പുല്‍വാമ ഭീകരാക്രമണം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും 12 അംഗ എന്‍ഐഎ സംഘവും കശ്മീരിലേക്ക്

നാല്‍പ്പതിലധികം സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണം നടന്ന കശ്മീര്‍ പുല്‍വാമയില്‍ ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍.ഐ.എ) 12 അംഗ ടീം ഇന്ന് എത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ഇന്ന് കശ്മീരിലെത്തുന്നുണ്ട്. രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി (സി.സി.എസ്) യോഗത്തിന് ശേഷമായിരിക്കും രാജ്‌നാഥ് സിങ് കശ്മീരിലെത്തുക. പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ മന്ത്രിസഭാ സമിതി യോഗം വിലയിരുത്തും. രാവിലെ 9.15 ഓടെയാണ് യോഗം. പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ സിസിഎസിലെ അംഗങ്ങള്‍. ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും രാജ്‌നാഥ് സിങ് കാണും. ഇതിനിടെ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചിലയിടങ്ങളില്‍ സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ചിലയിടത്ത് ടു ജി സ്പീഡ് മാത്രമെ ലഭ്യമാക്കൂ. പുല്‍വാമ ജില്ലയിലെ അവന്തിപൂറില്‍ വച്ച് 78 ബസുകളുണ്ടായിരുന്ന കോണ്‍വോയിലേക്ക് സ്‌കോര്‍പിയോ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. 350 കിലോയിലധികം സ്‌ഫോടകവസ്തു ഇടിച്ച് കയറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നു. കാര്‍ ഓടിച്ചത് പുല്‍വാമ സ്വദേശിയായ അദില്‍ അഹമ്മദ് ധറാണെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പാണ് ആദില്‍ ജയ്‌ഷെ ഭീകരസംഘടനയില്‍ ചേര്‍ന്നത്. അപകടത്തിന് ശേഷം പുറത്തു വിടാനുള്ള ഫോട്ടോയും ആദില്‍ തയ്യാറാക്കിയിരുന്നു. ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും എന്ന് വീഡിയോയില്‍ അദില്‍ മുഹമ്മദ് ധര്‍ പറയുന്നു.

Top