റഹീമിന് തീവ്രവാദബന്ധം ചാര്‍ത്തിയത് പെണ്‍വാണിഭസംഘം!!കൊടുംകുറ്റവാളിയെന്ന പ്രചാരണത്തിനിടെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നു പോലീസ്

തിരുവനന്തപുരം: ലഷ്‌കര്‍ ബന്ധം സംശയിച്ചു പോലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ(39) വിട്ടയച്ചു. ബഹ്‌റൈനില്‍ നിന്നും നാട്ടിലെത്തിയ റഹീമിനേയും മുമ്പ് പിടികൂടിയ വയനാട് ബത്തേരി സ്വദേശിയായ യുവതിയേയുമാണ് വിട്ടയച്ചത്. പോലീസും കേന്ദ്ര ഏജന്‍സികളും 24 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നു കൊച്ചി പോലീസ് അറിയിച്ചു.തീവ്രവാദബന്ധത്തിന്റെ പശ്ചാത്തലം ആരോപിച്ച്‌ നിരപരാധിയായ യുവാവിനേയും യുവതിയേയും പോലിസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിനു പിന്നില്‍ പെണ്‍വാണിഭ സംഘത്തിന്റെ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം .

കള്ളപ്രചരണം ഏറ്റുപിടിച്ച പോലിസ് നാടൊട്ടുക്ക് വലവിരിച്ച്‌ കൊടുംകുറ്റവാളിയെന്ന് ധാരണയിലാണ് തൃശൂര്‍ സ്വദേശിയായ കൊടുങ്ങല്ലൂര്‍ മടവന സ്വദേശി അബ്ദുല്‍ഖാദര്‍ റഹീമിനെ പിടികൂടിയത്. അബദ്ധം പിണഞ്ഞതായി ബോധ്യപ്പെട്ടതോടെ പോലിസ് തന്നെ യുവാവിനെ വിട്ടയച്ച്‌ തടിയൂരി. യുവതിയെ പെണ്‍വാണിഭസംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ റഹീമിനോടുള്ള പകപോക്കലിന്റെ ഭാഗമായി ചിലര്‍ തയ്യാറാക്കിയ കള്ളപ്രചരണത്തിന്റെ ആധികാരികത പോലും അന്വേഷിക്കാതെ പോലിസും തീവ്രവാദവേട്ടക്കിറങ്ങി. 27 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതിയില്‍ പോലും ഹാജരാക്കാതെ ഇരുവരെയും വിട്ടയച്ചു.

ബഹ്‌റൈനില്‍ ഹോട്ടല്‍ ലോബിയുടെ കൈയില്‍ അകപ്പെട്ട സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയെ സഹായിച്ചത് റഹീമാണ്. ബഹ്‌റൈനില്‍ തന്നെ ജോലി ചെയ്യുന്ന റഹീം ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. ഇക്കാരണത്താല്‍ വൈരാഗ്യം തോന്നിയ ചിലര്‍ റഹീമിന് തീവ്രവാദസംഘവുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരസംഘടനയെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് കഴിഞ്ഞദിവസം കൊച്ചിയില്‍വച്ച്‌ ഇയാളെ പിടികൂടിയത്. കോടതി മുഖേന അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാനെത്തിയ റഹീമിനെ നാടകീയമായി കീഴ്‌പ്പെടുത്തിയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളൊടൊപ്പം നിരപരാധിയായ യുവതിയേയും പിടികൂടി. എന്നാല്‍ നിരപരാധികളാണെന്ന് കണ്ടെത്തിയതോടെ രണ്ടുപേരെയും വിട്ടയച്ച്‌ പോലിസ് തടിയൂരി. എന്നാല്‍, ഈ സംഭവത്തിന് പിന്നിലെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരാന്‍ പോലിസ് ശ്രമിച്ചതുമില്ല. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിയമനടപടിയിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട് എന്നും തേജസ് റിപ്പോർട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറിയ ലഷ്‌കര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന പേരില്‍ എട്ടുപേരെ തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ കോയമ്ബത്തൂരില്‍ നിന്നു ആറുപേരെ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലിസ് വാദം. പോലിസ് കസ്റ്റഡിയിലുള്ള തൃശ്ശൂര്‍ സ്വദേശിയുമായി ബന്ധമുള്ളവരെയാണ് തമിഴ്‌നാട്ടില്‍ പിടികൂടിയതെന്നാണ് പ്രചരണമുണ്ടായത്. ഇതിനു ചില മാധ്യമങ്ങളും കൂട്ടുനിന്നു. തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ പ്രത്യേക നിര്‍ദേശപ്രകാരം റഹീമിനേയും യുവതിയേയും വിശദമായി ചോദ്യം ചെയ്തത്. ഇരുവരുടേയും യാത്രാരേഖകളും പണമിടപാട് ഉള്‍പ്പടെയുള്ളവയും സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തി. ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന റഹീം തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തുടക്കത്തിലെ നിഷേധിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയില്ലെന്നുമാണ് റഹീം പറഞ്ഞത്.

ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പോലിസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇതിനു പിന്നാലെ ശനിയാഴ്ച ഉച്ചയോടെ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ റഹീമിനേയും നാടകീയമായി പിടികൂടി. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് തന്നെ പോലിസ് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേനെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹരജിയില്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിക്കാനുള്ള നടപടികള്‍ കോടതിയില്‍ തുടരുന്നതിനിടെ പോലിസെത്തി റഹീമിനെ പിടികൂടിയത്.

നേരത്തെ ശ്രീലങ്ക വഴി ലഷ്‌കറെ ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞു കയറിയെന്ന ഭീതിയെ തുടര്‍ന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത കര്‍ശനമാക്കിയിരുന്നു. കോയമ്ബത്തൂരില്‍ എത്തിയതിനു ശേഷം കാണാതായ അഞ്ജാത സംഘത്തിനായി തെരച്ചില്‍ ശക്തമാണ്. ഇതിനിടെയാണ് ഇവരുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റഹീമിനായി പോലീസ് വലവിരിച്ചത്. റഹീമിനെ കുറിച്ചു പോലീസിനു ലഭിച്ച രഹസ്യവിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) പരിശോധിച്ചു. വിദേശത്തു പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ പെണ്‍വാണിഭ മാഫിയ തന്നെ ഭീകരനായി ചിത്രീകരിച്ചു പോലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണു റഹീം പറയുന്നത്.

Top