ചെന്നൈ: ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ മുന്നണികള്‍ ആകാംക്ഷയില്‍. പണമൊഴുകിയ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും അനായാസ ജയം അവകാശപ്പെടാനാകാത്ത സാഹചര്യമാണ്. രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മികച്ച പോരാട്ടമാണ് പ്രചാരണരംഗത്തു കാഴ്ചവച്ചത്. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ മുന്നിട്ട് നില്‍ക്കുന്നു.
എ.ഐ.എ.ഡി.എം.കെ വിമതനായിട്ടാണ് ദിനകരന്‍ മത്സരിച്ചത്. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഡിഎംകെയുടെ മരുത് ഗണേഷാണ് മൂന്നാമത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ട് ഡി.എം.കെയ്ക്ക് ലഭിച്ചു.
ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണു തിരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്നു പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. അതും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന ജയലളിത മത്സരിച്ചിരുന്ന മണ്ഡലത്തില്‍. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍സെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.
അഴിമതിക്കേസില്‍ ശശികല ജയിലിലേക്കു പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ചില കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുനേതാക്കളും തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാര്‍ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു.
77.68 ശതമാനമാണ് ഈ മാസം 21ന് നടന്ന തിരഞ്ഞെടുപ്പില്‍ പോളിങ് രേഖപ്പെടുത്തിയത്. ഏക എക്സിറ്റ്പോളില്‍ ദിനകരന്‍ മുന്നിലെത്തുമെന്നാണ് പറഞ്ഞത്. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 2000 പോലീസുകാരെയും 15 കമ്പനി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പാണ് ആര്‍.കെ. നഗറിലേത്. എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും ഡി.എം.കെ.യും വാശിയോടെ പോരാടിയ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.