ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ കേള്‍ക്കില്ലെന്ന് ഭരണഘടന ബെഞ്ച്. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് വിശാലബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിർണായക ചോദ്യങ്ങള്‍ മാത്രമേ കേള്‍ക്കൂവെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനമുള്‍പ്പെടെ വിശാല ബെഞ്ചിനു വിട്ട വിഷയങ്ങൾ പുനക്രമീകരിക്കാൻ അഭിഭാഷകരുടെയും കക്ഷികളുടെയും യോഗം വിളിക്കാൻ സുപ്രീം കോടതി നിർദേശം. ഇതിനായി മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, അഭിഷേക് മനു സിങ്‍വി, ഇന്ദിര ജെയ്സിങ് എന്നിവരെ കോടതി ചുമതലപ്പെടുത്തി. 9 അംഗ ബഞ്ചിന്റെ പരിഗണന വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാൻ മൂന്നാഴ്ച സമയവും കോടതി അനുവദിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴു ചോദ്യങ്ങളിലാണ് ബെഞ്ച് വാദം കേള്‍ക്കുക. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് അഞ്ചംഗ ബെഞ്ച് ഏഴ് ചോദ്യങ്ങള്‍ വിശാല ഒന്‍പത് അംഗ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചിന്‍റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി തിരുമാനം എടുക്കുക.
അതേസമയം പുന:പരിശോധന ഹര്‍ജികളെ എതിര്‍ത്ത് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക രംഗത്തെത്തി. ശിരൂർ മഠക്കേസിലെ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നിരിക്കെ എന്തിനാണ് ഒമ്പതംഗ ബെഞ്ചിന്‍റെ ആവശ്യം എന്ന് അവര്‍ ചോദിച്ചു. ബെഞ്ച് ഇപ്പോള്‍ പരിഗണിക്കുന്നത് വെറും അക്കാദമിക് ചോദ്യങ്ങളാണെന്നും അവര്‍ പറഞ്ഞു. അതിനിടെ കേസില്‍ കക്ഷി ചേരണമെന്ന രാജീവ് ധവാന്റെ അപേക്ഷ കോടതി തള്ളി.കക്ഷി ചേരണമെന്ന സ്വാമി അഗ്നിവേശിന്‍റെ ആവശ്യവും കോടതി തള്ളി. കേസില്‍ ആരേയും പുതുതായി കക്ഷി ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എല്ലാ ഭാഗങ്ങളും കേള്‍ക്കാനുള്ള അവസരം കോടതിയില്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി.
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് മുന്നോട്ടുവെച്ച ചോദ്യങ്ങൾ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അഭിഭാഷകരുടെ യോഗം വിളിക്കാൻ കോടതി നിർദേശിച്ചത്. സുപ്രീംകോടതി സെക്രട്ടറി ജനറൽ പങ്കെടുക്കുന്ന യോഗം ജനുവരി 17ന് ചേരും. വിഷയങ്ങൾ പുനക്രമീകരിക്കുന്നതിന് പുറമെ അഭിഭാഷകർ ഏതൊക്കെ വിഷയങ്ങളിൽ വാദിക്കണമെന്നും എത്ര സമയം അനുവദിക്കണമെന്നതുമടക്കമുള്ള കാര്യങ്ങളും യോഗത്തിൽ തീരുമാനിക്കും.
ഇക്കാര്യങ്ങളിൽ മൂന്നാഴ്ചക്കകം അന്തിമ രൂപം നൽകണം. അതിന് ശേഷമായിരിക്കും 9 അംഗ ഭരണഘടന ബഞ്ച് വിഷയത്തിൽ വാദം കേൾക്കുക. ശബരിമല യുവതിപ്രവേശം, ദാവൂദി ബോറ സ്ത്രീ ചേലാകർമ്മം പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശം എന്നിവയടക്കമുള്ള നിയമപ്രശ്നങ്ങളിൽ കോടതി ഘട്ടംഘട്ടമായി വാദം കേൾക്കും.