ആലപ്പുഴ: പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിലാണ് അഞ്ച് വർഷമായി കത്രികയുള്ള നിലയിൽ കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുന്നേ നടന്ന ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ മറന്നു വെച്ച കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടന്‍ നടക്കും. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. രാത്രിയോടെ ആശുപത്രിയിലെത്തിച്ച ഉഷ ജോസഫിനെ വിദഗ്ദ ഡോക്ടേഴ്‌സിന്റെ സംഘം പരിശോധിച്ചു. 2021ൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷയ്ക്ക് ശസ്ത്രക്രിയ നടന്നിരുന്നു. ഇതിനിടെ കുടുങ്ങിയ കത്രികയാണ് ഇത് എന്നാണ് പരാതി.
ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവ് പ്രതികരിച്ചു.
എംആർഐ സ്കാനിങ്ങിലാണ് ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. 2021ൽ വയറ്റിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. ഓപ്പറേഷന് ശേഷം ഉഷയ്ക്ക് തുടർച്ചയായി വേദന അനുഭവപ്പെട്ടിരുന്നുവെന്നും ആശുപത്രിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ കാര്യമാക്കിയില്ല എന്നും ഉഷയുടെ ഭർതൃ സഹോദരൻ ജോമോൻ റിപ്പോർട്ടറിനോട് പറഞ്ഞു. സ്കാൻ ചെയ്ത് നോക്കാൻ പോലും ഡോക്ടർമാർ പറഞ്ഞിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ ബ്ലീഡിങിനെതുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴാണ് ഉഷയ്ക്ക് എക്സ്റേയും സ്കാനും നിർദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.
വിഷയത്തിൽ നാളെ മുതൽ സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ് റിപ്പോർട്ടറിനോട് പറഞ്ഞു. അഞ്ച് വർഷമായി ജോലി ചെയ്യാൻ പോലും കഴിയാതെ ഉഷ വേദന അനുഭവിക്കുകയാണ്. അവർ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും തോബിയാസ് പറഞ്ഞു. നാളെ മുതൽ മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ആരോഗ്യ മന്ത്രിക്ക് പരാതി നൽകുമെന്നും തോബിയാസ് പറഞ്ഞു. ലളിതാംബിക എന്ന ഡോക്ടറാണ് ഓപ്പറേഷൻ നടത്തിയത്. വിഷയം ആശുപത്രിയെ അറിയിച്ചപ്പോൾ നാസർ എന്ന ഡോക്ടർ എല്ലാം ഒതുക്കിത്തീർക്കാം എന്ന് പറഞ്ഞുവെന്ന ഗുരുതര ആരോപണവും തോബിയാസ് ഉന്നയിച്ചു.


