ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു; പുറത്തിറങ്ങുന്നത് മൂന്ന് മാസത്തെ ജയില്‍വാസത്തിനു ശേഷം

കൊച്ചി : ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പ്രതികളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി. ആര്‍. നായര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിലാണ് ജാമ്യം അനുവദിച്ചത്.

75,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. കൂടാതെ ലൈംഗിക സ്വഭാവമുള്ള കമന്റുകളോ വെബ്‌സൈറ്റ് പോസ്റ്റുകളോ പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥയും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഹാജരാക്കണം, എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കണം, കോടതിയില്‍ ഹാജരാകാനല്ലാതെ സംസ്ഥാനത്തിനു പുറത്തേക്ക് പോകരുത്, സാക്ഷികളെയും കേസിലെ പരാതിക്കാരെയും സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയുള്‍പ്പെടെ അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ചു പെണ്‍വാണിഭം നടത്തിയ കേസില്‍ രാഹുലിനെയും രശ്മിയെയും കഴിഞ്ഞ നവംബര്‍ 18 നാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. ക്രിമിനല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. ഈ കേസില്‍ തിരുവനന്തപുരത്തെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ പ്രതികള്‍ക്കെതിരെ ഇനിയും അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

ഇതാണ് രശ്മിക്കും പശുപാലനും ജാമ്യം കിട്ടാന്‍ കാരണം. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. തൊണ്ണൂറ് ദിവസം കഴിഞ്ഞാലും കുറ്റപത്രം സമര്‍പ്പിക്കാം. പഴുതുകളടച്ച് കുറ്റപത്രം തയ്യാറാക്കാനാണ് ശ്രദ്ധിക്കുന്നത്. എല്ലാ തെളിവുകളും നിരത്ത് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിനു വേണ്ടി വിദേശത്തുനിന്ന് ആവശ്യക്കാരെ തേടിപ്പിടിച്ചു കൊച്ചിയില്‍ കൊണ്ടുവന്നത് ഈ കേസില്‍ പിടിയിലായ അക്ബറായിരുന്നുവെന്നും അന്വേഷണസംഘത്തിനു തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കേരളത്തിലുടനീളമുള്ള വന്‍കിടഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആണ്‍കുട്ടികളെയും ഇതിനുവേണ്ടി ഇവര്‍ ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിനു കിട്ടിയ വിവരം. ആവശ്യക്കാര്‍ക്ക് ആണ്‍കുട്ടികളെയും ഇവരെത്തിച്ചു കൊടുത്തിരുന്നു. ബിസിനസ് ആവശ്യത്തിനും മറ്റുമായി വിദേശത്തുനിന്നു കേരളത്തില്‍ എത്തുന്നവര്‍ക്കാണ് ഗൈഡുകള്‍ എന്ന പേരില്‍ പെണ്‍കുട്ടികളെ അവര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ എത്തിച്ചു കൊടുത്തിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കാഴ്ച്ചവയ്ക്കാന്‍ വന്‍ തുകയാണ് വിദേശികളില്‍ നിന്ന് ഇവര്‍ ഇടാക്കിയിരുന്നത്.

രാഹുല്‍ പശുപാലനെയും രശ്മി നായരേയും നെടുമ്പാശ്ശേരിയിലെ ഹോട്ടലുകളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഇവര്‍ ഇവിടെ പല തവണ എത്തിയിട്ടുണ്ടെന്നും വിദേശികളുള്‍പ്പെടെ നിരവധി ആളുകള്‍ ഇവരെത്തേടി ഇവിടെ എത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ഹോട്ടലിലെ സി.സി ടി.വി. ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു. രാഹുലിന്റെയും രശ്മിയുടെയും കെണിയില്‍ പെട്ട നിരവധി ആളുകള്‍ ഫോണിലുടെയും മറ്റും ക്രൈംബ്രാഞ്ച് സംഘത്തിനു പരാതി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഇതെല്ലാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും.

Top