അഗതികളുടെ അമ്മ വിശുദ്ധ പദവിയിൽ ഒരു വർഷം പിന്നിടുമ്പോൾ …

ന്യൂഡല്‍ഹി: അഗതികളുടെ അമ്മയായി ലോകം വാഴ്ത്തിയ മദര്‍ തെരേസയെ കത്തോലിക്ക സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ട്   ഒരു വര്‍ഷം കഴിയുന്നു. കൊൽക്കത്തയിലെ വിശുദ്ധ തെരേസ (സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത) എന്ന നാമം നല്‍കിയാണ് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പ മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യന്‍ സഭയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കതോലിക്ക ബാവ, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെ നിരവധി മെത്രാന്മാരും കേന്ദ്രമന്ത്രിമാരും അന്നത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയിരിന്നു. പത്തുലക്ഷത്തോളം വിശ്വാസികളാണ് നാമകരണ ചടങ്ങില്‍ പങ്കെടുത്തത്.

1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തില്‍ ജനിച്ച മദര്‍ തെരേസ 1929-ല്‍ ആണ് തെരേസ ഭാരതത്തില്‍ എത്തിയത്. ഡാര്‍ജിലിംഗിലുള്ള ലോറേറ്റോ സന്യാസ സമൂഹത്തിലാണ് അവള്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയത്. 1931 മേയ് 24-ന് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലോറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ തെരേസ അധ്യാപികയായി പ്രവേശിച്ചു. 1937 മേയ് 14-നാണ് തെരേസ നിത്യവൃതം സ്വീകരിച്ചത്. അധ്യാപികയായി തുടര്‍ന്ന തെരേസ തന്റെ ചുറ്റും ദരിദ്രരായി ആളുകള്‍ ജീവിക്കുകയും രോഗികളായി പലരും മരിക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥയായിരുന്നു. 1950 ഒക്ടോബര്‍ 7-ന് വത്തിക്കാന്റെ അനുമതിയോടെ കൊല്‍ക്കത്താ രൂപതയ്ക്കു കീഴില്‍ മദര്‍ തെരേസ പുതിയ സന്യാസിനീസഭ ആരംഭിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി ഇങ്ങനെയായിരിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരാലും അന്വേഷിക്കപ്പെടാത്ത ജീവിതങ്ങളെ തേടി മദര്‍തെരേസയും മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും, ചേരികളിലൂടെയും സഞ്ചരിച്ചു. തങ്ങളുടെ മുന്നില്‍ ദൈവത്തിന്റെ മാലാഖമാര്‍ നീലകരയുള്ള വെള്ളസാരിയുടുത്ത് നില്‍ക്കുന്നത് ദരിദ്രരും, കുഷ്ടരോഗികളും, അനാഥരും നേരില്‍ കണ്ടു. അവര്‍ എല്ലാവരും ആ സ്‌നേഹത്തിലേക്ക് ചേര്‍ത്തുപിടിക്കപ്പെട്ടു. മദറിന്റെ സേവന പ്രവര്‍ത്തികള്‍ കണ്ട ലോകം അമ്പരന്നു പോയി. മനുഷ്യര്‍ക്ക് മനുഷ്യരെ ഇത്തരത്തില്‍ സ്‌നേഹിക്കുവാന്‍ കഴിയുമോ എന്ന് ഏവരും ആശ്ചര്യപ്പെട്ടു.

തങ്ങള്‍ക്ക് ചെയ്യുവാന്‍ ബുദ്ധിമുട്ടും വെറുപ്പുമുള്ള പ്രവര്‍ത്തികള്‍ മദര്‍തെരേസയും അവര്‍ക്കൊപ്പമുള്ള ഒരു സംഘം കന്യാസ്ത്രീകളും ചെയ്യുന്നത് കണ്ട് അതിനോട് ഐക്യപ്പെടുവാന്‍ ധാരാളം ആളുകള്‍ തീരുമാനിച്ചു. ലോകം കൊല്‍ക്കത്തയിലെ കാരുണ്യത്തിലേക്ക് അടുപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ സന്യാസസമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു സേവനമായി, സ്‌നേഹമായി പരന്നൊഴുകി. പ്രാര്‍ത്ഥനയിലും സേവനത്തിലും മാത്രം മനസു വച്ച മദര്‍തെരേസയെ തേടി പുരസ്‌കാരങ്ങളുടെ നീണ്ട നിര തന്നെയെത്തി.

1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ ‘പത്മശ്രീ’ നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌നവും നല്‍കി. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് മെറിറ്റ്’ 1983-ല്‍ നല്‍കി മദറിനെ ആദരിച്ചു. 1985ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ ‘ഭാരത് ശിരോമണി’ അവാര്‍ഡും രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ് സിറ്റിസണ്‍ഷിപ്പു നല്കി മദറിനെ ആദരിച്ചു.

