സിപിഎം ഓഫിസിനു പിന്നാലെ ആര്‍എസ്പി ഓഫിസ് ആക്രമണവും വിവാദത്തില്‍; ആ്ക്രമണം നടത്തിയത് ആര്‍എസ്പിക്കാര്‍ തന്നെയെന്നു റിപ്പോര്‍ട്ട്

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം സിപിഎമ്മുകാര്‍ തന്നെ കത്തിച്ചതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആര്‍എസ്പി ജില്ലാ കമ്മറ്റി ഓഫീസ് തകര്‍ത്തതും അതേ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് വെളിപ്പെടുത്തല്‍. കൊല്ലത്ത് എം. കെ. പ്രേമചന്ദ്രന്റെ വീടിന് നേരെയുണ്ടായ അക്രമം അടക്കം ആര്‍എസ്പി സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് ആക്ഷേപം ഉയരുന്നത്.

നേരത്തെ ഔദ്യോഗിക വിഭാഗം ആര്‍എസ്പി നേതാവും, ഇപ്പോള്‍ ആര്‍എസ്പി ഇടതുപക്ഷം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ശശികുമാര്‍ ചെറുകോലാണ് ആര്‍എസ്പി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 13ന് അര്‍ദ്ധരാത്രിയിലാണ് ആര്‍എസ്പി ആലപ്പുഴ ജില്ലാകമ്മറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായത്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കാര്യമായ സമരങ്ങള്‍ ഒന്നും നടത്താന്‍ ആര്‍എസ്പി തയ്യാറാകാതിരുന്നത് അക്കാലയളവില്‍ തന്നെ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. രാഷ്ട്രീയ എതിരാളികളാണ് അക്രമം നടത്തിയതെന്നായിരുന്നു ആര്‍എസ്പിയുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഓഫീസിന് പുറത്തു നിന്നല്ല, അകത്തു നിന്നു തന്നെയാണ് അക്രമം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിരുന്നു. ജനല്‍ ചില്ലുകള്‍ പരിശോധിച്ചതില്‍ നിന്ന് ഫോറന്‍സിക് വിഭാഗത്തിന് ഇക്കാര്യം വ്യക്തമായിരുന്നത്രെ. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടില്ല. പ്രതികളെ പിടികൂടാത്തതില്‍ ആര്‍എസ്പിക്ക് യാതൊരു പരാതിയും ഇല്ല. ഇതില്‍ നിന്ന് തന്നെ കള്ളന്‍ കപ്പലിലാണെന്ന് സംശയം ബലപ്പെടുത്തുന്നു. ഭരണമുന്നണിയില്‍പ്പെട്ട പ്രധാന കക്ഷിയുടെ ജില്ലാ ഓഫീസിന് നേരെയുണ്ടായ അക്രമത്തിലെ പ്രതികളെ രണ്ടര വര്‍ഷം പിന്നിട്ടിട്ടും പോലീസ് അറസ്റ്റ് ചെയ്യാനും തയ്യാറാകുന്നില്ല.

പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തെ സ്മാരകം കത്തിച്ച് ഏതാനും മാസങ്ങള്‍ക്കകമാണ് ആലപ്പുഴയില്‍ ആര്‍എസ്പി ഓഫീസില്‍ സമാന സംഭവം അരങ്ങേറിയത്. കൃഷ്ണപിള്ളയുടെ പ്രതിമ സ്വന്തം പാര്‍ട്ടിക്കാര്‍ തകര്‍ത്തെങ്കില്‍ ആര്‍എസ്പി ഓഫീസില്‍ റഷ്യയില്‍ നിന്ന് കൊണ്ടുവന്ന ലെനിന്റെ പ്രതിമ അക്രമികള്‍ മറിച്ചിടുകയായിരുന്നു. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി ഇടതുപാര്‍ട്ടികള്‍ എന്തു കൊള്ളരുതായ്മയും ചെയ്യുമെന്നതിന്റെ ഉദാഹരണമായി മാറുകയാണ് ഈ രണ്ട് സംഭവങ്ങളും.

Top