സസ്യാഹാരം മാത്രം കഴിച്ച് ഒരു ജനതയ്ക്ക് ആരോഗ്യം നിലനിര്‍ത്താനാകുമോ? മാംസാഹാരം കഴിക്കുന്നത് ക്രൂരതയോ? ശാസ്ത്രീയമായി വിശദീകരിക്കുന്നു

കേന്ദ്ര ഗവണ്‍മെന്റ് വരുന്ന പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സസ്യാഹാരം ശീലമാക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പരസ്യം തയ്യാറാക്കിയിരിക്കുകയാണ്. കൂടാതെ കന്നുകാലി വധി നിരോധനവും ബിജെപി ഭരിക്കുന്ന യുപിയിലെ ഇറച്ചി കടകള്‍ അടച്ച് പൂട്ടുന്നതും എല്ലാം സസ്യാഹാരം കഴിക്കുവാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ബ്രാഹ്മണ്യമായ ഭക്ഷണ ക്രമം നിര്‍ബന്ധപൂര്‍വ്വം ശീലിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ടയാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ സത്യത്തില്‍ മാംസാഹാരം അങ്ങനെ വര്‍ജ്ജിക്കേണ്ടതാണോ ? സസ്യാഹാരം മാത്രം കഴിച്ചാല്‍ നിലനില്‍പ്പ് സാധ്യമാകുമോ ഡോ. ജിമ്മി മാത്യു ശാസ്ത്രീയമായി വിശദീകരിക്കുന്നു.

നോണ്‍ വെജിറ്റേറിയന്‍ ആകുന്നതും ആരോഗ്യവും മറ്റു കുനുഷ്ടുകളും:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ ഒരിക്കല്‍ സംസ്ഥാനത്തിന് പുറത്തു പഠിക്കുമ്പോള്‍ ഒരാളുമായി ഒരു തര്‍ക്കം നടന്നു അയാള്‍ പറഞ്ഞു: ‘മനുഷ്യന്‍ ശരിക്കും വെജിറ്റേറിയന്‍ ആണ്. നമ്മുടെ പണ്ടുണ്ടായിരുന്ന പൂര്‍വിക മനുഷ്യരും വെജിറ്റേറിയന്‍ തന്നെ. നമ്മള്‍ ആവണം ‘ ഉടന്‍ ഞാന്‍ ഇടങ്കോലിട്ടു. ഇടണമല്ലോ. നമ്മള്‍ നോണ്‍ വെജിറ്റേറിയന്‍ ആണല്ലോ. അപ്പോള്‍ പിന്നെ ഉടക്കിയല്ലേ പറ്റൂ .

നമ്മുടെ മനസ്സിലെ ന്യായീകരണ ഫാക്ടറി ഇങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത്. നമ്മള്‍ എല്ലാവരും ന്യായീകരണ തൊഴിലാളികള്‍ ആണ്. നമ്മുടെ വിശ്വാസങ്ങള്‍ വച്ച് ഒരലക്കാണ്. അതിനനുസരിച്ചുള്ള തെളിവുകള്‍ അവിടന്നും ഇവിടന്നും തപ്പി പിടിക്കും. എന്നാലും ഒരു പരിധി വരെ ഇതിനെ മാറി കടന്നു സത്യത്തെ പുല്‍കാന്‍ നമുക്ക് കഴിയും കഴിയണം.

പത്തുപതിനഞ്ചു ലക്ഷം വര്‍ഷങ്ങളായി മനുഷ്യരും മനുഷ്യപൂര്‍വികരും ഇറച്ചി നല്ല ഉഷാറായി കഴിച്ചിരുന്നു എന്നതിന് ആര്‍ക്കും തര്‍ക്കമില്ല. (ആധുനിക മനുഷ്യന്‍ ഉണ്ടായിട്ടു രണ്ടു ലക്ഷം വര്‍ഷങ്ങള്‍ എങ്കിലും ആയി. ഹോമോ ഇറക്റ്റസ് എന്ന മനുഷ്യ പൂര്‍വികര്‍ ഉണ്ടായിട്ടു ഇരുപതു ലക്ഷം വര്‍ഷങ്ങളും.)

