കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കപ്യാരുടെ കുത്തുകൊണ്ട് മരിച്ച സംഭവത്തില്‍ കപ്യാരോട് ക്ഷമിക്കാന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ആഹ്വാനം. ഫാ. സേവ്യര്‍ തേലക്കാട്ടിലാണ് കപ്യാരായ വടട്പ്പറമ്പന്‍ ജോണിയുടെ കുത്തേറ്റ് മരണപ്പെട്ടത്. മകളുടെ അന്യമതക്കാരനുമായുള്ള വിവാഹത്തിന് ശേഷം ജോലി പോയി. കുടുംബത്തെ നോക്കാനുള്ള ബുദ്ധിമുട്ടുകളാണ് കപ്യാരെ കൊലപാതകിയാക്കിയത്. ഈ സാഹചര്യം ഓര്‍മ്മപ്പെടുത്തിയായിരുന്നു മാപ്പ് നല്‍കാനുള്ള കര്‍ദിനാളിന്റെ ആഹ്വാനം.
എന്നാല്‍ കര്‍ദിനാളിന്റെ ആഹ്വാനം അക്ഷരംപ്രതി തേലക്കാടിന്റെ കുടുംബം ഏറ്റെടുത്തു. മുന്‍ കപ്യാരുടെ കുത്തേറ്റു മരിച്ച കുരിശുമുടി റെക്ടറുടെ അമ്മയും സഹോദരങ്ങളും കപ്യാരുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു ഹൃദയഭേദകമായ ആ കൂടിക്കാഴ്ച നടന്നത്. കുത്തേറ്റു മരിച്ച റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ, മൂത്ത സഹോദരി ത്രേസ്യ, സഹോദരന്‍ സെബാസ്റ്റ്യന്‍, പേരപ്പന്‍ പാപ്പച്ചന്‍, പേരപ്പന്റെ മക്കളായ വിനോജ്, ഫാ. സേവ്യര്‍ തേലക്കാട്ട് (ബിജു) എന്നിവരാണു കുരിശുമുടി കപ്യാരായിരുന്ന മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിയുടെ വീട്ടിലെത്തിയത്. പിന്നെ നടന്നതെല്ലാം ആരേയും കരയിപ്പിക്കുന്ന കാഴ്ചകള്‍.
ത്രേസ്യാമ്മയും ജോണിയുടെ ഭാര്യ ആനിയും പരസ്പരം കണ്ടയുടനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ‘നമുക്കെല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാം, എല്ലാം ദൈവത്തിന്റെ കരങ്ങളില്‍ അര്‍പ്പിക്കാം’ എന്നു മരിച്ച റെക്ടറുടെ വയോധികയായ അമ്മ പറഞ്ഞു. അവര്‍ ആനിയുടെ തോളില്‍ തടവി ആശ്വസിപ്പിക്കുകയും ചെയ്തു. ആനി വാക്കുകള്‍ കിട്ടാതെ കരഞ്ഞു. കൈകള്‍ കൂപ്പി മാപ്പപേക്ഷിച്ചു. ജോണിയുടെ രണ്ടു പെണ്‍മക്കളും വീട്ടിലുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ക്ക് രണ്ട് പേരേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥ.
റെക്ടറുടെ കുടുംബാംഗങ്ങള്‍ മടങ്ങിയ ഉടനെ ജോണിയുടെ ഭാര്യ ആനി വിഷമം താങ്ങാനാവാതെ തളര്‍ന്നുവീണു. അവരെ കാടപ്പാറയിലെ സ്വകാര്യ ആശുപത്രിയിലാക്കി പ്രാഥമിക ശുശ്രൂഷ നല്‍കി. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. ഡോ. ജോണ്‍ തേയ്ക്കാനത്തും കൈക്കാരന്മാരും റെക്ടറുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അയല്‍വാസികളും എല്ലാത്തിനും സാക്ഷിയായി. കുരിശുമുടി പാതയില്‍ മലയിറങ്ങി വരികയായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ട് ജോണിയുടെ കുത്തേറ്റു മരിച്ചതു കഴിഞ്ഞ വ്യാഴാഴ്ചയാണ്. കപ്യാര്‍ സ്ഥാനത്തു നിന്നു റെക്ടര്‍ തന്നെ മാറ്റിനിര്‍ത്തിയതിലെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം.
രോഷമാണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജോണി പിന്നീടു പൊലീസിനോടു പറഞ്ഞു. അക്രമത്തിനു പിറ്റേദിവസം കുരിശുമുടി കാട്ടിനുള്ളില്‍ നിന്നാണു ജോണിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. കൊലയ്ക്ക് ശേഷം കുരിശുമുടിയുടെ ഒന്നാം സ്ഥലത്തിനടുത്ത് പന്നി ഫാമിന്റെ ഷെഡ്ഡ് പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്നു ജോണി. വ്യാഴാഴ്ച ഉച്ചയ്ക്ക് സംഭവം നടന്ന ശേഷം ഒളിവില്‍ പോയ പ്രതി ഭക്ഷണമോ വെള്ളമോ കഴിച്ചിരുന്നില്ല. അതിനാല്‍ തീരെ ക്ഷീണിതനായാണ് കാണപ്പെട്ടത്. പൊലീസിനെ കണ്ടിട്ടും ഓടി രക്ഷപ്പെടാനുള്ള ശ്രമമുണ്ടായില്ല.
പ്രതിയെ പൊലീസ് കൊണ്ടുപോകുന്നതിനിടെ ഒരു വിഭാഗം ആളുകള്‍ ബഹളം വച്ചു. വിലങ്ങുവച്ച് നടത്തിക്കൊണ്ടുപോകണമെന്നായിരുന്നു ആവശ്യം. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം പൊലീസ് അതിനു തയ്യാറായില്ല. ചെറിയ തോതില്‍ ബലപ്രയോഗം നടത്തിയാണ് പ്രതിയെ പൊലീസ് ജീപ്പില്‍ കയറ്റിയത്. പിടികൂടുമ്പോള്‍ ജോണി മുണ്ട് താറുടുത്തിരിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ സൗകര്യപൂര്‍വമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, പൊലീസിനൊപ്പം തിരച്ചിലില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത് പ്രതി മരത്തില്‍ ഉടുമുണ്ട് കെട്ടി ആത്മഹത്യക്ക് ശ്രമിച്ചെന്നും മുണ്ട് കീറി താഴെ വീണുവെന്നുമാണ്. മുണ്ട് കീറിയതിനാല്‍ ചുരുട്ടി ഉടുത്തതാണെന്നാണ് പറയുന്നത്.
വെള്ളിയാഴ്ച രാവിലെ രണ്ടുതവണ ഇയാള്‍ വെള്ളം തേടി തീര്‍ത്ഥാടന പാതയ്ക്കരികെ വന്നിരുന്നു. പൊലീസിന്റെ സാന്നിധ്യം കണ്ട് മടങ്ങുകയായിരുന്നു. ജോണി ഈ ഭാഗത്തുണ്ടെന്ന് പൊലീസിനും ഏകദേശ ധാരണ ലഭ്യമായിരുന്നു. ചൂടില്‍ വെള്ളം കിട്ടാതെ പ്രതിക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന കണക്കുകൂട്ടലില്‍ പൊലീസ് തീര്‍ത്ഥാടന പാതയോരങ്ങള്‍ നിരീക്ഷണത്തില്‍ വച്ചിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ പിടിയിലായത്. റെക്ടറെ കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിരുന്നു.
30 വര്‍ഷത്തോളമായി കുരിശുമുടി പള്ളിയിലെ കപ്യാര്‍ ആയിരുന്നു ജോണി വട്ടപ്പറമ്പന്‍. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ മൂന്നു മാസമായി സസ്‌പെന്‍ഷനിലായിരുന്നു. ജോണിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഫാ.സേവ്യര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഈ പള്ളിയിലെ രണ്ട് കപ്യാരുമാരില്‍ ഒരാളായിരുന്നു ജോണി വട്ടപ്പറമ്പന്‍.


