കാടന്‍ ആചാരങ്ങളുമായി കന്യകാത്വ പരിശോധന; പരാജയപ്പെട്ടാല്‍ കൊടും ശിക്ഷ

മഹാരാഷ്ട്രയിലെ കഞ്ചര്‍ബട്ട് സമുദായത്തിലുള്ള 400 വര്‍ഷം പഴക്കമുള്ള ഒരു ആചാരത്തിനെതിരെ പോരാടുകയാണ് പ്രിയങ്കയെന്ന യുവതിയും നാല്‍പതോളം ആളുകളും. വിവാഹരാത്രിയിലുള്ള ലൈംഗികബന്ധത്തിനു ശേഷം കിടക്കവിരിയില്‍ രക്തപ്പാടുകള്‍ കണ്ടില്ലെങ്കില്‍ വധു കന്യകയല്ല എന്നു വിധിക്കുന്ന പ്രാകൃത ആചാരമാണ് കഞ്ചര്‍ബട്ട് സമുദായത്തിലുള്ളത്.

സ്‌റ്റോപ് ദ് വി റിച്വല്‍ (Stop The VRitual) എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് ഇതിനെതിരെ പ്രിയങ്കയുടെയും സംഘത്തിന്റെയും പോരാട്ടം. ‘എന്റെ സമുദായത്തില്‍ നടക്കുന്ന ഒരു അനാചാരത്തെക്കുറിച്ച് ഈ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഞാന്‍ തുറന്നു സംസാരിക്കുന്നത്. ഇത് അനാചാരമാണെന്ന് ഞങ്ങളുടെ കമ്യൂണിറ്റിയില്‍ ആര്‍ക്കും തോന്നിയില്ല എന്നതാണ് സത്യം’. റിയല്‍ എസ്‌റ്റേറ്റ് എക്‌സിക്യൂട്ടീവായ പ്രിയങ്ക പറയുന്നു. കഞ്ചര്‍ബട്ട് സമുദായത്തിനു പുറത്തുള്ളവരുമായി സ്ത്രീകള്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനാണ് ഈ കാടത്തമെന്നും പറയപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

” വിവാഹശേഷം വധുവിനെയും വരനെയും ബന്ധുജനങ്ങള്‍ക്കൊപ്പം ലോഡ്ജിലേക്കോ ഹോട്ടലിലേക്കോ അയയ്ക്കുന്നു. മുറിവുണ്ടാക്കാന്‍ തക്ക ആയുധങ്ങളൊന്നും വധുവിന്റെ പക്കലില്ലെന്നുറപ്പാക്കാന്‍ ബന്ധുക്കള്‍ അവളെ വിവസ്ത്രയാക്കി പരിശോധിക്കും. പിന്നീട് വരന്റെ കൈയില്‍ നീളമുള്ള ഒരു വെളുത്ത തുണിയും നല്‍കും. ആ തുണിയാണ് വധുവിന്റെ കന്യകാത്വം നിര്‍ണയിക്കുന്നത്. ലൈംഗികബന്ധത്തിനു ശേഷം വധുവിന്റെ രക്തംപൊടിഞ്ഞ തുണി വരന്റെ അമ്മയ്ക്കു കൈമാറണം. വധു വിവാഹത്തിനു മുന്‍പ് കന്യകയായിരുന്നോ എന്ന് അവര്‍ നിര്‍ണയിക്കുന്നത് ഈ ചടങ്ങിലൂടെയാണ്. എന്തെങ്കിലും കാരണത്താല്‍ വധൂവരന്മാര്‍ക്കു ശാരീരികബന്ധത്തിനു ബുദ്ധിമുട്ടനുഭവപ്പെടുകയാണെങ്കില്‍ അവരെ അശ്ലീലവിഡിയോകള്‍ കാണിക്കും.

ചില സ്ഥലങ്ങളില്‍ അല്‍പം കൂടി കടന്ന ചില പ്രവൃത്തികളുമുണ്ടാകും. ബന്ധുക്കളായ ദമ്പതിമാര്‍ നവ വധൂവരന്മാരുടെ മുന്നില്‍ശാരീരികബന്ധത്തിലേര്‍പ്പെടും.’ ‘സ്‌റ്റോപ് ദ് വി റിച്വല്‍’ എന്ന വാട്‌സാപ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രിയങ്കയുടെ ബന്ധുവുമായ വിവേക് പറയുന്നു. ‘ഒരാളുടെ സ്വകാര്യതയിലേക്കും അന്തസ്സിലേക്കുമുള്ള ക്രൂരമായ കടന്നുകയറ്റമാണിത്, പ്രത്യേകിച്ച് സ്ത്രീകളുടെ’. ഈ പ്രാകൃതമായ ആചാരത്തെ എതിര്‍ക്കുന്ന വിവേക് പറയുന്നു. നവവധുക്കള്‍ സഹിക്കേണ്ടി വരുന്ന അപമാനങ്ങളുടെ തുടക്കം മാത്രമാണ് കന്യകാത്വ പരിശോധന.