അതെങ്ങനെ മനസ്സിലായി ? നമ്മള്‍ നോക്കിയത് കൊണ്ട് മനസ്സിലായി . ഫോസില്‍ തീട്ടം അങ്ങനെ ഒരു സാധനമുണ്ട് ! എന്താല്ലേ ? ലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള ആദിമ മനുഷ്യന്റെ ഫോസില്‍ തീട്ടം തപ്പി നോക്കിയാല്‍ കാണാം എല്ലുകള്‍, മുള്ളുകള്‍ , ഇറച്ചിയിലെ പ്രോട്ടീന്റെ അംശങ്ങള്‍ .

പിന്നെ പഴയ മനുഷ്യന്റെ വാസസ്ഥലങ്ങളില്‍ നിറച്ചും എല്ലുകളും, മുള്ളുകളും, കക്കയുടെയും മറ്റും തോണ്ടുകളും കുറെ അധികം ഉണ്ട് . പിന്നെ എല്ലുകളില്‍ നിന്നും കല്ല് കത്തികള്‍ ഉപയോഗിച്ചു ഇറച്ചി എടുത്തത്തിന്റെ പാടുകളും .

ഇപ്പോഴും ആദിമ മനുഷ്യ ഗോത്രങ്ങള്‍ ഉണ്ടല്ലോ. ഒറ്റ എണ്ണം പോലും വെജിറ്റേറിയന്‍ അല്ല !

നമ്മുടെ ശരീരവും ഇറച്ചി തിന്നാന്‍ തന്നെ ഉള്ളതാണ്. നമ്മുടെ കുടലിനു അത്ര നീളം ഇല്ല. പൊതുവെ വെജിറ്റേറിയന്‍ ആയ ഗൊറില്ലയുടെ വീര്‍ത്ത കുട വയര്‍ നോക്കൂ. ഇറച്ചി നന്നായി വെട്ടുന്ന ചിമ്പാന്‍സി ആണ് നമ്മുടെ ഏറ്റവും അടുത്ത ബന്ധു. നമ്മുടെ വയറിന്റെ ഘടന ഏകദേശം അങ്ങനാണ് .

നമ്മുടെ ചോരയിലുള്ള ഓക്‌സിജന്റെ ഇരുപതു ശതമാനം വിഴുങ്ങുന്ന നമ്മുടെ ഭീകര തലച്ചോറിനെ തീറ്റ കൊടുത്തു നില നിര്‍ത്താന്‍ വെജിറ്റേറിയന്‍ ഭക്ഷണം കൊണ്ട് മാത്രം പഴയ കാലത്തു സാധിക്കുമായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു.

ചോരയിലുള്ള ഹേം എന്ന ഇരുമ്പു സത്ത് ദഹിപ്പിക്കാന്‍ നമുക്ക് വേറൊരു മെക്കാനിസം തന്നെ ഉണ്ട്. പച്ചക്കറിയിലെ ഇരുമ്പ് വലിച്ചെടുക്കുന്നത് അങ്ങനല്ല .

പ്യുവര്‍ വെജിറ്റേറിയന്‍ ആയാല്‍ (പാല് പോലും കഴിക്കാത്ത വേഗന്‍സ് എന്നാണ് ഇവരെ പറയുക. ഇവര്‍ പാല്‍. തൈര്, വെണ്ണ, ചീസ് ഒന്നും കഴിക്കില്ല) മനുഷ്യര്‍ക്ക് വിറ്റാമിന്‍ ബി ട്വല്‍വ് എന്ന വിറ്റാമിന്റെ കുറവ് മൂലം അസുഖങ്ങള്‍ വരും . അതിന്റെ ഗുളിക കഴിച്ചാലേ പ്യുവര്‍ വെജിറ്റേറിയന്‍ ആയി ജീവിക്കാന്‍ പറ്റൂ. ഇത് വൈദ്യ ശാസ്ത്രത്തിന് അറിയാവുന്ന ഒരു സത്യമാണ് .

എന്നാല്‍ ഇതൊന്നും നോണ്‍ വെജിറ്റേറിയന്‍ ആകുന്നതിനുള്ള ന്യായീകരണങ്ങള്‍ അല്ല. പണ്ട് നമ്മള്‍ സ്ഥിരം തമ്മില്‍ തല്ലി കൊല്ലും കൊലയും ആയിരുന്നു. എന്ന് വച്ച ഇന്നും അങ്ങനെ ചെയ്യണോ ?

