കോൺസുലേറ്റിനെതിരെ സമാന മൊഴികളുമായി പ്രതികൾ. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ,അഡ്മിനിസ്ട്രേഷൻ അറ്റാഷെ തുടങ്ങിയവർക്ക് എതിരെ മൊഴി

കൊച്ചി : സ്വർണക്കടത്തു കേസിലെ മുഴുവൻ പ്രതികളും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നൽകുന്നതു സമാന മൊഴികൾ ആണെന്ന് റിപ്പോർട്ട് . കേസിൽ ആദ്യം അറസ്റ്റിലായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ് എന്നിവർ വിവിധ ഏജൻസികൾക്കു നൽകിയ മൊഴികളിലാണു കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഗൗരവതരമായ ആരോപണം ഉന്നയിക്കുന്നത്.

യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ ജമാൽ അൽ സാബി, അഡ്മിനിസ്ട്രേഷൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽ ഷെമേലി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവർ വൻ തോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി മാറ്റിയ ശേഷം ഒളിപ്പിച്ചു കടത്തിയെന്നു പ്രതികൾ മൊഴി നൽകിയതായി കസ്റ്റംസ് കോടതിയിൽ. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, പി.എസ്. സരിത് എന്നിവരുടെ സഹായത്തോടെ ഖാലിദ് മുഹമ്മദ് അലി ഷൗക്രി മസ്കത്ത് വഴി കെയ്റോയിലേക്കു ഡോളർ കടത്തിയെന്ന കേസിൽ നൽകിയ ഒക്കറൻസ് റിപ്പോർട്ടിലാണ് ഈ പരാമർശം. കോൺസുലേറ്റ് ജനറലിന്റെ രഹസ്യ പങ്കാളിയാണ് ഖാലിദെന്നു സ്വപ്ന പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

കേസ് ദുർബലമാക്കുകയെന്ന ഉദ്ദേശ്യത്തിൽ കവിഞ്ഞുള്ള ലക്ഷ്യം ഇതിനു പിന്നിലുണ്ടോയെന്നു കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു. യുഎഇയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തിന് ഉലച്ചിലുണ്ടാക്കാൻ വഴിയൊരുക്കാവുന്ന ആരോപണങ്ങളാണ് അവരുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ പ്രതികൾ ഉന്നയിക്കുന്നത്. ഇത് ബോധപൂർവമാണെന്ന നിഗമനത്തിലാണു കേന്ദ്ര ഏജൻസികൾ.

പ്രതികൾ 30 കിലോഗ്രാം സ്വർണം ഒളിപ്പിച്ച പാഴ്സൽ കസ്റ്റംസ് തടഞ്ഞുവച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ സരിത്, സന്ദീപ് എന്നിവർ വക്കീലിന്റെ സാന്നിധ്യത്തിൽ ഒത്തുചേർന്നതായി സ്വപ്ന പറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ തടഞ്ഞുവച്ച പാഴ്സൽ തുറന്നു പരിശോധിച്ചത് ജൂലൈ 5ന് ആണ്. തലേന്നു രാത്രി വൈകി അഭിഭാഷകന്റെ സാന്നിധ്യത്തിൽ ശിവശങ്കർ താമസിക്കുന്ന പാർപ്പിട സമുച്ചയത്തിലും പ്രതികൾ ഒത്തുചേരാൻ ശ്രമിച്ചതായും അദ്ദേഹം മൊഴി നൽകി.


ജമാൽ അൽ സാബിയും റാഷിദ് ഖാമിസ് അലി മുസാഖിരിയും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ, തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന സുഗമമാക്കാൻ സഹായിച്ചതു സരിത്താണ്. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയാണ് ഇവർ വിദേശ കറൻസി നേടിയതെന്നും സ്വപ്നയുടെയും സന്ദീപിന്റെയും മൊഴികളിലുണ്ട്. കോൺസുലേറ്റിലെ മറ്റു ചില ജീവനക്കാർക്ക് ഇക്കാര്യം അറിയാമെന്നും മൊഴിയിലുണ്ട് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു .

2019 ഓഗസ്റ്റ് 7നു ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം യുഎസ് ഡോളർ (1.30 കോടി രൂപ) ഹാൻഡ് ബാഗേജിലൊളിപ്പിച്ച്, മസ്കത്ത് വഴി കെയ്റോയിലേക്കു കടത്തിയതായി സ്വപ്ന പറയുന്നു. ആ ദിവസം ഖാലിദിനൊപ്പം തിരുവനന്തപുരത്തു നിന്നു മസ്കത്ത് വരെ സ്വപ്നയും സരിത്തുമുണ്ടായിരുന്നു. മസ്കത്തിൽ നിന്നു സരിത്തും സ്വപ്നയും ദുബായിലേക്കാണു യാത്ര െചയ്തത്.

യുഎഇ കോൺസുലേറ്റിലെ എക്സ്റേ യന്ത്രത്തിൽ, സരിത്തിന്റെ സാന്നിധ്യത്തിൽ ഹാൻഡ് ബാഗേജുകൾ ഖാലിദ് പരിശോധിക്കുന്നതു മുൻപു പലതവണ കണ്ടതായും സ്വപ്നയുടെ മൊഴിയുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിലെ കറൻസി കണ്ടെത്തില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇതെന്നും മൊഴിയിൽ പറയുന്നു. സരിത്തും ഇക്കാര്യം ശരിവയ്ക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധന സുഗമമാക്കാൻ തന്റെ ബന്ധങ്ങളുപയോഗിച്ചതായി സരിത് ഈമാസം 14നു നൽകിയ മൊഴിയിലും പറയുന്നുണ്ട്.

Top