
കോഴിക്കോട്: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. മുരളീധരൻ യാതൊരുവിധ പ്രോട്ടോക്കോൾ ലംഘനവും നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട് തേടി പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പരാതി നിലനിൽക്കില്ലെന്ന തീരുമാനത്തിൽ പി.എം.ഒ എത്തിയത്. വി. മുരളീധരന്‍റെ അറിവോടെ ചട്ടം ലംഘിച്ച് പി ആർ കമ്പനി മാനേജരായ സ്മിതാ മേനോൻ 2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തെന്നായിരുന്നു ആരോപണം. ഇക്കാര്യം ഉന്നയിച്ച് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂരാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് വിശദീകരണം തേടിയിരുന്നു.