ഭോപ്പാല്‍ : മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ ഖുശ്ബു അഹിര്‍വാറിന്റെ ദുരൂഹ മരണത്തില്‍ കാമുകനെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ് സമൂഹ മാധ്യമങ്ങളില്‍ ‘ഡയമണ്ട് ഗേള്‍’ എന്ന പേരില്‍ പ്രശസ്തയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. യുവതിയുടെ മരണത്തിന് പിന്നാലെ കാമുകനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുശ്ബുവിന്റെ കാമുകനും ലിവിങ് പങ്കാളിയുമായ ഉജ്ജെയിന്‍ സ്വദേശി കാസിം ഹുസൈനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കാസിമിനെതിരെ കേസെടുത്തത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു ഖുശ്ബുവിന്റെ മരണം. യാത്രയ്ക്കിടെ ബസിനുള്ളില്‍ വെച്ച് ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
മരണവിവരം അറിഞ്ഞതോടെ കാസിം സ്ഥലത്ത് നിന്ന് ഒളിച്ചോടിയെങ്കിലും പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഖുഷ്ബു ഗര്‍ഭിണിയായിരുന്നുവെന്നും, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ആന്തരിക രക്തസ്രാവം തന്നെയാണു മരണകാരണമെന്നും വ്യക്തമാക്കുന്നു.
ഖുശ്ബുവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതായും മരണത്തിന് മുമ്പ് യുവതിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. കാസിം മകളെ വഞ്ചിച്ചുവെന്നാണ് രക്ഷിതാക്കളുടെ മൊഴി. ഭോപ്പാലില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഖുശ്ബു വും കാസിം ഹുസൈനും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. കാസിം നഗരത്തില്‍ ഒരു കഫേ നടത്തുന്ന വ്യക്തിയാണ്.



