വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വൈദികന്‍ കീഴടങ്ങി

കൊച്ചി  :  പീഡന കേസിൽ കത്തോലിക്കാ സഭയിലെ മറ്റൊരു വൈദികൻ കൂടി ജയിലിലാവുന്നു.   ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദികന്‍ കീഴടങ്ങി. വൈക്കം കോടതിയിലാണ് കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. തോമസ് താന്നിനില്‍ക്കുംതടത്തില്‍ കീഴടങ്ങിയത്. ബ്രിട്ടിഷ് പൗരത്വമുള്ള ബംഗ്ലദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ ആഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായാണ് വൈദികനെതിരായ പരാതി.

42 വയസ്സുള്ള വിദേശ വനിത ബുധനാഴ്ചയാണ് കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പള്ളി വികാരി സ്ഥാനത്തു നിന്ന് ഫാ. തോമസിനെ പാലാ രൂപതാ നേരത്തെ നീക്കം ചെയ്തിരുന്നു. അജപാലന ഉത്തരവാദിത്തങ്ങളില്‍ നിന്നും ഔദ്യോഗികമായ എല്ലാ കൃത്യനിര്‍വഹണങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി. അന്വേഷണങ്ങളോട് പൂര്‍ണമായി സഹകരിക്കുമെന്ന് രൂപതാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, കള്ളക്കേസില്‍ കുടുക്കി അപമാനിക്കുന്നതിനാണ് യുവതി ശ്രമിക്കുന്നതെന്ന് ഫാ. തോമസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട തനിക്ക് വൈദികന്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നെന്ന് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വിളിച്ചുവരുത്തിയെന്നും സിംബാബ് വെ
സ്വദേശിയായ യുവാവിനൊപ്പമാണ് താന്‍ വന്നതെന്നും യുവതി പറയുന്നു. തുടര്‍ന്ന് വൈദികന്‍ പള്ളിമേടയിലും ഹോട്ടലിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി.

വിദേശത്തേക്ക് തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു ഹോട്ടലില്‍ വച്ച് വീണ്ടും കണ്ടതായും സ്വര്‍ണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടല്‍ മുറി പൂട്ടി ഫാ. തോമസ് കടന്നുകളഞ്ഞതായും മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ കടുത്തുരുത്തി പൊലീസ് കേസെടുത്തു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി.

ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്ക്, ഡിവൈഎസ്പി കെ. സുഭാഷ് എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കുമരകത്തെ ഹോട്ടലില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. യുവതിയെ കല്ലറയിലെ മഹിളാ മന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഫാ. റോബിന്‍ അച്ചന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഈ സംഭവം കത്തോലിക്കാ സഭയെ ശരിക്കും നാണം കെടുത്തിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ സഭയ്ക്ക് മൊത്തത്തില്‍ നാണക്കേടുണ്ടാക്കുന്ന മറ്റൊരു പീഡന ആരോപണം കൂടി പുറത്തുവന്നിരിക്കുന്നത്.വിദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയിൽ നിന്ന് പാല രൂപത പുറത്താക്കി.

Top