെ ആവശ്യമില്ല, അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട്‌ ഉള്ളത്. ഞങ്ങളുടെ മതവിശ്വാസങ്ങളെ പരസ്‌പരം ബഹുമാനിക്കുന്നവരാണ് ഞാനും മുസ്തഫയും. ഞങ്ങളുടെ അച്ഛനമ്മമാരോട് ഞങ്ങള്‍ വിവാഹത്തിന് മുന്‍പ് തന്നെ ഇതേക്കുറിച്ച് സംസാരിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. വേറെ ആര്‍ക്കെങ്കിലും ഇതില്‍ കാര്യമുണ്ട് എന്ന് തോന്നുന്നില്ല,” പ്രിയാ മണി തന്റെ നിലപാട് വ്യക്തമാക്കി. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ മാണി തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത്.

തനിക്കിഷ്ടമുള്ളത് തനിക്കു തോന്നുമ്പോള്‍ ചെയ്യുമെന്നും പ്രസ്‌താവിച്ച പ്രിയ, ഇത്തരം ട്രോളുകളും പരിഹാസങ്ങളും ദക്ഷിണേന്ത്യന്‍ താരങ്ങളുടെ നേര്‍ക്ക്‌ മാത്രമാണ് ഉള്ളതെന്നും ബോളിവുഡില്‍ വേറെ മത വിഭാഗത്തില്‍ പെട്ടവരെ വിവാഹം കഴിച്ച താരങ്ങള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടാറില്ല എന്നും  കൂട്ടിച്ചേര്‍ത്തു. 2017 ഓഗസ്റ്റ് 23നായിരുന്നു മലയാളികളുടെ പ്രിയ താരം പ്രിയാ മണിയും ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫാ രാജും ബെംഗളൂരുവിലെ റജിസ്റ്റര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരായത്.റജിസ്റ്റര്‍ വിവാഹത്തിനു ശേഷം ബെംഗൂരുവിലെ പ്രശസ്തമായ ഹോട്ടലില്‍ വിവാഹ സത്ക്കാരവും നടന്നു. പൂര്‍ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത പ്രണയം തുന്നിച്ചേര്‍ത്ത ഗൗണുമണിഞ്ഞാണ് പ്രിയ റിസപ്ഷനെത്തിയത്. പോക്കറ്റ് ബോര്‍ഡറില്‍ മുത്തുകള്‍ കൊണ്ട് പ്രിയ-മുസ്തഫ എന്നീ പേരുകള്‍ തുന്നിച്ചേർത്ത ഗൗൺ ആയിരുന്നു അത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിനയന്‍ സംവിധാനം ചെയ്ത ‘സത്യ’മാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. ‘പരുത്തിവീരന്‍’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം താരത്തിന് ലഭിച്ചിട്ടുണ്ട്.‘ഒറ്റനാണയം’, ‘തിരക്കഥ’, ‘പുതിയ മുഖം’, ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്‍റ്’, ‘ഗ്രാന്‍ഡ്‌മാസ്റ്റര്‍’ എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍. കൃഷ്‌ കൈമള്‍ സംവിധാനം ചെയ്യുന്ന ‘ആഷിക് വന്ന ദിവസം’ എന്ന ചിത്രമാണ് പ്രിയയുടേതായി ഇനി മലയാളത്തില്‍ റിലീസ് ചെയ്യാനുള്ള സിനിമ.‘കൊടി’ എന്ന തമിഴ് ചിത്രത്തിന്‍റെ കന്നഡ പതിപ്പായ ‘ധ്വജ’യാണ് പ്രിയയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം.

Top