തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള രേഖകളുമായി ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു, വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച മൊഴിയെടുക്കല്‍ തുടരുകയാണ്. തിരുവനന്തപുരം റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശനാണ് യുവതിയുടെ മൊഴിയെടുക്കുന്നത്.
രാഹുലിനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ഉടന്‍ കേസെടുക്കാനാണ് നീക്കം. പിന്നാലെ അറസ്റ്റിനും സാധ്യതയുണ്ട്. അതേസമയം മുന്‍കൂര്‍ജാമ്യത്തിനായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുല്‍ ബന്ധപ്പെട്ടിട്ടുണ്ട്. നാളെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നറിയുന്നു.
പരാതിക്ക് പിന്നാലെ ഫോണ്‍ ഓഫ് ചെയ്ത രാഹുലിനെ കണ്ടെത്താനായിട്ടില്ല. പാലക്കാട്ടെ എം.എല്‍.എ ഓഫീസ് പൂട്ടിയിട്ട നിലയിലാണ്.ലൈംഗികപീഡനത്തിന് പുറമെ, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, വധഭീഷണി മുഴക്കി എന്നിങ്ങനെ ആരോപണങ്ങളാണ് പരാതിയിലുള്ളത്. തെളിവായി വാട്‌സ്ആപ്പ് ചാറ്റുകള്‍, ശബ്ദസന്ദേശങ്ങള്‍, ചിത്രങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവയും കൈമാറി.
നിന്നെ തീര്‍ക്കാന്‍ അധികം സമയം വേണ്ടെന്ന തരത്തിലെ പരാമര്‍ശങ്ങള്‍ ശബ്ദസന്ദേശത്തിലുള്ളതിനാല്‍ വധശ്രമത്തിനും കേസെടുക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈ.എസ്.പി സി.ബിനുകുമാറിനാണ് അന്വേഷണച്ചുമതല.അതേസമയം പരാതിക്കാരിയുടേതെന്ന രീതിയില്‍ പുതിയ ഒരു ശബ്ദരേഖയും വ്യാഴാഴ്ച പ്രചരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് മരുന്ന് നല്‍കിയെന്നും ഇതേത്തുടര്‍ന്ന് മൂന്നുദിവസം രക്തസ്രാവമുണ്ടായെന്നും ശബ്ദരേഖയില്‍ പറയുന്നു.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിലമ്പൂരിലെത്തിയപ്പോള്‍ വീഡിയോകാള്‍ വഴി വിളിച്ചാണ് രാഹുല്‍ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചത്. രക്തസ്രാവമുണ്ടായി അവശനിലയിലായതോടെ വൈദ്യസഹായം തേടിയെന്നും ശബ്ദരേഖയിലുണ്ട്.