ഭാരതം മാത്രമല്ല മദര്‍തെരേസയെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അമേരിക്കന്‍ സര്‍ക്കാരിന്റെയും ഉന്നതങ്ങളായ പുരസ്‌കാരം ഒരേ പോലെ ലഭിച്ച വ്യക്തിത്വമാണ് മദര്‍തെരേസ. 1983-ല്‍ ബ്രിട്ടന്‍ അവരുടെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഫര്‍ ഓഫ് മെറിറ്റ്’ സമ്മാനിച്ചപ്പോള്‍ 1985-ല്‍ ചുരുക്കം വിദേശികള്‍ക്കു മാത്രം ലഭിച്ചിട്ടുള്ള ‘മെഡല്‍ ഓഫ് ഫ്രീഡം’ നല്‍കി അമേരിക്കയും മദറിനെ ആദരിച്ചു.

1997 മാര്‍ച്ച് 13-ന് മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ തലപ്പത്തു നിന്നും മദര്‍ പടിയിറങ്ങി. അതേ വര്‍ഷം സെപ്റ്റംബര്‍ അഞ്ചാം തീയതി താന്‍ ലക്ഷ്യം വെച്ചു സ്വര്‍ഗീയ നാഥന്റെ സന്നിധിയിലേക്ക് മദര്‍ വിളിക്കപ്പെട്ടു. ഭാരതത്തിലെ മതേതര സമൂഹത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും മിഴികളില്‍ നിന്നും തോരാത്ത കണ്ണുനീര്‍ പെയ്ത ദിനങ്ങളായിരുന്നു പിന്നീട് കടന്നുവന്നത്. ലോകനേതാക്കള്‍ മദര്‍ തെരേസയ്ക്ക് അന്ത്യമ ഉപചാരം അര്‍പ്പിക്കുവാന്‍ ഭാരത മണ്ണിലേക്ക് എത്തി.

ഭാരത സര്‍ക്കാര്‍ നേരിട്ടാണ് മദര്‍തെരേസയുടെ സംസ്‌കാരം നടത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കു ശേഷം ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ചെലവില്‍ സംസ്‌കാരം ഒരുക്കി നല്‍കിയതു തന്നെ മദറിന്റെ ആദരം എന്താണെന്ന് വ്യക്തമാക്കുന്നു. ‘ദ മദര്‍ ഹൗസ് ഓഫ് ദ മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലാണ്’ മദര്‍ തെരേസയെ അടക്കം ചെയ്തത്. അവിടം ഒരു തീര്‍ത്ഥാടന കേന്ദ്രമാകുവാന്‍ ഏറെ സമയം വേണ്ടി വന്നില്ല.

ഒരു വ്യക്തി അന്തരിച്ചു കഴിഞ്ഞാല്‍ വിശുദ്ധ പദവിയിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സാധാരണയായി അഞ്ച് വര്‍ഷത്തിനു ശേഷമാണ് നടത്തപ്പെടുന്നത്. എന്നാല്‍, മദര്‍തെരേസയുടെ വിഷയത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രത്യേക ഇളവുകള്‍ നല്‍കുവാന്‍ തീരുമാനിച്ചു. 2003 ഒക്ടോബര്‍ മാസം 19-ന് മദറിനെ വാഴ്ത്തപ്പെട്ടവളായി ജോണ്‍ പോള്‍ രണ്ടാമന്‍ പ്രഖ്യാപിച്ചു.

മോണിക്ക ബസ്‌റ എന്ന സ്ത്രീയുടെ വയറ്റിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യമായതിനാലാണ് മദറിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

2015 ഡിസംബറില്‍ ബ്രസീലില്‍ തലച്ചോറിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യം ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍തെരേസയെ വിശുദ്ധയാക്കുവാനുള്ള നടപടികള്‍ക്ക് അന്ത്യമ അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വത്തിക്കാനില്‍ തടിച്ച് കൂടിയ 10 ലക്ഷം വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ‘കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ’ എന്ന നാമമാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധയ്ക്ക് നല്കിയത്.

മദര്‍ തെരേസയുടെ വിശുദ്ധ പദവിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ഷിക്കാഗോയിലെ വിശുദ്ധ മർക്കോസിന്റെ ദേവാലയത്തില്‍ വിശുദ്ധയുടെ തിരുശേഷിപ്പ് പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കും. വൈകുന്നേരം ഏഴ് മണിക്ക് ഫാ. ഇബാരയുടെ നേതൃത്വത്തിൽ ദിവ്യബലിയും തിരുശേഷിപ്പിന് സ്വീകരണവും ദേവാലയത്തില്‍ നല്‍കും. ചടങ്ങിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യസ്തരും പങ്കെടുക്കും.

Top