ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ഇന്ത്യ ഏറ്റെടുക്കും? 1000 കോടി!!.. കൂടെ ഇന്‍ഡിഗോയും, യാഥാര്‍ഥ്യം എന്താണ് ?

ദോഹ: ഖത്തര്‍ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ പോകുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെട്ട റിപ്പോര്‍ട്ട്.ഖത്തര്‍ എയര്‍വേയ്‌സും ഇന്‍ഡിഗോയും സംയുക്തമായി എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നുവെന്ന് വാര്‍ത്ത നല്‍കിയത് ഫൈനാന്‍ഷ്യല്‍ ടൈംസാണ്. എന്നാല്‍ ഖത്തര്‍ എയര്‍വെയ്‌സ് ഇതിന് തയ്യാറായിട്ടുണ്ടോ? അവരുടെ നിലപാട് മറ്റൊന്നാണ്. എന്നാല്‍ എന്തായിരുന്നു ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം. ഇന്ത്യയുടെ ഔദ്യോഗിക വിമാനകമ്പനിയാണ് എയര്‍ഇന്ത്യ. ഈ കമ്പനി സ്വകാര്യ വല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. വിദേശത്തെ ഒട്ടേറെ വിമാന കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട് മറ്റൊന്നാണ്.എന്താണ് ഇത്തരം വാർത്തക്ക് പിന്നിലെ സത്യാവസ്ഥ ?

ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍നേരത്തെ നടത്തിയ പല പ്രസ്താവനകളും എയര്‍ഇന്ത്യ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയിരുന്നു. ഇന്‍ഡിഗോയുടെ ഓഹരി വാങ്ങാന്‍ ഖത്തര്‍ എയര്‍വേയ്‌സ് ശ്രമിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്‍ഡിഗോ ഒരുക്കമാണെങ്കില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഓഹരി വാങ്ങുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ വാങ്ങുന്നുവെന്ന വാര്‍ത്ത വന്നത്.

ഖത്തര്‍ എയര്‍വെയ്‌സും ഇന്‍ഡിഗോയും സംയുക്തമായി എയര്‍ഇന്ത്യ വാങ്ങുന്നുവെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. ഇതിനു വേണ്ടി രണ്ടു കമ്പനികളും 1000 കോടി രൂപ മാറ്റിവയ്ക്കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ തീരുമനമെടുത്തിരുന്നു. തുടര്‍ന്ന് നിരവധി കമ്പനികള്‍ എയര്‍ ഇന്ത്യ വാങ്ങുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. വിദേശ നിക്ഷേപകര്‍ക്ക് എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ വരെ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് കഴിഞ്ഞ ജനുവരിയിലാണ്. പിന്നീടാണ് വിദേശ കമ്പനികള്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നത്. ഇന്റര്‍ഗ്ലോബ് എവിയേഷന്‍, ടാറ്റ ഗ്രൂപ്പ്, തുര്‍ക്കിയിിലെ സെലിബി ഏവിയേഷന്‍ ഹോള്‍ഡിങ്‌സ് എന്നിവ ഇതില്‍ ചില കമ്പനികള്‍ മാത്രം.air-india-600-

എയര്‍ ഇന്ത്യയ്ക്കും ആറ് അനുബന്ധ കമ്പനികള്‍ക്കും 460 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ മൂന്ന് അനുബന്ധ കമ്പനികള്‍ കനത്ത നഷ്ടത്തിലാണ്. മൊത്തം കടം 850 കോടി ഡോളറാണ്. ഈ സാഹചര്യത്തിലാണ് 1000 കോടി രൂപയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സും ഇന്‍ഡിഗോയും ചേര്‍ന്ന് എയര്‍ഇന്ത്യ ഏറ്റെടുക്കുന്നുവെന്ന് വാര്‍ത്ത വന്നത്. ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലേയെന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചത്. എന്നാല്‍ ഇന്‍ഡിഗോ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം തന്നെയാണ് അറിയിച്ചത്. ഇന്‍ഡിഗോയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ, ഖത്തര്‍ എയര്‍വെയ്‌സിന്റെ പേര് ചേര്‍ത്താണ് പുതിയ വാര്‍ത്ത പ്രചരിച്ചത്.

എയര്‍ഇന്ത്യയുടെ വിദേശ യാത്രാ വിമാന സര്‍വീസുകള്‍ ഏറ്റെടുക്കാനാണ് ഇന്‍ഡിഗോയ്ക്ക് താല്‍പ്പര്യം. വിദേശ സര്‍വീസും ആഭ്യന്തര സര്‍വീസും തരംതിരിച്ച് ഓഹരി വില്‍ക്കുമ്പോള്‍ മാത്രമേ അങ്ങനെ സാധിക്കൂ. പക്ഷേ, തരം തിരിച്ച് ഓഹരി വില്‍ക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്‌സ് എയര്‍ ഇന്ത്യ ഏറ്റെടുത്താല്‍ കമ്പനി രക്ഷപ്പെടുമെന്നാണ് വിലയിരുത്തല്‍. കാരണം ഖത്തര്‍ എര്‍വെയ്‌സിന്റെ അറ്റമൂല്യം 1580 കോടി ഡോളറാണ്. മാത്രമല്ല നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ആഗോളതലത്തില്‍ 1000ത്തോളം എയര്‍പോര്‍ട്ടുകളില്‍ പ്രവേശന അനുമതിയുമുണ്ട്. ഈ സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ ഇന്ത്യ ഏറ്റെടുത്താല്‍ നേട്ടം ഇരട്ടിയാകും.

ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധം ചുമത്തിയത് ഖത്തര്‍ എയര്‍വേയ്‌സിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വിദേശരാജ്യങ്ങളില്‍ സര്‍വീസ് വര്‍ധിപ്പിക്കുമെന്ന് കമ്പനി സിഇഒ അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നത്. ഖത്തറില്‍ നിന്നുള്ള യാത്രകള്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഇപ്പോള്‍ പ്രതിസന്ധിയിലാണ്. സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ വ്യോമ മേഖലകള്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വളഞ്ഞ വഴി തിരഞ്ഞെടുക്കേണ്ടി വരികയും ഇന്ധന ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിദേശ സര്‍വീസ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ വാങ്ങാന്‍ ആലോചിക്കുന്നുവെന്നാണ് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

Latest
Widgets Magazine