ഇന്ന് നമുക്ക് കാലങ്ങളായി വീര്‍പ്പിച്ചെടുത്ത അരിയും ഗോതമ്പും പയറും ഒക്കെയുണ്ട്. മെച്ചപ്പെട്ട വെജിറ്റേറിയന്‍ പ്രോടീനുകള്‍ ഉണ്ട്. പാലും തൈരുമുണ്ട് . അതും കഴിക്കാത്തവര്‍ക്ക് വിറ്റാമിന്‍ ബി 12 ടാബ്ലറ്റുകള്‍ ഉണ്ട്. ഇന്ന് വെജിറ്റേറിയന്‍ ആകാന്‍ ഒരു പാടുമില്ല. അതാണോ നമ്മുടെ ആരോഗ്യത്തിനു നല്ലത് ?

അങ്ങനെ പറയാന്‍ പറ്റില്ല എന്ന് തന്നെ പറയാം. ചൈനക്കാരും ജപ്പാന്‍ കാരും ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ ലോകത്തില്‍ തന്നെ മുന്നില്‍ നില്‍ക്കുന്നവരാണ്. അവര്‍ എല്ലാവരും തന്നെ മാംസവും മീനും ഇഷ്ടം പോലെ കഴിക്കുന്നവരും ആണ് .

ഇപ്പോഴുള്ള ആദിമ ഗോത്ര സമൂഹങ്ങള്‍ എല്ലാം തന്നെ ഇറച്ചി തീനികള്‍ ആണ്. ചിലര്‍ കൂടുതലും വെജിറ്റേറിയന്‍ ആണ് കഴിക്കുന്നത്. ചിലര്‍ ഇറച്ചി മാത്രം കഴിക്കുന്നവര്‍ ആണ്. എന്നാല്‍ പ്രമേഹം, പ്രഷര്‍ തുടങ്ങിയ അസുഖങ്ങള്‍ ഇല്ലായ്മ ഇവയൊക്കെ എല്ലാ ആദിമ മനുഷ്യ ഗോത്രങ്ങളുടെയും പ്രത്യേകതകളാണ് (അവര്‍ക്ക് ആരോഗ്യം കൂടുതല്‍ ആണെന്നോ ആയുസ്സു കൂടുതല്‍ ആണെന്നോ പറയാന്‍ പറ്റില്ല. അവര്‍ക്ക് വേറെ പ്രശ്‌നങ്ങള്‍ ഉണ്ട്). ഇതില്‍ വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ വ്യത്യാസങ്ങള്‍ ഇല്ല എന്ന് സാരം.

ഇന്ത്യയില്‍ പ്രത്യേകിച്ച് ഹൃദയാഘാതം, സ്‌ട്രോക്ക്, പ്രഷര്‍, പ്രമേഹം ഇവയൊക്കെ നോണ്‍ വെജിറ്റേറിയന്‍ ആളുകളിലും വെജിറ്റേറിയന്‍ ആളുകളിലും ഒരേ പോലെ തന്നെ കാണുന്നു. എന്നാല്‍ ചില പാശ്ചാത്യ പഠനങ്ങളില്‍ വെജിറ്റേറിയന്‍ ആളുകള്‍ ലേശം കൂടുതല്‍ ആരോഗ്യവാന്‍മാരും ഒക്കെ ആണെന്ന് കാണുന്നു. പക്ഷെ പാശ്ചാത്യ ലോകത്ത് പൊതുവെ വെജിറ്റേറിയന്‍സ് മറ്റുള്ളവരെക്കാള്‍ മെലിഞ്ഞവരും വ്യായാമം ചെയ്യുന്നവരും ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ ഉള്ളവരും ആണെന്നാണ് കാണുന്നത്. അത് കൊണ്ട് താരതമ്യം ബുദ്ധിമുട്ടാണ്.

റെഡ് മീറ്റ് എന്ന് പറയുന്ന, ആട്, മാട് \, പോര്‍ക്ക് എന്നിവയുടെ ഉപയോഗം കൊളസ്റ്ററോള്‍ കൂട്ടുന്നതായും കൊളോണ്‍ ക്യാന്‍സറിന്റെ സാധ്യത നേരിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതും ആയി കാണുന്നു. എന്നാല്‍ കോഴിക്ക് ഈ കുഴപ്പം ഇല്ല. മല്‍സ്യം വളരെ നല്ലതാണ് എന്നാണു കാണുന്നത് !

ഇപ്പോള്‍ വളരെ ആരോഗ്യകരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ‘മെഡിറ്ററേനിയന്‍ ഭക്ഷണ ക്രമം ‘ ഒരു പക്കാ നോണ്‍ വെജിറ്റേറിയന്‍ ക്രമം ആണ്.

