ചൈനക്ക് നേരെ കണ്ണുകളുമായി റാഫേൽ !ഫ്രാൻസിൽ നിന്നും തുടർച്ചയായി 7000 കിലോമീറ്റർ പറന്നെത്തി.

ന്യൂഡൽഹി: ചൈനക്ക് നേരെ ഇനി നോട്ടം ശക്തമാക്കി റാഫേൽ വിമാനങ്ങൾ.മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ രാജ്യത്ത് എത്തിച്ചു . ചൈനയുമായി അതിർത്തി സംഘർഷങ്ങൾ പതിവായ കിഴക്കൻ ലഡാക്കിലാകും പുതിയ ബാച്ച് റഫേലുകൾ വിന്യസിക്കുകയെന്നാണ് വിവരം. മൂന്ന് വിമാനങ്ങളാണ് കൈമാറിയത്. ഇതോടെ ഇന്ത്യൻ വ്യോമസേനയിലെ റഫേൽ വിമാനങ്ങളുടെ എണ്ണം 11 ആയി ഉയർന്നു.ഫ്രാൻസിൽ നിന്നും തുടർച്ചയായി 7000 കിലോമീറ്റർ പറന്നാണ് വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത്. വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വ്യാേമസേനയാണ് ഫ്രാൻസിൽ നിന്നുള്ള യാത്രാമദ്ധ്യേ ഇക്കുറി റഫേലിന് ആകാശത്ത് വെച്ച് ഇന്ധനം നിറച്ചത്.

യുഎഇ യുടെ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് ദൗത്യം വിജയകരമായി നിർവ്വഹിച്ചത്. ഇന്ത്യയും യുഎഇയുമായുള്ള പ്രതിരോധ സഹകരണം ദൃഢമാക്കുന്ന നീക്കം കൂടിയായിരുന്നു ഇത്.ജൂലൈ 29 നാണ് ആദ്യ ബാച്ച് റഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത്. അഞ്ച് വിമാനങ്ങളായിരുന്നു കൈമാറിയത്. നവംബറിൽ രണ്ടാമത്തെ ബാച്ചിൽ മൂന്ന് വിമാനങ്ങളും എത്തി. 36 റഫേൽ യുദ്ധ വിമാനങ്ങൾക്കാണ് 2016 സെപ്തംബറിൽ ഇന്ത്യ ഫ്രാൻസുമായി കരാർ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതായിരുന്നു ഇടപാട് .ഫ്രഞ്ച് വ്യാേമയാന മേഖലയിലെ അതികായൻമാരായ ഡസാേൾട്ട് ഏവിയേഷനാണ് ഇന്ത്യയ്ക്ക് റഫേൽ വിമാനങ്ങൾ നിർമ്മിച്ച് നൽകുന്നത്. റഷ്യയിൽ നിന്നും സുഖോയ് യുദ്ധവിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ പുതിയ ശ്രേണിയിലുള്ള വിമാനങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top