നിര്‍ഭാഗ്യവശാല്‍ അവള്‍ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ അവളുടെ കുടുംബത്തിന് 10000 രൂപ മുതല്‍ 50000 രൂപ വരെ ഗ്രാമമുഖ്യന്‍ പിഴചുമത്തും. കൂടാതെ വരന്‍ ആവശ്യപ്പെടുന്ന തുകയും വധുവിന്റെ വീട്ടുകാര്‍ നല്‍കിയേ മതിയാകൂ. അതു നല്‍കിയാലും ആ വധുവിനെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ്. വരന്റെയും മാതാപിതാക്കളുടെയും ശാരീരികാക്രമണങ്ങള്‍ക്ക് അവള്‍ ജീവിതകാലം മുഴുവന്‍ വിധേയയാകണം. എത്ര ആഴത്തിലുള്ള മുറിവുകളാണ് അവര്‍ ശരീരത്തിലും മനസ്സിലും ഏറ്റുവാങ്ങുന്നതെന്ന് പുറത്തുള്ളവര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല.

കാരണം ആ സ്ത്രീകള്‍ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ഒരു വാക്കുപോലും മിണ്ടാറില്ല. കന്യകാത്വ പരിശോധനയ്‌ക്കെതിരെ പോരാടുന്ന മൂന്ന് ആക്ടിവിസ്റ്റുകളെ 40 ഓളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതോടെ ഈ വര്‍ഷമാദ്യം ‘സ്‌റ്റോപ് ദ് വി റിച്വല്‍’ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിലേറെ കൗതുകം, കന്യകാത്വ പരിശോധനയെ പിന്തുണച്ചുകൊണ്ട് 400 ഓളം സ്ത്രീകള്‍ ചേര്‍ന്ന് മുംബൈയില്‍ നടത്തിയ പ്രകടനമാണ്.

കന്യകാത്വ പരിശോധന തങ്ങളുടെ സമുദായത്തിന്റെ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നായിരുന്നു ആ സ്ത്രീകളുടെ വാദം. അതുകൊണ്ട് ‘സ്‌റ്റോപ് ദ് വി റിച്വല്‍’ അംഗങ്ങള്‍ പൊതുമാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന കഞ്ചര്‍ബട്ട് സമുദായത്തില്‍ പ്രിയങ്കയും കുടുംബവും മാത്രമാണ് പരസ്യമായി കന്യകാത്വ പരിശോധനയ്‌ക്കെതിരെ പ്രതികരിച്ചത്. ഉപദ്രവിക്കുമെന്നും സ്ഥാവരജംഗമസ്വത്തുക്കളെല്ലാം നശിപ്പിച്ചു കളയുമെന്നും അയല്‍ക്കാരുള്‍പ്പടെ പ്രിയങ്കയെ ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊന്നും പ്രിയങ്കയെ പിന്തിരിപ്പിച്ചിട്ടില്ല.

‘ഞാന്‍ ഈ പോരാട്ടത്തില്‍നിന്ന് പിന്തിരിയില്ല. അന്തസ്സോടെ ജീവിക്കാനുള്ള വഴികളുണ്ടെന്ന് എന്റെ സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് ഞാന്‍ മനസ്സിലാക്കിക്കൊടുക്കും. ഇതാണ് അവരോടുള്ള എന്റെ ആഹ്വാനം.’ പ്രിയങ്ക പറയുന്നു. കന്യകാത്വ പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ‘സ്‌റ്റോപ് ദ് വി റിച്വല്‍’ പ്രവര്‍ത്തകര്‍. അവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഡേറ്റാ ശേഖരണമാണ്. യുവതികളും മധ്യവയസ്‌കരുമായ ഇരകളൊന്നും അവര്‍ തുറന്നു പറയുന്ന അനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കാറില്ല. സമുദായം ഒറ്റപ്പെടുത്തുമോ എന്ന ഭയമാണവര്‍ക്ക്.

ഇതിനു പരിഹാരമായി, ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ നടക്കുന്ന കന്യകാത്വ പരിശോധനയുടെ ഓഡിയോ, വിഡിയോ ക്ലിപ്പുകള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. മറ്റൊരു വാട്‌സാപ് ഗ്രൂപ്പായ ‘വി സ്പീക്ക് ഔട്ട് എഗന്‍സ്റ്റ് ഫീമെയില്‍ ജെനഷ്യല്‍ മ്യൂട്ടിലേഷന്‍’ഇരകള്‍ക്ക് സുരക്ഷിതമായി അവരുടെ അനുഭവങ്ങള്‍ തുറന്നു പറയാനുള്ള വേദിയൊരുക്കുന്നു. ആയിരം വര്‍ഷം പഴക്കമുള്ള ഈ ദുരാചാരം ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കണമെന്ന ആവശ്യത്തിന്മേലുള്ള കേസ് നടക്കുകയാണിപ്പോള്‍.

Top