ന്യൂഡല്‍ഹി: ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്തെ മണ്ഡലത്തില്‍ ശ്രീശാന്തിനെ മത്സരിപ്പിക്കുന്നത് വിജയമുറപ്പിക്കാന്‍ തന്നെയെന്ന് ബിജെപി കേന്ദ്രങ്ങള്‍. അതേ സമയം കോണ്‍ഗ്രസുമായുള്ള ധാരണയിലാണ് ശ്രീശാന്തിനെ മത്സരിപ്പിക്കുന്നതെന്നും ഇടതുമുന്നണി ആരോപിക്കുന്നു. ബിജെപി വിജയം സ്വപ്‌നം കാണുന്ന ഒരു മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഇവിടെ ശ്രീശാന്ത് സ്ഥാനാര്‍ത്ഥിയാകുന്നതോടെ കൂടുതല്‍ ഗുണകരമാകുമെന്നാണ് ദേശിയ നേതൃത്വം കണക്ക് കൂട്ടുന്നത്.
നേരത്തേ ശ്രീശാന്തിന്റെ പേര് തൃപ്പൂണിത്തുറയില്‍ കേട്ടിരുന്നെങ്കിലും ഇതിനെതിരേ ആര്‍എസ്എസ് തന്നെ രംഗത്ത് വരികയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വത്തേയും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം എതിര്‍ത്തെങ്കിലും ശ്രീശാന്തിന്റെ ഗ്ളാമര്‍ തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലും തുണയാകുമെന്ന വിലയിരുത്തലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായും അടങ്ങുന്ന കേന്ദ്രനേതൃത്വം വിലയിരുത്തിയത്.
കൂടിക്കാഴ്ചയില്‍ ക്രിക്കറ്റ് വിഷയമായില്ലെന്നാണ് ശ്രീശാന്ത് പ്രതികരിച്ചത്. ബിസിസിഐ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്തില്ല. ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം ഉടന്‍ ആലോചനയില്‍ ഇല്ലെന്നും താരം വ്യക്തമാക്കി.
തൃപ്പൂണിത്തുറയില്‍ സീറ്റ് കിട്ടിയില്ലെങ്കിലും പാര്‍ട്ടിയുടെ പ്രചരണത്തിനായി ഇറങ്ങാന്‍ തയ്യാറാണെന്ന് ശ്രീ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശ്രീശാന്തിനെ ബിജെപി അംഗമാക്കുന്നതിലൂടെ യുവാക്കളില്‍ കൂടുതല്‍ ആവേശം വിതയ്ക്കാമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.


