മകന് വേണ്ടി ഗര്‍ഭിണിയായി അമ്മ; ഒരു മനോഹരമായ കുടുംബ കഥ

അര്‍കാന്‍സാസിലെ ടെക്‌സാര്‍കാനക്കാരിയായ കെയ്‌ല ജോണ്‍ എന്ന 29കാരിക്ക് കുഞ്ഞുങ്ങളുണ്ടാകില്ലായിരുന്നു. ഭര്‍ത്താവ് കോഡിനുമൊന്നിച്ച് സുന്ദരമായൊരു കുടുംബ ജീവിതം സ്വപ്‌നം കണ്ട കെയ്‌ലയ്ക്ക് പക്ഷെ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ചില തടസങ്ങളുണ്ടായിരുന്നു. 17ാമത്തെ വയസില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നത് കെയ്‌ലയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. കുഞ്ഞുങ്ങളെ സ്വപ്‌നം കണ്ട് നടന്ന കെയ്‌ലയ്ക്കും കോഡിനും മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗം വാടക ഗര്‍ഭധാരണം മാത്രമായിരുന്നു. ”എന്റെ അണ്ഡാശയം നീക്കം ചെയ്തിട്ടില്ലാത്തതിനാല്‍ ബയോളജിക്കലി ഒരു അമ്മയാകാന്‍ 1എനിക്ക് സാധിക്കും. വാടക ഗര്‍ഭധാരണത്തിലൂടെ”, കെയ്‌ല പറഞ്ഞു. അങ്ങനെയാണ് വാടകഗര്‍ഭധാരണത്തെ കുറിച്ച് ഇരുവരും ചിന്തിച്ചത്. എന്നാല്‍ അതിന് പറ്റുന്ന ഒരു സ്ത്രീയെ കണ്ടെത്താന്‍ അവര്‍ക്ക് ആദ്യം സാധിച്ചില്ല.”2012ലാണ് ഞാനും ഭര്‍ത്താവും വിവാഹിതരായത്. ഇടയ്‌ക്കൊക്കെ ഭര്‍ത്താവിന്റെ അമ്മ തമാശയ്ക്ക് പറയുമായിരുന്നു അവര്‍ ഞങ്ങള്‍ക്ക് വേണ്ടി വാടകഗര്‍ഭധാരണം ചെയ്യാമെന്ന്. ഒരുപാട് അന്വേഷിച്ചിട്ടും പറ്റിയ ഒരാളെ കിട്ടാതെ വന്നതോടെയാണ് അമ്മായിയമ്മ പറഞ്ഞതിനെ കുറിച്ച് ഞങ്ങള്‍ കാര്യമായി എടുത്തത്”, കെയ്‌ല പറഞ്ഞു. നിരവധി പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം കോഡിയുടെ അമ്മ പാറ്റി വാടക ഗര്‍ഭധാരണത്തിന് അനുയോജ്യയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്ങനെ അവര്‍ കുഞ്ഞുങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായി. ആദ്യ ഘട്ടം പരാജയമായിരുന്നു. അത് സങ്കടമുണ്ടാക്കിയെങ്കിലും പിന്തിരിയാന്‍ അവര്‍ തയ്യാറായില്ല. അങ്ങനെ2 അടുത്ത ശ്രമവും തുടര്‍ന്നു. 2017 മെയില്‍ പാറ്റി ഗര്‍ഭിണിയായി. 7 മാസത്തിന് ശേഷം ഒരാണ്‍ കുഞ്ഞ് പിറന്നു. അലന്‍ ജോണ്‍സ്. സിസേറിയനായിരുന്നു. കാര്യങ്ങളെല്ലാം നന്നായി നടന്നു. പാറ്റിയും കുഞ്ഞും സുഖമായിരിക്കുന്നു.

Top