മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്. മുത്തലാഖ് നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ജംയിയത്ത് ഉലമ ഐ ഹിന്ദും നല്‍കിയ ഹര്‍ജിയില്‍ നിലപാട് അറിയിക്കാനാണ് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.
മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം പിരിയുന്നതിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 2017 ഓഗസ്റ്റില്‍ സൈറാ ബാനു കേസില്‍ ഉത്തരവിട്ടതാണ് ഇത്. അതിനാല്‍, ഇത് ക്രിമിനല്‍ക്കുറ്റമാക്കേണ്ടതില്ലെന്നാണ് സമസ്തയുടെ വാദം. സുപ്രീംകോടതി നിയമം പരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, മതപരമായ ആചാരത്തെ റദ്ദാക്കിയിട്ടും അത് തുടരുന്നുണ്ടോയെന്നും സ്ത്രീധനം പോലെ തന്നെ കുറ്റമല്ലേ അതെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കിയത്.