പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി.തെരച്ചിൽ തുടരുന്നു

കോട്ടയം : രാജമലയ്ക്ക് സമീപം പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ശനിയാഴ്ച സന്ധ്യയ്ക്ക് 6 വരെ നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത 8 പേരും മരിച്ചിരുന്നു. കണ്ടെത്താൻ ബാക്കിയുള്ള 45 പേർക്കായി ഇന്നും തിരച്ചിൽ തുടരും. 26 മൃതദേഹങ്ങളും രാജമല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സമീപത്തെ മൈതാനത്ത് മൂന്നു കുഴികളിലായി കൂട്ടത്തോടെയാണു സംസ്കരിച്ചത്.

വിജില (47), കുട്ടിരാജ് (48), പവൻ തായ് (52), ഷൺമുഖ അയ്യൻ (58), മണികണ്ഠൻ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വെള്ളിയാഴ്ച മരിച്ചവരിലൊരാൾ സരോജ (58) ആണെന്ന് ഇന്നലെ തിരിച്ചറിഞ്ഞു. കാണാതായവരിൽ 19 പേർ സ്കൂൾ വിദ്യാർഥികളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യദിനം 18 മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. ശനിയാഴ‌്ച കണ്ടെത്തിയവ ഉൾപ്പെടെ പോസ‌്റ്റ‌്മോർട്ടം പൂർത്തിയാക്കിയ 17 മൃതദേഹങ്ങൾ സംസ‌്കരിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ഒരു സ്ഥലത്ത്‌ രണ്ടു കുഴികളിലായാണ്‌ സംസ്‌കരിച്ചത്‌. 47 പേർക്കായി തിരച്ചിൽ തുടരുന്നു‌. വെള്ളിയാഴ്‌ച സന്ധ്യയോടെ അവസാനിപ്പിച്ച തെരച്ചിൽ ശനിയാഴ‌്ച രാവിലെ എട്ടോടെ പുനരാരംഭിച്ചു. അഞ്ച‌് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച‌് മണ്ണും പാറക്കല്ലുകളും നീക്കി. രാവിലെ മഴയുടെ ശക്തി കുറഞ്ഞത‌് തെരച്ചിലിന‌് സഹായമായെങ്കിലും ഉച്ചകഴിഞ്ഞതോടെ മഴ കനത്തു.


സമീപ ലയങ്ങളിൽ താമസിച്ചിരുന്നവരുടെ സഹായത്തോടെയായിരുന്നു പരിശോധന. ലയങ്ങ‌ൾ സ്ഥിതിചെയ‌്ത സ്ഥലങ്ങൾ ദുരന്തനിവാരണസേന മനസ്സിലാക്കി മണ്ണുനീക്കാൻ നിർദേശം നൽകി. പ്രദേശമാകെ ചതുപ്പായതിനാൽ രക്ഷാപ്രവർത്തനം ദുഷ‌്കരമാണ്‌. തകരഷീറ്റ‌് വിരിച്ച‌് അതിന്‌ മുകളിലൂടെ നടന്നാണ‌് സേനാംഗങ്ങൾ മൃതദേഹങ്ങൾ സ‌്ട്രെച്ചറിൽ പുറത്തേക്കെത്തിച്ചത‌്. നിരവധി മൃതദേഹങ്ങൾ ചതുപ്പിനും പാറക്കല്ലുകൾക്കും അടിയിൽപ്പെട്ടിരിക്കാമെന്നാണ‌് സംശയം. കൂറ്റൻ പാറക്കല്ലുകൾ പൊട്ടിച്ചുനീക്കാൻ ശ്രമം തുടങ്ങി. സമീപത്തെ പുഴയിലും തെരച്ചിൽ തുടരുന്നു. കണ്ടെത്തിയ മൃതദേഹങ്ങൾ വൃത്തിയാക്കി ഇൻക്വസ‌്റ്റ‌് പൂർത്തീകരിച്ചശേഷം രാജമല നയമക്കാട‌് ആശുപത്രിയിൽ പോസ‌്റ്റ‌്മോർട്ടം ചെയ‌്തു. കണ്ണൻദേവന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ സ്ഥലത്ത‌് പ്രത്യേക കുഴിയെടുത്ത‌് ഒരുമിച്ച‌് സംസ‌്കരിച്ചു. മന്ത്രിമാരായ എം എം മണി, ഇ ചന്ദ്രശേഖരൻ എന്നിവർ ദുരന്തസ്ഥലം സന്ദർശിച്ചു.

പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചവരിൽ പളനിയമ്മയുടെ (50) നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. പെട്ടിമുടി ഡിവിഷനിലെ സരസ്വതി (52), നായംകാട് എസ്‌റ്റേറ്റിലെ സീതാലക്ഷമി (33) എന്നിവരും ഇവിടെ ചികിത്സയിലുണ്ട്. മറ്റ് രണ്ടുപേരുടെയും ശരീരത്തിൽ പലയിടത്തും നിരവധി ഒടിവുകളും ചതവുകളും സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ഗുരുതരമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. സരസ്വതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.

പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായ ആറ്‌ വനംവകുപ്പ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് വനംവകുപ്പിന്റെ സമാശ്വാസഫണ്ടിൽനിന്ന് 50,000 രൂപവീതം നൽകുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി പറഞ്ഞു. വാച്ചർമാരായ മണികണ്ഠൻ, അച്യുതൻ, രാജ, ഡ്രൈവർമാരായ ഗണേശൻ, മയിൽസ്വാമി, ലേഡിവാച്ചർ രേഖ എന്നിവരെയാണ് ദുരന്തത്തിൽ കാണാതായത്. ഇതിൽ രേഖയുടെ മൃതദേഹം ലഭിച്ചു. ഇവരെല്ലാം താത്‌കാലിക ജീവനക്കാരാണ്.മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരൻ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻസ് കമ്പനി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 78 പേരാണ് ലയങ്ങളിലുണ്ടായിരുന്നത്.

Top