കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

എടക്കാട്: കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചിനടുത്തുവച്ച് ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് നിധീഷി(38)ന് വെട്ടേറ്റു. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സി.പി.എമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. മുഴുപ്പിലങ്ങാട് ബീച്ചിന് സമീപം ചൂണ്ടയിടുന്നതിനിടെയായിരുന്നു ആക്രമണെന്ന് പോലീസ് പറഞ്ഞു. പത്തോളം പേരുടെ ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കും കാലിനും യുവാവിനെ ആദ്യ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞദിവസം തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ ബോംബേറുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബിജെപിയുടെ ജനരക്ഷാ യാത്ര കണ്ണൂര്‍ വിട്ടതിന് പിന്നാലെയാണ് കണ്ണൂരില്‍ സിപിഎമ്മിനും കോണ്‍ഗ്രസിന് നേരെ ആക്രമണമുണ്ടായത്. അടിക്കടിയുണ്ടാകുന്ന സംഘര്‍ഷം കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു.

Top