തിരുവനന്തപുരം: അതുല്യയുടെ മരണത്തിൽ പിടിയിലായ ഭർത്താവ് സതീഷിനെ വലിയതുറ പൊലീസിനു കൈമാറി.സതീഷിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു . കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ജില്ലാ കോടതി സതീഷിന് ജാമ്യം അനുവദിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നത്. രണ്ടുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്‌ററ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നാണ് കോടതി ഉത്തരവ്.
ഇന്ന് രാവിലെ ഷാർജയിൽനിന്നും തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.
അതുല്യ, സതീഷിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വരികയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സതീഷിനെതിരെ അതുല്യയുടെ സഹോദരി നൽകിയ പരാതിയിൽ ഷാർജയിലും അന്വേഷണം നടക്കുന്നുണ്ട്.
മരണത്തിനു പിന്നില്‍ സതീഷാണെന്നു അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു. സതീഷ് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അതുല്യയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് പിതാവ് രാജശേഖരന്‍പിള്ള ആവശ്യപ്പെട്ടിരുന്നു. സതീഷിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെ അറസ്റ്റ്. നേരത്തെ ഷാര്‍ജയിലെ പോസ്റ്റ് മോര്‍ട്ടത്തില്‍ അതുല്യയുടേത് ആത്മഹത്യെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിന്നീട് റീ പോസ്റ്റ് മോര്‍ട്ടവും നടന്നു.
ആത്മഹത്യ ചെയ്യുന്നതില്‍ ഷാര്‍ജയില്‍ കേസെടുക്കില്ല. അതുകൊണ്ടാണ് സതീഷിനെതിരെ ഷാര്‍ജാ പോലീസ് നടപടികള്‍ എടുക്കാത്തത്. ഷാര്‍ജയില്‍ ആത്മഹത്യാ പ്രേരണ കുറ്റകൃത്യമല്ല. എന്നാല്‍ കേരളത്തില്‍ അതൊരു കുറ്റമാണ്. നേരത്തെ സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു. ഇതോടെയാണ് നാട്ടിലേക്ക് വന്നത്. സതീഷ് ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.



