ശബരിമലയിലെയ്ക്ക് പുറപ്പെട്ടത് രണ്ട് സ്ത്രീകള്‍; സുരക്ഷയൊരുക്കാതെ പോലീസ്; ബലം പ്രയോഗിച്ച് തിരിച്ചിറക്കി

പമ്പ: മകരവിളക്കിന് ശേഷവും ശബരിമലയില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്ന് രണ്ട് യുവതികള്‍ ശബരിമലദര്‍ശനത്തിനെത്തി. ഇവരെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തും ശാനിലയുമാണ് ദര്‍ശനത്തിനെത്തിയത്. പ്രതിഷേധവുമായി എത്തിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് യുവതികള്‍ എത്തിയത്.

എന്നാല്‍ പോലീസ് ഇവരെ ബലം പ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു. നീലിമലയില്‍നിന്ന് പൊലീസ് വാഹനത്തില്‍ യുവതികളെ നീക്കി. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഏഴംഗ സംഘത്തിനൊപ്പമാണ് രണ്ടു യുവതികളും മലകയറ്റം ആരംഭിച്ചത്. ദര്‍ശനത്തിനുശേഷം മടങ്ങിയ തീര്‍ഥാടകര്‍ ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതിഷേധിച്ചു. വിവരം പടര്‍ന്നതോടെ കൂടുതല്‍ തീര്‍ഥാടകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. അതിനിടെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ നാലരയോടെയാണ് ഇവരെ നീലിമലയില്‍ തടഞ്ഞത്. നീലിമലയിലും പരിസരത്തും പ്രതിഷേധം ശക്തമാകുകയാണ്. സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്ന് യുവതികള്‍ വ്യക്തമാക്കി. മാലയിട്ട് വൃതംനോറ്റ് വന്നത് തിരിച്ചുപോകാനല്ലെന്ന നിലപാടിലാണ് യുവതികള്‍. പ്രതിഷേധം ഉണ്ടായപ്പോള്‍ അവരെ മാറ്റുവാന്‍ പോലീസ് തയ്യാറായില്ലെന്നും യുവതികള്‍ ആരോപിക്കുന്നു. രണ്ട് മണിക്കൂറുകളായി ഇവരെ തടഞ്ഞുവെച്ചിരുന്നു.

പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി ‘കൊല്ലണം അപ്പാ’ എന്നാണ്. അവരു സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നാലു മാസത്തോളമായി വ്രതം നോല്‍ക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികള്‍ പറഞ്ഞു തരണമെന്നും രേഷ്മ ആവശ്യപ്പെടുന്നു.

Top