കുത്തിയത് ശിവരഞ്ജിത്ത്; ഏഴ് പ്രതികളും ഒളിവില്‍; എസ്എഫ്‌ഐ പ്രതിരോധത്തില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. ഇന്നലെ രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയിലും പ്രതികളെ കണ്ടെത്താനായില്ല.

ആക്രമണത്തില്‍ പ്രതികളായ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമല്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇതില്‍ നസീം അടുത്തിടെ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണ്. കാര്യങ്ങള്‍ കൈവിട്ട് പോയതോടെ ആറ് പേരെയും സസ്‌പെന്‍ഡ് ചെയ്തെന്നും എസ്.എഫ്.ഐയുടെ കോളേജ് യൂണിറ്റ് പിരിച്ചുവിടുമെന്നും അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുത്തിയത് ശിവരഞ്ജിത്താണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്നും കത്തിവാങ്ങി കുത്തുകയായിരുന്നു എന്നാണ് വിവരം. ശിവരഞ്ജിത്തിനും നസീമിനും പുറമെ അമര്‍, അദ്വൈത്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ കോളേജ് യൂണിയന്‍ പിരിച്ചുവിടുമെന്നും എസ്എഫ് ഐ പറയുന്നു. അതിനിടയില്‍ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. നെഞ്ചിലും മുതുകിലുമാണ് കുത്തേറ്റത്. ആന്തരീക രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തി.

ആക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. എസ്എഫ്ഐയ്ക്കെതിരേ ക്യാമ്പസില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നേരത്തേ പോലീസുകാരനെ കുത്തിയ കേസിലെ പ്രതിയായ നസീമിനെ യൂണിറ്റ് സെക്രട്ടറിയാക്കിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. എസ്എഫ്ഐ ദേശീയ അദ്ധ്യക്ഷന്‍ വിപി സാനുവും സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവും കോളേജ് യൂണിറ്റ് കമ്മറ്റി പിരിച്ചുവിടണമെന്ന നിലപാടിലാണ്. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷണനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. ക്യാംപസില്‍ ഇരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാര്‍ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top