പൊതുവെ പറഞ്ഞാല്‍ ഭക്ഷണത്തിന്റെ അളവാണ് ഏറ്റവും പ്രധാനം എന്ന് കാണാം. അളവ് കുറച്ചു, വ്യായാമം കൂട്ടി പൊണ്ണത്തടി ഒഴിവാക്കുന്നതാണ് ആരോഗ്യ ഭക്ഷണ ക്രമത്തിന്റെ കാതല്‍. അല്ലാതെ വെജിറ്റേറിയനോ നോണോ എന്നുള്ളതല്ല. റെഡ് മീറ്റ് ‘ആഴ്ചയില്‍ ഒരിക്കല്‍ കുറച്ച്’ എന്ന് വേണമെങ്കില്‍ പറയാം. അത്ര മാത്രം.

എന്നാല്‍ രണ്ടു കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതായി ഉണ്ട് :

1.ക്രൂരത

2.കാര്‍ബണ്‍

മൃഗങ്ങളെ കൊല്ലുന്നത് ക്രൂരത ആണെന്ന് പൊതുവെ പറയാം . നമുക്ക് വേണ്ടി നൂറ്റാണ്ടുകളായി ബ്രീഡിങ് വഴി ഉണ്ടാക്കി നമ്മുടെ അടിമകളാക്കി പാല് പിഴിഞ്ഞെടുത്തു ഉപയോഗിക്കുന്നതും ഒക്കെ ചെറു ക്രൂരതകള്‍ തന്നെ.

പിന്നെ കാര്‍ബണ്‍. ആട് മാട് എന്നിവയെ ഉണ്ടാക്കാന്‍ ചിലവുണ്ട്. ഒഴിവാക്കിയാല്‍ മനുഷ്യന്മാര്‍ക്ക് ചെലവ് കുറയും. ആഗോള താപനം കുറക്കാം. അതായത് കാര്‍ബണ്‍ ഫുട് പ്രിന്റ് കുറയ്ക്കാം എന്ന് സാരം. പക്ഷെ കാറ്, ബസ് ഇതൊക്കെ ഒഴിവാക്കി നടന്നോ സൈക്കിളിലോ പോകുന്നത് വഴി ഇതേ എഫക്ട് വരുത്താം .

അങ്ങനെ മനുഷ്യ രാശിക്ക് വേണ്ടി, മൃഗ സ്‌നേഹം കാരണം ഒക്കെ വെജിറ്റേറിയന്‍ ആവുന്നത് നല്ലതാണ്. പക്ഷെ നോണ്‍ വെജിറ്റേറിയന്‍സ് പാപികള്‍ ആണെന്ന് ചിന്തിക്കേണ്ട കാര്യം ഇപ്പോഴുണ്ടോ (ഞാന്‍ പാപിയാണ് ഇക്കാര്യത്തില്‍. അതിനാല്‍ ഉത്തരം പറയാന്‍ പറ്റില്ല) പക്ഷെ ആരോഗ്യ കാര്യത്തില്‍ വെജിറ്റേറിയന്‍ ആകുന്നത് കൊണ്ട് മാത്രം കാര്യമില്ല. മാത്രമല്ല സ്വല്പം മല്‍സ്യ, മുട്ട, മാംസാദികള്‍ കഴിക്കുന്നവര്‍ക്ക് ഭക്ഷണ അളവ് കുറക്കാന്‍ കുറച്ചു കൂടി എളുപ്പം ആണെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു. പിന്നെ പ്രാണികളെ തിന്നാം. പാറ്റ, വിട്ടില്‍, പുഴുക്കള്‍ അങ്ങനെ. ക്രൂരത കുറവാണ്.

ടിഷ്യു എഞ്ചിനീയേര്‍ഡ് ഇറച്ചി ഫാക്ടറികളില്‍ ധാരാളമായി ഉണ്ടാക്കുന്ന ഒരു കിനാശ്ശേരി അധികം താമസിയാതെ വരും. പിന്നെ പ്രശ്‌നമില്ലല്ലോ. ഇതും പറഞ്ഞു തമ്മില്‍ തല്ലി ചാകുകയും വേണ്ട.

എഴുതിയത്: Dr. Jimmy Mathew

കടപ്പാട്: ഇന്‍ഫോ ക്ലിനിക് ഫേസ്ബുക്ക് പേജ്

Top