ക്രൈം ഡെസ്‌ക്
കോട്ടയം: ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് യുവതി അബോധാവസ്ഥയിലായ സംഭവത്തിൽ നേവി ഉദ്യോഗസ്ഥനായ മിസ്റ്റർ ഇന്ത്യ അറസ്റ്റിൽ. കുടമാളൂർ സ്വദേശിയും മുംബൈയിൽ താമസക്കാരനുമായ മിസ്റ്റർ ഇന്ത്യ മുരളികുമാറിനെതിരെയാണ് പൊലീസ് കേസ് എടുത്തിയിരിക്കുന്നത്. ഇയാൾക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടി ആശുപത്രിയിൽ വച്ച് മൊഴി മാറ്റിയതിനു പിന്നാലെ, പെൺകുട്ടിയുടെ പിതാവും പൊലീസിനു മൊഴി നൽകിയതോടെയാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ മുരളി കുമാറിനെ റിമാൻഡ് ചെയ്തു.
കോട്ടയം നഗരത്തിലെ ഒരു ഹോട്ടലിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. മുംബൈയിൽ ജോലി ചെയ്യുന്ന മുരളി കഴിഞ്ഞ ദിവസം നാട്ടിലെത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.തന്നെ കാണുന്നതിനായി നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഹോട്ടലിൽ എത്തുകയായിരുന്നുവെന്നു മുരളി പൊലീസിനു മൊഴി നൽകി. മുറിയിൽ വച്ച് അമിത രക്തസ്രാവമുണ്ടായ യുവതിയെ മുരളിയും ഹോട്ടൽ ജീവനക്കാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കി. ഇന്നലെ ഉച്ചയോടെയാണ് യുവതിയ്ക്ക് ബോധം തെളിഞ്ഞത്. തുടർന്നു വെസ്റ്റ് എസ്.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം യുവതിയുടെ മൊഴിയെടുത്തു. ഹോട്ടലിൽ തന്നെ ചായകുടിക്കാൻ ക്ഷണിച്ച മുരളികുമാർ ബലമായി മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ മുരളി പീഡിപ്പിച്ചതായി കാട്ടി കുട്ടിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും പരാതി നൽകി. യുവതിയുടെ മൊഴിയുടെയും, പിതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ – കഴിഞ്ഞ ദിവസം ഉച്ചയോടെ നഗരത്തിലെ ഹോട്ടൽ അധികൃതരാണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിലായതായി വെസ്റ്റ് പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിയ പൊലീസ് സംഘം യുവതിയുടെയും ഒപ്പമുണ്ടായിരുന്ന മുരളീ കൃഷ്ണനെയും കണ്ടെത്തി. പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ നിൽക്കുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം മയക്കുമരുന്ന് സ്‌പ്രേ മണപ്പിച്ച് ബോധം കെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും മൊഴി വ്യാജമാണെന്നു കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡനത്തിനിരയായതാണെന്നു വ്യക്തമായത്. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.


