സ്‌നേഹയുടെ ഭര്‍ത്താവുമായി കോളേജ് കാലത്തെ ബന്ധം; അനുഷ ആശുപത്രിയിലെത്തിയത് അരുണിന്റെ അറിവോടെ; പിടിയിലായതിന് പിന്നാലെ അരുണും അനുഷയും തമ്മിലുള്ള ചാറ്റുകള്‍ അനുഷ ഡിലീറ്റ് ചെയ്തു; അനുഷ ലക്ഷ്യമിട്ടത് എയര്‍ എംബോളിസം; ക്രൂരമായ കൊലപാതക ശ്രമം പൊളിച്ചത് ഡിസ്ചാര്‍ജ് ചെയ്ത സ്‌നേഹയ്ക്ക് എന്തിന് വീണ്ടും കുത്തിവയ്‌പ്പെടുക്കുന്നുവെന്ന സംശയം

പത്തനംതിട്ട: തിരുവല്ല പരുമലയിലെ ആശുപത്രിയില്‍ നഴ്‌സിന്റെ വേഷത്തിലെത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ച അനുഷ വിവാഹിതയായത് രണ്ട് തവണ. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ വിളിച്ച് ചോദിച്ച ശേഷമാണ് ഫാര്‍മസിസ്റ്റ് കൂടിയായ അനുഷ ആശുപത്രിയിലെത്തിയത്. കോളേജ് കാലത്തെ അനുഷയും സ്‌നേഹയുടെ ഭര്‍ത്താവും അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അകന്നു. ഇതിന് പിന്നാലെയാണ് അരുണ്‍ സ്‌നേഹയെ വിവാഹം ചെയ്യുന്നത്.

അനുഷ ഇതിനിടെ രണ്ട് തവണ വിവാഹിതയായി. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. ഈ അടുത്ത കാലത്ത് അനുഷയും അരുണും തമ്മില്‍ വീണ്ടും അടുത്തു. ഇരുവരും തമ്മിലുള്ള ചാറ്റ് സ്‌നേഹ കണ്ടതിനേ തുടര്‍ന്ന് അരുണിന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. നഴ്‌സെന്ന വ്യാജേന ഇന്‍ജെക്ഷനെടുക്കാനെത്തി പിടിയിലായതിന് പിന്നാലെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്യുന്നതിനിടെ അരുണും അനുഷയും തമ്മിലുള്ള ചാറ്റുകള്‍ അനുഷ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത നാട്ടുകാരെന്ന നിലയില്‍ കാണാന്‍ വന്നോട്ടെയെന്ന് അനുഷ ചോദിച്ചിരുന്നുവെന്ന് സ്‌നേഹയുടെ ഭര്‍ത്താവ് അരുണും പറയുന്നുണ്ട്. എന്നാല്‍ ഭാര്യയെ കൊല്ലാനുള്ള ലക്ഷ്യത്തോടെയാണ് അനുഷ വരുന്നതെന്ന് കരുതിയില്ലെന്ന് അരുണ്‍ പറയുന്നു. അനുഷ മുറിയിലെത്തിയ സമയത്ത് അരുണ്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മരുമകനേക്കുറിച്ച് പരാതികള്‍ ഇല്ലെന്നും അനുഷയെ മുന്‍ പരിചയമില്ലെന്ന് വ്യക്തമാക്കിയ സ്‌നേഹയുടെ പിതാവ് അരുണിന്റെ ആവശ്യപ്രകാരം അനുഷയുടെ വിവാഹത്തില്‍ സ്‌നേഹ പങ്കെടുത്തിരുന്നുവെന്നും പ്രതികരിച്ചു.

കൊലപാതക ശ്രമത്തില്‍ സിറിഞ്ചിലൂടെ വായു കുത്തിവക്കുന്ന എയര്‍ എംബോളിസം നടപ്പിലാക്കാനാണ് ഫാര്‍മസിസ്റ്റ് കൂടിയായ അനുഷ ലക്ഷ്യമിട്ടത്. സ്‌നേഹയെ കൊലപ്പെടുത്തി ഏതുവിധേനയും അരുണിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള കൊലപാതക ശ്രമമാണ് ബന്ധുക്കളുടെ തക്ക സമയത്തെ ഇടപെടലിന് പിന്നാലെ പാളിയത്.

ഡിസ്ചാര്‍ജ് ചെയ്ത സ്‌നേഹയ്ക്ക് എന്തിന് വീണ്ടും കുത്തിവയ്‌പ്പെടുക്കുന്നുവെന്ന സംശയമാണ് സ്‌നേഹയുടെ ജീവന്‍ രക്ഷിച്ചത്.

Top