കസ്റ്റംസിന് തിരിച്ചടി!.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു.

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ ഹൈക്കോടതി തടഞ്ഞു. എം. ശിവശങ്കറിന് ഇന്ന് നിർണായക ദിവസമാണ്. ആശുപത്രിയിൽ തുടരുമോ എന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം ഇന്നുണ്ടാകും. തുടരേണ്ടതില്ലെന്ന് മെഡിക്കൽ ബോർഡ് ശിപാർശ ചെയ്താൽ ശിവശങ്കറിനെതിരെ തുടർനടപടിക്കാണ് കസ്റ്റംസ് നീക്കം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ ഐസിയുവിൽ കഴിയുന്ന എം ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത നടുവേദന തുടരുന്നതായി ശിവശങ്കർ ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ തന്നെ ചികിത്സ തുടരുമോ എന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം ഇന്നുണ്ടാകും. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിൻ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടർ നടപടികളിൽ നിർണായകമാകും.

ന്യൂറോ സർജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ ഉൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്. വിദഗ്‍ധ പരിശോധനയ്ക്ക് ചികിത്സ ആശുപത്രിയിൽ തന്നെ തുടരാൻ മെഡിക്കൽ ബോർഡ് ശുപാർശ ചെയ്താൽ കസ്റ്റംസ് നീക്കങ്ങൾക്ക്‌ തൽക്കാലം തിരിച്ചടിയാകും. കസ്റ്റംസ് തീരുമാനിച്ചത് പോലെ ചോദ്യം ചെയ്യലോ അറസ്റ്റോ ഉൾപ്പെടെയുള്ള നടപടികൾ ഉടൻ നടന്നേക്കില്ല. ആശുപത്രിയിൽ നിന്ന് ഡിസ്‍ചാർജ് നൽകിയാലും ശിവശങ്കറിനോട് വിശ്രമം നിർദ്ദേശിക്കാനാണ് സാധ്യത.

സ്വർണകടത്തിന് പുറമേ വിദേശ കറൻസി കടത്താൻ പ്രതികളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കർ കസ്റ്റംസ് അന്വേഷണം നേരിടുന്നത്. കസ്റ്റംസ് നീക്കം വ്യക്തമായ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേപേക്ഷയുമായി എം. ശിവശങ്കർ കോടതിയെ സമീപിച്ചിരിക്കുന്നത്. അപേക്ഷ നൽകിയാൽ കോടതിയിൽ ശക്തമായി എതിർക്കാനാണ് കസ്റ്റംസ് തീരുമാനം.

Top